image

14 Jun 2023 4:31 PM IST

Stock Market Updates

മുന്നേറ്റം തുടര്‍ന്ന് സെന്‍സെക്സും നിഫ്റ്റിയും

MyFin Desk

bse and nifty gain today
X

Summary

  • ഇന്ന് വ്യാപാരം തുടങ്ങിയത് നഷ്ടത്തോടെ
  • ശുഭ സൂചനയായി ഡബ്ല്യുപിഐ ഡാറ്റ


തുടർച്ചയായ മൂന്നാം സെഷനിലും ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും പതിയെ കരകയറുകയായിരുന്നു. എങ്കിലും, യുഎസ് ഫെഡ് പലിശ നിരക്ക് തീരുമാനം പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി നിക്ഷേപകർ വിപണിയിൽ ജാഗ്രതയോടെയുള്ള സമീപനം തുടരുകയാണ്.

30-ഷെയർ ബിഎസ്ഇ സെൻസെക്‌സ് 85.35 പോയിന്റ് അഥവാ 0.14 ശതമാനം ഉയർന്ന് 63,228.51ൽ എത്തി. പകൽ വ്യാപാരത്തിനിടെ, ഇത് 63,274.03 എന്ന ഉയർന്ന നിലയിലും 63,013.51 എന്ന താഴ്ന്ന നിലയിലും എത്തിയിരുന്നു. എൻഎസ്ഇ നിഫ്റ്റി 39.75 പോയിന്റ് അഥവാ 0.21 ശതമാനം ഉയർന്ന് 18,755.90ൽ വ്യാപാരം അവസാനിപ്പിച്ചു.

സെൻസെക്‌സില്‍ ഏറ്റവും വലിയ നേട്ടം സ്വന്തമാക്കിയത് ടാറ്റ സ്റ്റീലാണ്, 2.39 ശതമാനം ഉയർന്ന., ടാറ്റ മോട്ടോഴ്‌സ്, പവർ ഗ്രിഡ്, റിലയൻസ് ഇൻഡസ്ട്രീസ്, അൾട്രാടെക് സിമന്റ്, എൻ‌ടി‌പി‌സി, നെസ്‌ലെ, എച്ച്‌യു‌എൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, വിപ്രോ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഏഷ്യൻ പെയിന്‍റ്സ് എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റ് ഓഹരികള്‍. അതേ സമയം ബജാജ് ഫിനാൻസ്, ഇൻഡസ്ഇൻഡ് ബാങ്ക്, ആക്സിസ് ബാങ്ക്, ഭാരതി എയർടെൽ, ബജാജ് ഫിൻസെർവ്, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, ടൈറ്റൻ എന്നിവ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് മെയ് മാസത്തിൽ 3 വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ (-) 3.48 ശതമാനത്തിലേക്ക് എത്തിയിട്ടുണ്ട്. തുടർച്ചയായ രണ്ടാം മാസമാണ് ഡബ്ല്യുപിഐ നെഗറ്റീവ് മേഖലയിലേക്ക് വരുന്നത്. ഇത് പലിശ നിരക്കുകള്‍ സംബന്ധിച്ച് ആര്‍ബിഐക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുമെന്ന പ്രതീക്ഷ നിക്ഷേപകരില്‍ സൃഷ്ടിച്ചിട്ടുണ്ട്. പലിശ നിരക്കുകള് സംബന്ധിച്ച തീരുമാനത്തില് ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തെയാണ് പ്രധാനമായും ആര്‍ബിഐ ആധാരമാക്കുന്നത്..

ഏഷ്യൻ വിപണികളിൽ, സിയോൾ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നഷ്ടത്തിലാണ് അവസാനിച്ചത്, ടോക്കിയോ നേട്ടം തുടര്‍ന്നു. യൂറോപ്പിലെ ഇക്വിറ്റി വിപണികൾ നേട്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്. യുഎസ് വിപണികൾ പോസിറ്റീവ് മേഖലയിലാണ് ചൊവ്വാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.

"തുടക്കത്തിലെ പ്രോഫിറ്റ് ബുക്കിംഗിന് ശേഷം ആഭ്യന്തര സൂചികകൾ തിരിച്ചുവന്നു, ഡബ്ല്യുപിഐ പണപ്പെരുപ്പ ഡാറ്റയും ആഗോള തലത്തിലെ ശുഭ സൂചനകളും ഇതിന് പ്രോല്‍സാഹനമായി. അതേസമയം ഐടി, ബാങ്കിംഗ് സ്റ്റോക്കുകളിലെ വിൽപ്പന നേട്ടം പരിമിതപ്പെടുത്തി. യുഎസ് പണപ്പെരുപ്പത്തിലെ ഇടിവ്, താഴ്ന്ന ഊർജ്ജ വിലകൾ, ഫെഡ് റിസര്‍വ് നിരക്ക് വർദ്ധന ഉണ്ടാകില്ലെന്ന നിഗമനങ്ങള്‍ എന്നിവയെല്ലാം ആഗോള തലത്തില്‍ നിക്ഷേപകര്‍ക്ക് പ്രചോദനമായി," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ റിസർച്ച് മേധാവി വിനോദ് നായർ പറഞ്ഞു.

ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 1.08 ശതമാനം ഉയർന്ന് ബാരലിന് 75.09 ഡോളറിലെത്തി. വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) ചൊവ്വാഴ്ച 1,677.60 കോടി രൂപയുടെ ഓഹരികൾ വാങ്ങിയതായി എക്‌സ്‌ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു.