image

21 Jun 2023 4:37 PM IST

Stock Market Updates

പുതിയ ഉയരം കുറിച്ച് സെന്‍സെക്സ്

MyFin Desk

sensex and nifty new height
X

Summary

  • എച്ച്ഡിഎഫ്‍സി ഇരട്ടകളിലും റിലയന്‍സിലും വലിയ മുന്നേറ്റം
  • യൂറോപ്യന്‍ വിപണികളിലെ ഉയര്‍ച്ച നിക്ഷേപകരെ സ്വാധീനിച്ചു
  • ബ്രെന്റ് ക്രൂഡ് 0.03 ശതമാനം ഉയർന്ന് ബാരലിന് 75.98 ഡോളറില്‍


രാജ്യത്തെ ഓഹരി വിപണി സൂചികകളായ സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് മികച്ച നേട്ടത്തില്‍. എച്ച്ഡിഎഫ്‍സി ഇരട്ടകളിലും റിലയന്‍സിലും അനുഭവപ്പെട്ട ശക്തമായ വാങ്ങലാണ് വിപണിയെ നയിച്ച പ്രധാന ഘടകം. യൂറോപ്യൻ വിപണികളിലെ പോസിറ്റീവ് പ്രവണതകളും ആഭ്യന്തര ഓഹരി വിപണിയിലെ മുന്നേറ്റത്തിന്‍റെ ആക്കം കൂട്ടി.

30-ഷെയർ ബിഎസ്ഇ സെൻസെക്‌സ് 195.45 പോയിന്റ് അഥവാ 0.31 ശതമാനം ഉയർന്ന് 63,523.15 എന്ന റെക്കോർഡ് ക്ലോസിംഗിൽ എത്തി. പകൽ വ്യാപാരത്തിനിടെ സെന്‍സെക്സ് 260.61 പോയിന്‍റ് അഥവാ 0.41 ശതമാനം ഉയർന്ന് 63,588.31 എന്ന എക്കാലത്തെയും ഇൻട്രാ-ഡേ നിലയില്‍ എത്തി. കഴിഞ്ഞ വർഷം ഡിസംബർ ഒന്നിന് രേഖപ്പെടുത്തിയ 63,583.07 എന്ന ഇൻട്രാ-ഡേ റെക്കോർഡാണ് തിരുത്തപ്പെട്ടത്. എൻഎസ്ഇ നിഫ്റ്റി 40.15 പോയിന്റ് അഥവാ 0.21 ശതമാനം ഉയർന്ന് 18,856.85ലാണ് വ്യാപാരം അവസാനിപ്പിച്ചത്.

സെൻസെക്‌സിൽ പവർ ഗ്രിഡ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, എച്ച്‌ഡിഎഫ്‌സി, ടെക് മഹീന്ദ്ര, ടാറ്റ കൺസൾട്ടൻസി സർവീസസ്, വിപ്രോ, റിലയൻസ് ഇൻഡസ്ട്രീസ്, ലാർസൺ ആൻഡ് ടൂബ്രോ തുടങ്ങിയ ഓഹരികൾ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഐടിസി, ഇൻഡസ്ഇൻഡ് ബാങ്ക്, ആക്‌സിസ് ബാങ്ക്, ബജാജ് ഫിനാൻസ്, മാരുതി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലായിരുന്നു.

ഏഷ്യൻ വിപണികളിൽ ടോക്കിയോ നേട്ടത്തില്‍ അവസാനിച്ചപ്പോൾ സിയോൾ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ താഴ്ന്ന നിലയിലാണ്. യൂറോപ്പിലെ ഇക്വിറ്റി വിപണികൾ കൂടുതലും നേട്ടത്തിലാണ് വ്യാപാരം നടത്തിയത്. യുഎസ് വിപണികൾ ചൊവ്വാഴ്ച നഷ്ടത്തിലാണ് അവസാനിച്ചത്.

"ആഗോള തലത്തിലെ നിരവധി വെല്ലുവിളികൾക്കിടയിലും സെൻസെക്‌സ് എക്കാലത്തെയും ഉയർന്ന ഉയരത്തിലെത്തുന്നത് കാണുന്നതിൽ സന്തോഷമുണ്ട്. ജൂണ്‍ പാദത്തിന്‍റെ ഫലങ്ങൾ സംബന്ധിച്ച പ്രതീക്ഷകള്‍ ഫലവത്താകുമോയെന്ന ആകാംക്ഷയോടെ ഞങ്ങൾ കാത്തിരിക്കുകയാണ്." മേഹ്‍ത ഇക്വിറ്റീസ് ലിമിറ്റഡ് ചെയർമാൻ രാകേഷ് മേഹ്‍ത പറഞ്ഞു.

"സെൻസെക്‌സ് എക്കാലത്തെയും ഉയർന്ന നിലയിലേക്ക് കുതിക്കുന്നത് ഓഹരി വിപണിയിലെ ആഗോള റാലിയുമായി പൊരുത്തപ്പെടുന്നുണ്ട്. മിക്ക വിപണികളും 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിലയിലാണ്. യുഎസിലെ മാന്ദ്യവും ആഗോള വളർച്ചയിലും കോര്‍പ്പറേറ്റ് വരുമാനത്തിലുമുള്ള അതിന്റെ ആഘാതവും കഴിഞ്ഞ വര്‍ഷം ഓഹരി വിപണിയിലെ തിരുത്തലുകള്‍ക്ക് ഇടയാക്കിയിരുന്നു," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.

ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.03 ശതമാനം ഉയർന്ന് ബാരലിന് 75.98 ഡോളറിലെത്തി. വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐകൾ) ചൊവ്വാഴ്ച 1,942.62 കോടി രൂപയുടെ ഇക്വിറ്റികൾ വില്‍പ്പന നടത്തിയെന്ന് എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു. ഇന്നലെ 30-ഷെയർ ബിഎസ്ഇ ബെഞ്ച്മാർക്ക് 159.40 പോയിന്റ് അഥവാ 0.25 ശതമാനം ഉയർന്ന് 63,327.70 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 61.25 പോയിന്റ് അഥവാ 0.33 ശതമാനം ഉയർന്ന് 18,816.70 ൽ അവസാനിച്ചു.