26 Jun 2023 4:35 PM IST
Summary
- വാഗ്നര്‍ കലാപം ആഗോള വിപണികളെ ബാധിച്ചു
- റഷ്യന്‍ പ്രതിസന്ധി എണ്ണ വില സംബന്ധിച്ച ആശങ്കയ്ക്ക് ഇടയാക്കി
- സെന്‍സെക്സിലെ ഇടിവ് തുടര്‍ച്ചയായ മൂന്നാം ദീവസം
ആഗോള വിപണിയിലെ ദുർബലമായ പ്രവണതകളുടെ പശ്ചാത്തലത്തില്‍ ആഭ്യന്തര ഓഹരി വിപണി സൂചികകളായ സെന്‍സെക്സും നിഫ്റ്റിയും ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ സമ്മിശ്രമായ തലത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. വിപണിയിലെ പ്രമുഖരായ റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റ കൺസൾട്ടൻസി സർവീസസ് എന്നിവയിലെ വിൽപ്പനയും മൊത്തം പ്രകടനത്തില്‍ പ്രതികൂല ഘടകമായി. 30-ഷെയർ ബിഎസ്ഇ സെൻസെക്‌സ് 9.37 പോയിന്റ് അല്ലെങ്കിൽ 0.01 ശതമാനം ഇടിഞ്ഞ് 62,970 ൽ എത്തി. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സെന്‍സെക്സ് ഇടിവ് രേഖപ്പെടുത്തുന്നത്. പകൽ സമയത്ത്, ഇത് 63,136.09 എന്ന ഉയർന്ന നിലയിലും 62,853.67 എന്ന താഴ്ന്ന നിലയിലും എത്തിയിരുന്നു. എൻഎസ്ഇ നിഫ്റ്റി 25.70 പോയിന്റ് അഥവാ 0.14 ശതമാനം ഉയർന്ന് 18,691.20 ൽ എത്തി.
സെൻസെക്‌സില്‍ ടാറ്റ കൺസൾട്ടൻസി സർവീസസ്, റിലയൻസ് ഇൻഡസ്ട്രീസ്, എൻടിപിസി, ഭാരതി എയർടെൽ, പവർ ഗ്രിഡ്, ലാർസൻ ആൻഡ് ടൂബ്രോ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടെക് മഹീന്ദ്ര, എച്ച്‌ഡിഎഫ്‌സി എന്നിവയാണ് പ്രധാനമായും നഷ്ടം നേരിട്ടത്. മാരുതി, ടാറ്റ മോട്ടോഴ്‌സ്, ടൈറ്റൻ, അൾട്രാടെക് സിമന്റ്, ബജാജ് ഫിൻസെർവ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇൻഡസ്ഇൻഡ് ബാങ്ക് എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്.
ഏഷ്യൻ വിപണികളിൽ, സിയോൾ നേട്ടത്തില്‍ വ്യാപാരം അവസാനിച്ചപ്പോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ ഇടിവ് രേഖപ്പെടുത്തി. യൂറോപ്പിലെ ഇക്വിറ്റി വിപണികളില്‍ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. വെള്ളിയാഴ്ച യുഎസ് വിപണികൾ നെഗറ്റീവ് ടെറിട്ടറിയിലാണ് അവസാനിച്ചത്.
"റഷ്യയിലെ രാഷ്ട്രീയ അസ്ഥിരതയുടെ വെളിച്ചത്തിൽ സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള ആശങ്കകൾ ഉയർന്നുവന്നത് ആഗോള വിപണികളെ ബാധിച്ചു. ഈ അസ്ഥിരാവസ്ഥ എണ്ണ വിലയിൽ വർദ്ധനവിന് കാരണമായി, കാരണം ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദക രാഷ്ട്രങ്ങളിലൊന്നായ റഷ്യയിലെ പ്രതിസന്ധി വിതരണത്തെ ബാധിക്കുമെന്ന് ആശങ്കയുയര്‍ന്നു.. ഫാർമ, ഓട്ടോ മേഖലകൾ പിന്തുണ നൽകിയതിനാൽ ആഭ്യന്തര വിപണിയിൽ പരിമിതമായ തിരിച്ചടിയാണ് അനുഭവപ്പെട്ടത്," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ റിസർച്ച് മേധാവി വിനോദ് നായർ പറഞ്ഞു. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.45 ശതമാനം ഉയർന്ന് ബാരലിന് 74.18 ഡോളറിലെത്തി.
വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐകൾ) വെള്ളിയാഴ്ച 344.81 കോടി രൂപയുടെ ഇക്വിറ്റികൾ ഓഫ്‌ലോഡ് ചെയ്തുവെന്ന് എക്‌സ്‌ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു. വെള്ളിയാഴ്ച സെൻസെക്‌സ് 259.52 പോയിന്റ് അഥവാ 0.41 ശതമാനം ഇടിഞ്ഞ് 62,979.37 പോയിന്റിലും നിഫ്റ്റി 105.75 പോയിന്റ് അഥവാ 0.56 ശതമാനം ഇടിഞ്ഞ് 18,665.50 പോയിന്റിലും വ്യാപാരം അവസാനിപ്പിച്ചു. .