14 July 2022 1:19 PM IST
Summary
തുടർച്ചയായ നാലാം ദിവസവും വിപണി നഷ്ടത്തിൽ അവസാനിച്ചു. ആഗോള ഓഹരികളിലെ ഇടിവും, രൂപയുടെ മൂല്യത്തകർച്ചയും മൂലം നിക്ഷേപകർ ഉയർന്ന നിലയിൽ ലാഭമെടുപ്പ് നടത്തിയത് വിപണിയെ ദുർബലമാക്കി. യുഎസ് പണപ്പെരുപ്പത്തിലുണ്ടായ വർദ്ധനവ്, ജൂലൈയിലെ ഫെഡറൽ റിസർവ് മീറ്റിംഗിൽ പണനയം കൂടുതൽ കർശനമാക്കാനുള്ള സാധ്യത വർധിപ്പിച്ചതിനാൽ ആഗോള വിപണികൾ സമ്മർദ്ദത്തിലായി. ഇത്തവണ അടിസ്ഥാന നിരക്കിൽ 100 ബേസിസ് പോയിന്റ് വർധനയാണ് വിദഗ്ധർ പ്രതീക്ഷിക്കുന്നത്. 75 ബേസിസ് പോയിന്റാണ് നേരത്തെ പ്രതീക്ഷിച്ചിരുന്നത്. വ്യാപാരത്തിന്റെ പ്രാരംഭ ഘട്ടത്തിൽ നേട്ടത്തിൽ ആരംഭിച്ചെങ്കിലും, ഐടി ഓഹരികളിലുണ്ടായ […]
തുടർച്ചയായ നാലാം ദിവസവും വിപണി നഷ്ടത്തിൽ അവസാനിച്ചു. ആഗോള ഓഹരികളിലെ ഇടിവും, രൂപയുടെ മൂല്യത്തകർച്ചയും മൂലം നിക്ഷേപകർ ഉയർന്ന നിലയിൽ ലാഭമെടുപ്പ് നടത്തിയത് വിപണിയെ ദുർബലമാക്കി. യുഎസ് പണപ്പെരുപ്പത്തിലുണ്ടായ വർദ്ധനവ്, ജൂലൈയിലെ ഫെഡറൽ റിസർവ് മീറ്റിംഗിൽ പണനയം കൂടുതൽ കർശനമാക്കാനുള്ള സാധ്യത വർധിപ്പിച്ചതിനാൽ ആഗോള വിപണികൾ സമ്മർദ്ദത്തിലായി. ഇത്തവണ അടിസ്ഥാന നിരക്കിൽ 100 ബേസിസ് പോയിന്റ് വർധനയാണ് വിദഗ്ധർ പ്രതീക്ഷിക്കുന്നത്. 75 ബേസിസ് പോയിന്റാണ് നേരത്തെ പ്രതീക്ഷിച്ചിരുന്നത്.
വ്യാപാരത്തിന്റെ പ്രാരംഭ ഘട്ടത്തിൽ നേട്ടത്തിൽ ആരംഭിച്ചെങ്കിലും, ഐടി ഓഹരികളിലുണ്ടായ വൻ വിറ്റഴിക്കൽ മൂലം നേട്ടം തുടരാൻ കഴിഞ്ഞില്ല. സെൻസെക്സ് 98 പോയിന്റ് (0.18 ശതമാനം) താഴ്ന്ന് 53,416.15 ൽ അവസാനിച്ചപ്പോൾ, നിഫ്റ്റി 28 പോയിന്റ് (0.18 ശതമാനം) താഴ്ന്ന് 15,938.65 ലും വ്യാപാരം അവസാനിപ്പിച്ചു.
ആഗോള സമ്പദ് വ്യവസ്ഥയിലുണ്ടാകുന്ന മാന്ദ്യം, കമ്പനികളുടെ വരുമാനത്തെ സാരമായി ബാധിക്കും എന്ന നിക്ഷേപകരുടെ ഭയത്താൽ മുൻനിര ഐടി ഓഹരികളെല്ലാം വില്പന സമ്മർദ്ദത്തിലായി. ഇന്ന് എച്ച്സിഎൽ 1.53 ശതമാനവും, ടെക് മഹിന്ദ്ര 1.44 ശതമാനവും, ടിസിഎസ് 1.31 ശതമാനവും, വിപ്രോ 1.30 ശതമാനവും, ഇൻഫോസിസ് 1.10 ശതമാനവും നഷ്ടത്തിലായി.
ബാങ്കിങ് മേഖലയിലെ ഓഹരികളും ലാഭമെടുപ്പിനെ തുടർന്ന് നഷ്ടത്തിലായിരുന്നു. ആക്സിസ് ബാങ്ക്, എസ്ബിഐ എന്നിവ യഥാക്രമം 1.74 ശതമാനവും, 1.48 ശതമാനവും ഇടിഞ്ഞപ്പോൾ, ബജാജ് ഫിൻസേർവ്, ബജാജ് ഫിനാൻസ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
"ഉയർന്ന പണപ്പെരുപ്പത്തെ ചെറുക്കാൻ ഫെഡ് ഈ മാസവും കുറഞ്ഞത് 75 ബേസിസ് പോയിന്റ് നിരക്ക് ഉയർത്തുമെന്നാണ് നിക്ഷേപകർ കണക്കാക്കുന്നത്. ആഭ്യന്തര വിപണിയിൽ, മൊത്തവില സൂചിക (ഡബ്ല്യൂപിഐ) പണപ്പെരുപ്പം ഉയർന്നു തന്നെയാണെങ്കിലും ജൂണിൽ അല്പം കുറഞ്ഞിട്ടുണ്ട്. ഈ വർഷം കൂടുതൽ ഇളവുണ്ടായേക്കാം എന്നാണ് പ്രതീക്ഷിക്കുന്നത്," ജിയോജിത്ത് ഫിനാഷ്യൽ സർവ്വീസസ് റിസേർച്ച് ഹെഡ് വിനോദ് നായർ പറഞ്ഞു.
വിപണിയിൽ ഇന്നു വ്യാപാരത്തിനെത്തിയ ഓഹരികളിൽ 1,940 എണ്ണം നഷ്ടത്തിലായപ്പോൾ, 1,382 എണ്ണം ലാഭത്തിലായി.