16 Aug 2022 5:32 AM IST
Summary
മുംബൈ: ഉറച്ച ചുവടോടെ ആരംഭിച്ച ചൊവ്വാഴ്ച്ചത്തെ ആദ്യഘട്ട വ്യാപാരം 395 പോയിന്റ് ഉയര്‍ന്നു. എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി എന്നിവയുടെ ഓഹരികളിലെ ഡിമാന്‍ഡ്, വിദേശ നിക്ഷേപത്തിന്റെ വര്‍ധനവ്, ക്രൂഡ് ഓയില്‍ വിലയിലെ ഇടിവ് എന്നിവയാണ് മുന്നേറ്റത്തിന് ആക്കം കൂട്ടിയത്. രാവിലെ 11 മണിക്ക് ബിഎസ്ഇ സൂചിക 434.29 പോയിന്റ് ഉയര്‍ന്ന് 59,881.78 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. എന്‍എസ്ഇ നിഫ്റ്റി 126.10 പോയിന്റ് ഉയര്‍ന്ന് 17,826.55 ല്‍ എത്തി. ഏഷ്യന്‍ പെയിന്റ്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, നെസ്ലെ ഇന്ത്യ, […]
മുംബൈ: ഉറച്ച ചുവടോടെ ആരംഭിച്ച ചൊവ്വാഴ്ച്ചത്തെ ആദ്യഘട്ട വ്യാപാരം 395 പോയിന്റ് ഉയര്‍ന്നു. എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി എന്നിവയുടെ ഓഹരികളിലെ ഡിമാന്‍ഡ്, വിദേശ നിക്ഷേപത്തിന്റെ വര്‍ധനവ്, ക്രൂഡ് ഓയില്‍ വിലയിലെ ഇടിവ് എന്നിവയാണ് മുന്നേറ്റത്തിന് ആക്കം കൂട്ടിയത്.
രാവിലെ 11 മണിക്ക് ബിഎസ്ഇ സൂചിക 434.29 പോയിന്റ് ഉയര്‍ന്ന് 59,881.78 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. എന്‍എസ്ഇ നിഫ്റ്റി 126.10 പോയിന്റ് ഉയര്‍ന്ന് 17,826.55 ല്‍ എത്തി.
ഏഷ്യന്‍ പെയിന്റ്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, നെസ്ലെ ഇന്ത്യ, ആക്സിസ് ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ് മുന്നേറുന്നത്. അതേസമയം ഭാരതി എയര്‍ടെലും ടാറ്റാ സ്റ്റീലും ആദ്യവ്യാപാരത്തില്‍ പിന്നിലാണ്.
ഏഷ്യന്‍ വിപണിയില്‍ സിയോളും, ഷാങ്ഹായും ഉയര്‍ന്ന് വ്യാപാരത്തിലാണ് മുന്നോറുന്നത്. തിങ്കളാഴ്ച്ച അമേരിക്കന്‍ വിപണികള്‍ നേട്ടത്തിലാണ് അവസാനിച്ചത്.
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് തിങ്കളാഴ്ച്ച ഓഹരി വിപണികള്‍ക്ക് അവധിയായിരുന്നു.
ബിഎസ്ഇ സൂചിക വെള്ളിയാഴ്ച 130.18 പോയിന്റ് അഥവാ 0.22 ശതമാനം ഉയര്‍ന്ന് 59,462.78 ല്‍ അവസാനിച്ചു. നിഫ്റ്റി 39.15 പോയിന്റ് അഥവാ 0.22 ശതമാനം ഉയര്‍ന്ന് 17,698.15 ലെത്തി.
ബ്രെന്റ് ക്രൂഡ് 1.31 ശതമാനം താഴ്ന്ന് ബാരലിന് 94.25 ഡോളറിലെത്തി. വെള്ളിയാഴ്ച 3,040.46 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിയതിനാല്‍ വിദേശ നിക്ഷേപകര്‍ (എഫ്ഐഐ) ഇന്ത്യന്‍ മൂലധന വിപണിയില്‍ അറ്റ വാങ്ങലുകാരായി.
ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ പറയുന്നു: "ചൈന അപ്രതീക്ഷിതമായി പോളിസി നിരക്ക് കുറച്ചത് അവര്‍ നേരിടുന്ന വളര്‍ച്ചാ മാന്ദ്യത്തിന്റെ പ്രതിഫലനമാണ്. കോവിഡ് നിയന്ത്രണങ്ങളും, പ്രോപ്പര്‍ട്ടി മേഖലയില്‍ നിലനില്‍ക്കുന്ന കടുത്ത പ്രതിസന്ധികളുമാണ് ഈ നിലപാട് സ്വീകരിക്കാന്‍ അവരെ പ്രേരിപ്പിച്ചത്. മറ്റ് ബ്രിക്‌സ് രാജ്യങ്ങളായ ബ്രസീലും, ദക്ഷിണാഫ്രിക്കയും പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്. റഷ്യന്‍ സമ്പദ് വ്യവസ്ഥ ഒന്‍പത് ശതമാനം ചുരുങ്ങിയേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിനിടയില്‍ ഇന്ത്യ മാത്രമാണ് ഈ സാമ്പത്തിക വര്‍ഷം 7.2 ശതമാനം വളര്‍ച്ച മുന്നോട്ട് വയ്ക്കുന്നത്. ഉപഭോക്തൃ പണപ്പെരുപ്പത്തിലുണ്ടായ കുറവും, ബ്രെന്റ് ക്രൂഡ് 94 ഡോളറിന് താഴേയ്ക്ക് പോയതും, വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ തുടര്‍ച്ചയായ ഓഹരി വാങ്ങലും വിപണിയ്ക്ക് ഊര്‍ജ്ജം നല്‍കുന്നുണ്ട്. എന്നാല്‍ ഓഹരികളുടെ ഉയര്‍ന്ന വില ഉത്കണ്ഠയുണ്ടാക്കുന്നുണ്ട്. കരുതലോടെ മാത്രമേ നിക്ഷേപകര്‍ വിപണിയിലെ മുന്നേറ്റത്തെ പിന്തുടരാവൂ."