25 Jun 2023 2:35 PM IST
Summary
- ഡെറ്റ് വിപണിയിലെ നിക്ഷേപം 3,051 കോടി രൂപ
- ഫണ്ടുകളുടെ ഒഴുക്ക് ഇനി അസ്ഥിരപ്പെടാമെന്ന് വിശകലന വിദഗ്‍ധര്‍
- ഈ വര്‍ഷം ഇതുവരെ ഇക്വിറ്റികളില്‍ 59,900 കോടി രൂപയുടെ അറ്റ നിക്ഷേപം
വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്‌പിഐ) ജൂണിൽ ഇതുവരെ ഇന്ത്യൻ ഇക്വിറ്റികളിൽ നടത്തിയ നിക്ഷേപം 30,600 കോടി രൂപയ്ക്ക് മുകളിലെത്തി. രാജ്യത്തിന്‍റെ സ്ഥിരതയാര്‍ന്ന ബൃഹത് സാമ്പത്തിക ഘടകങ്ങളിലും ഉറച്ച കോർപ്പറേറ്റ് വരുമാന വീക്ഷണത്തിലും എഫ്‍പിഐകള്‍ക്കുള്ള ആത്മവിശ്വാസം തുടരുകയാണ്. കണക്കുകൾ പ്രകാരം ജൂൺ 1-23 കാലയളവിൽ എഫ്‍പിഐകൾ ഇന്ത്യൻ ഓഹരികളിൽ 30,664 കോടി രൂപ നിക്ഷേപിച്ചു.
മേയ് മാസത്തിൽ ഒമ്പത് മാസത്തെ ഏറ്റവും ഉയർന്ന നിക്ഷേപമായ 43,838 കോടി രൂപയും ഏപ്രിലിൽ 11,631 കോടി രൂപയും മാർച്ചിൽ 7,936 കോടി രൂപയും എഫ്‍പിഐ-കള്‍ ഇക്വിറ്റികളില്‍ നിക്ഷേപിച്ചിരുന്നു. അതിനുമുമ്പ്, ജനുവരി-ഫെബ്രുവരി കാലയളവിൽ എഫ്‍പിഐ-കള്‍ 34,000 കോടി രൂപ പിൻവലിച്ചിരുന്നു.
"മുന്നോട്ട് പോകുമ്പോൾ, ഫണ്ടുകളുടെ ഒഴുക്ക് അസ്ഥിരമായി മാറിയേക്കാം, പ്രത്യേകിച്ചും പണപ്പെരുപ്പം തങ്ങളുടെ ലക്ഷ്യത്തിലേക്ക് എത്തിക്കാന്‍ കൂടുതൽ പലിശ നിരക്ക് വർദ്ധന ആവശ്യമായി വന്നേക്കാം എന്ന നിലപാട് യുഎസ് ഫെഡ് ആവർത്തിച്ചതിന് ശേഷം, മന്ദഗതിയിലാണെങ്കിലും ഈ ചാഞ്ചാട്ടം കാണാനായേക്കും," കൊട്ടക് ഇക്വിറ്റി റിസർച്ച് (റീട്ടെയിൽ) മേധാവി ശ്രീകാന്ത് ചൗഹാൻ. സെക്യൂരിറ്റീസ്, പറഞ്ഞു.
ഇക്വിറ്റികൾക്ക് പുറമെ, ഇന്ത്യൻ ഡെറ്റ് സെക്യൂരിറ്റികൾ വാഗ്‍ദാനം ചെയ്യുന്ന ആകർഷകമായ വരുമാനം കാരണം അവലോകന കാലയളവിൽ എഫ്‌പിഐകൾ ഡെറ്റ് മാർക്കറ്റിൽ 3,051 കോടി രൂപ നിക്ഷേപിച്ചു. 2023-ൽ ഇതുവരെ, വിദേശ നിക്ഷേപകർ ഇന്ത്യൻ ഇക്വിറ്റികളിൽ 59,900 കോടി രൂപയും ഡെറ്റ് മാർക്കറ്റുകളിൽ 4,500 കോടി രൂപയും നിക്ഷേപിച്ചിട്ടുണ്ട്.
ചൈനയുടെ സാമ്പത്തിക വീണ്ടെടുപ്പിനെക്കുറിച്ചുള്ള ആശങ്കയാണ് ഇന്ത്യയിലേക്കുള്ള നിക്ഷേപ ഒഴുക്കിനെ സഹായിച്ച മറ്റൊരു ഘടകം. യുഎസിലും യുകെയിലും അനിശ്ചിതത്വത്തിന്‍റെ അന്തരീക്ഷം നിലനിൽക്കുന്നുണ്ടെന്നും വിശകലന വിദഗ്‍ധര്‍ ചൂണ്ടിക്കാണിക്കുന്നു.