27 Jun 2023 4:43 PM IST
Summary
- ബാങ്കിംഗ്, ധനകാര്യ ഓഹരികളില്‍ മുന്നേറ്റം
- ഏഷ്യന്‍ വിപണികളില്‍ സമ്മിശ്ര പ്രകടനം
- സെന്‍സെക്സ് നേട്ടത്തിലെത്തുന്നത് 3 ദിവസത്തെ ഇടിവിന് ശേഷം
ആഗോള വിപണിയിലെ സമ്മിശ്ര പ്രവണതയ്‌ക്കിടയിൽ രാജ്യത്തെ ഓഹരി വിപണി സൂചികകള്‍ ഇന്ന് നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ബാങ്കിംഗ്, ധനകാര്യ മേഖലകളിലെ ഓഹരികള്‍ പൊതുവിലും എച്ച്‌ഡിഎഫ്‌സി ഇരട്ടകൾ പ്രത്യേകിച്ചും മികച്ച പ്രകടനം കാഴ്ചവെച്ചത് വിപണിയുടെ മുന്നേറ്റത്തില്‍ പ്രധാന ഘടകമായി. തുടര്‍ച്ചയായ മൂന്ന് സെഷനുകളിലെ ഇടിവിന് ശേഷമാണ് സെന്‍സെക്സ് നേട്ടത്തിലേക്ക് എത്തിയിരിക്കുന്നത്.
30-ഷെയർ ബിഎസ്ഇ സെൻസെക്‌സ് 446.03 പോയിന്റ് അഥവാ 0.71 ശതമാനം ഉയർന്ന് 63,416.03 പോയിന്റിൽ എത്തി. പകൽ സമയത്ത് ഇത് 497.54 പോയിന്റ് അഥവാ 0.79 ശതമാനം ഉയർന്ന് 63,467.54 പോയിന്റിലെത്തിയിരുന്നു. എൻഎസ്ഇ നിഫ്റ്റി 126.20 പോയിന്റ് അഥവാ 0.68 ശതമാനം ഉയർന്ന് 18,817.40 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ചു.
സെൻസെക്‌സ് പാക്കിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്‌ഡിഎഫ്‌സി, ആക്‌സിസ് ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഭാരതി എയർടെൽ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, എൻടിപിസി, ബജാജ് ഫിൻസെർവ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മാരുതി, ഐടിസി, ഹിന്ദുസ്ഥാൻ യുണിലിവർ എന്നിവയാണ് നഷ്ടം രേഖപ്പെടുത്തിയ പ്രധാന ഓഹരികള്‍. ഹൗസിംഗ് ഫിനാൻസ് കമ്പനിയായ എച്ച്‌ഡിഎഫ്‌സിയും എച്ച്‌ഡിഎഫ്‌സി ബാങ്കുമായുള്ള ലയനം ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് എച്ച്‌ഡിഎഫ്‌സി ചെയർമാൻ ദീപക് പരേഖ് വ്യക്തമാക്കിയത് ഇരു കമ്പനികളുടെയും ഓഹരികളിലെ മുന്നേറ്റത്തിന് ഇടയാക്കി.
ഏഷ്യൻ വിപണികളിൽ ഷാങ്ഹായിയും ഹോങ്കോങ്ങും നേട്ടം രേഖപ്പെടുത്തിയപ്പോള്‍ സിയോളും ടോക്കിയോയും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്പിലെ ഇക്വിറ്റി വിപണികൾ സമ്മിശ്രമായ തലത്തിലാണ് വ്യാപാരം നടത്തുന്നത്. തിങ്കളാഴ്ച യുഎസ് വിപണികൾ നെഗറ്റീവ് തലത്തിലാണ് ക്ലോസ് ചെയ്തിരുന്നത്. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 1.12 ശതമാനം ഇടിഞ്ഞ് ബാരലിന് 73.35 ഡോളറിലെത്തി.
വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) തിങ്കളാഴ്ച 409.43 കോടി രൂപയുടെ ഇക്വിറ്റി വിറ്റഴിച്ചതായാണ് എക്സ്ചേഞ്ച് ഡാറ്റ നല്‍കുന്ന വിവരം. തിങ്കളാഴ്ചത്തെ ബിഎസ്ഇ ബെഞ്ച്മാർക്ക് 9.37 പോയിന്റ് അല്ലെങ്കിൽ 0.01 ശതമാനം ഇടിഞ്ഞ് 62,970 പോയിന്റിൽ എത്തിയിരുന്നു. നിഫ്റ്റി 25.70 പോയിന്റ് അഥവാ 0.14 ശതമാനം ഉയർന്ന് 18,691.20 പോയിന്റിലാണ് തിങ്കളാഴ്ച വ്യാപാരം അവസാനിപ്പിച്ചിരുന്നത്.