image

14 July 2023 4:09 PM IST

Stock Market Updates

ആദ്യമായി 66000ന് മുകളില്‍ ക്ലോസ് ചെയ്ത് സെന്‍സെക്സ്; നിക്ഷേപകര്‍ക്ക് 3 ലക്ഷം കോടി നേട്ടം

MyFin Desk

sensex closes above 66000 for the first time nifty also at record high
X

Summary

  • ഐടി കൗണ്ടറുകളില്‍ കനത്ത വാങ്ങല്‍
  • ജൂലൈ കഴിഞ്ഞാല്‍ ഫെഡ് റിസര്‍വ് പലിശ കൂട്ടിയേക്കില്ലെന്ന് പ്രതീക്ഷ
  • ഇരുവിപണികളും പുതിയ സര്‍വ കാല ഉയരം കുറിച്ചു


ചരിത്രത്തിലാദ്യമായി ബോംബേ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് 66,000 പോയിന്‍റിനു മുകളിലെ നിലയില്‍ വ്യാപാരം അവസാനിപ്പിച്ചു. ഇൻഫോസിസ്, ടിസിഎസ് തുടങ്ങിയ ഐടി പ്രമുഖരുടെ ഓഹരികളിലെ ശക്തമായ വാങ്ങലുകളുടെ പശ്ചാത്തലത്തിലാണ് സെന്‍സെക്സും നിഫ്റ്റിയും പുതിയ റെക്കോർഡ് ക്ലോസിംഗുകള്‍ കുറിച്ചത്. ജൂലൈ മാസത്തിനു ശേഷം യുഎസ് ഫെഡറൽ റിസർവ് നിരക്ക് വർദ്ധന താൽക്കാലികമായി നിർത്തിയേക്കുമെന്ന പ്രതീക്ഷകൾ ആഗോള തലത്തില്‍ ഉയര്‍ന്നുവന്നതും ആഭ്യന്തര വിപണി നിക്ഷേപകരുടെ വികാരം ഉയര്‍ത്തി

സെൻസെക്‌സ് 502 പോയിന്റ് അഥവാ 0.77 ശതമാനം ഉയർന്ന് 66,060.90ൽ ക്ലോസ് ചെയ്തു. ഇൻട്രാഡേ വ്യാപാരത്തില്‍ സൂചിക 601 പോയിന്റ് ഉയർന്ന് 66,159.79 എന്ന സര്‍വകാല റെക്കോർഡിലെത്തി. നിഫ്റ്റി 50 151 പോയിൻറ് അഥവാ 0.78 ശതമാനം ഉയർന്ന് 19,564.50 എന്ന റെക്കോർഡ് ക്ലോസിംഗിൽ എത്തി. ഇൻട്രാഡേ വ്യാപാരത്തില്‍ 19,595.35 എന്ന എക്കാലത്തെയും ഉയർന്ന നിലയിലേക്ക് സൂചിക എത്തി.

ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള സ്ഥാപനങ്ങളുടെ മൊത്തത്തിലുള്ള വിപണി മൂലധനം മുൻ സെഷനിലെ 295.8 ലക്ഷം കോടി രൂപയിൽ നിന്ന് 298.6 ലക്ഷം കോടി രൂപയായി ഉയർന്നു. അതായത് ഒറ്റ സെഷനിൽ നിക്ഷേപകരുടെ മൊത്തം നേട്ടം 2.8 ലക്ഷം കോടി രൂപ .

സെൻസെക്‌സ് പാക്കിൽ ടാറ്റ കൺസൾട്ടൻസി സർവീസസ് 5 ശതമാനവും ടെക് മഹീന്ദ്ര 4.51 ശതമാനവും ഉയർന്നു. ഇൻഫോസിസ്, എച്ച്‌സിഎൽ ടെക്‌നോളജീസ്, വിപ്രോ, ടാറ്റ സ്റ്റീൽ, നെസ്‌ലെ, ഏഷ്യൻ പെയിന്റ്‌സ്, ലാർസൻ ആൻഡ് ടൂബ്രോ, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മറുവശത്ത്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, പവർ ഗ്രിഡ്, ടൈറ്റൻ, മാരുതി, അൾട്രാടെക് സിമന്റ്, എൻ‌ടി‌പി‌സി, ആക്‌സിസ് ബാങ്ക് എന്നിവ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

ഏഷ്യൻ വിപണികളിൽ, സിയോൾ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നേട്ടത്തില്‍ അവസാനിച്ചപ്പോൾ ടോക്കിയോ താഴ്ന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്പിലെ ഇക്വിറ്റി വിപണികൾ കൂടുതലും നേട്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്. വ്യാഴാഴ്ച യുഎസ് വിപണികൾ പോസിറ്റീവിലാണ് അവസാനിച്ചത്. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.09 ശതമാനം ഇടിഞ്ഞ് ബാരലിന് 81.29 ഡോളറിലെത്തി.

ഭക്ഷണം, ഇന്ധനം, മാനുഫാക്ചറിംഗ് ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വില ലഘൂകരിച്ചതിനാൽ രാജ്യത്തിലെ മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് ജൂണിൽ (-) 4.12 ശതമാനമായി കുറഞ്ഞതും നിക്ഷേപകരെ സ്വാധീനിച്ചു.

"യുഎസിലെ പണപ്പെരുപ്പം മയപ്പെട്ടതിനാല്‍ , 25-ബി‌പി‌എസ് നിരക്ക് വർദ്ധന കൂടി മാത്രമേ ഫെഡ് റിസര്‍വിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകൂവെന്ന ശുഭാപ്തി വിശ്വാസം നിക്ഷേപകർക്കിടയിൽ ശക്തമായി.ഇതാണ് ആദ്യപാദ ഫലങ്ങള്‍ അത്ര മികച്ചതല്ലാതിരുന്നിട്ടും ഇന്ത്യൻ ഐടി ഓഹരികളിലെ ശക്തമായ വാങ്ങലിന് കാരണമായി. കൂടാതെ, എഫ്‌ഐഐകളുടെ നല്ല പങ്കാളിത്തമാണ് വിപണിയില്‍ പ്രകടമായത്. തുടർച്ചയായ മൂന്നാം മാസത്തിലും മൊത്തവില പണപ്പെരുപ്പത്തില്‍ ഉണ്ടായ ഇടിവും ആഭ്യന്തര വിപണിയിലെ വിശാലമായ റാലിക്ക് പിന്തുണയേകി," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ റിസർച്ച് മേധാവി വിനോദ് നായർ പറഞ്ഞു.

എക്‌സ്‌ചേഞ്ച് ഡാറ്റ പ്രകാരം ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നലെ വിദേശ സ്ഥാപന നിക്ഷേപകർ വാങ്ങലിലേക്ക് തിരികെയെത്തി. 2,237.93 കോടി രൂപയുടെ ഇക്വിറ്റികളാണ് എഫ്‌ഐഐകൾ വ്യാഴാഴ്ച വാങ്ങിയത്. ബിഎസ്ഇ ബെഞ്ച്മാർക്ക് 164.99 പോയിന്റ് അഥവാ 0.25 ശതമാനം ഉയർന്ന് 65,558.89 എന്ന നിലയിലാണ് വ്യാഴാഴ്ച അവസാനിച്ചത്. നിഫ്റ്റി 29.45 പോയിന്റ് അഥവാ 0.15 ശതമാനം ഉയർന്ന് 19,413.75ല്‍‌ ആയിരുന്നു ക്ലോസ് ചെയ്തത്.