20 Jun 2023 4:37 PM IST
Summary
- വ്യാപാര സെഷനില്‍ ഏറെ സമയത്തും വിപണി നെഗറ്റിവായിരുന്നു
- പലിശ നിരക്ക് കുറയ്ക്കാനുള്ള ചൈനയുടെ തീരുമാനം നിക്ഷേപകരെ സ്വാധീനിച്ചു
- ബ്രെന്റ് ക്രൂഡ് 1.22 ശതമാനം ഉയർന്ന് ബാരലിന് 77.02 ഡോളറില്‍
ആഭ്യന്തര ഓഹരി വിപണി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്നലത്തെ ഇടിവില്‍ നിന്ന് മുന്നേറി ഇന്ന് നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. 30-ഷെയർ ബിഎസ്ഇ സെൻസെക്‌സ് 159.40 പോയിന്റ് അഥവാ 0.25 ശതമാനം ഉയർന്ന് 63,327.70 എന്ന നിലയിലെത്തി. ഇന്നത്തെ വ്യാപാരത്തില്‍ ഭൂരിഭാഗം സമയത്തും സൂചിക ഇടിവിലായിരുന്നെങ്കിലും ഐടി, പവര്‍ വിഭാഗങ്ങളിലെ ഓഹരികള്‍ക്ക് അവസാന ഘട്ടത്തിലുണ്ടായ ആവശ്യകത നേട്ടത്തിലേക്ക് നയിച്ചു. ഇടവ്യാപാരത്തില്‍ 62,801.91 എന്ന താഴ്ന്ന നിലയിലേക്ക് സെന്‍സെക്സ് എത്തിയിരുന്നു. എൻഎസ്ഇ നിഫ്റ്റി 61.25 പോയിന്റ് അഥവാ 0.33 ശതമാനം ഉയർന്ന് 18,816.70 ൽ അവസാനിച്ചു.
സെൻസെക്‌സില്‍, ടാറ്റ മോട്ടോഴ്‌സ്, എച്ച്‌സിഎൽ ടെക്‌നോളജീസ്, പവർ ഗ്രിഡ്, ടെക് മഹീന്ദ്ര, എൻടിപിസി, ആക്‌സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ലാർസൺ ആൻഡ് ടൂബ്രോ, വിപ്രോ, നെസ്‌ലെ, ടാറ്റ കൺസൾട്ടൻസി സർവീസസ്, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ബജാജ് ഫിനാൻസ്, ബജാജ് ഫിൻസെർവ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, അൾട്രാടെക് സിമന്റ്, ഇൻഡസ്ഇൻഡ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ നഷ്ടം നേരിട്ടു.
ഏഷ്യൻ വിപണികളിൽ, ടോക്കിയോ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സിയോൾ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നഷ്ടത്തില്‍ തുടര്‍ന്നു. യൂറോപ്പിലെ ഇക്വിറ്റി വിപണികൾ മിക്കവാറും ഇടിവിലാണ്. ജൂൺടീന്‍ത് ദിനം പ്രമാണിച്ച് തിങ്കളാഴ്ച യുഎസ് വിപണികൾക്ക് അവധിയായിരുന്നു.
"10 മാസം മാറ്റമില്ലാതെ നിര്‍ത്തിയ പലിശ നിരക്ക് കുറയ്ക്കാനുള്ള തീരുമാനം ചൈനീസ് കേന്ദ്രബാങ്കിന്‍റെ തീരുമാനം വിപണികളെ സ്വാധീനിച്ചു. ദുർബലമായ ആഗോള സൂചനകൾ കാരണം ഇന്ത്യൻ വിപണികളില്‍ ജാഗ്രതയോടെയാണ് വ്യാപാരം ആരംഭിച്ചത്. യുഎസ് ഫെഡ് റിസര്‍വ് നിരക്ക് വർദ്ധിപ്പിക്കുമെന്ന ആശങ്കകളും നിക്ഷേപകരെ സ്വാധീനിക്കുന്നു. എന്നിരുന്നാലും, ഐടി, ഓട്ടോ ഓഹരികളിലെ ഉയർച്ചയുടെ ഫലമായി സൂചികകൾക്ക് മികച്ച രീതിയിൽ വീണ്ടെടുക്കാൻ കഴിഞ്ഞു," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ റിസർച്ച് ഹെഡ് വിനോദ് നായർ പറഞ്ഞു.
ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 1.22 ശതമാനം ഉയർന്ന് ബാരലിന് 77.02 ഡോളറിലെത്തി.
വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐകൾ) തിങ്കളാഴ്ച 1,030.90 കോടി രൂപയുടെ ഇക്വിറ്റികൾ വിറ്റഴിച്ചതായി എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു.
വെള്ളിയാഴ്ച സര്‍വകാല റെക്കോഡ് ഉയരത്തിൽ എത്തിയതിന് ശേഷം, ഇന്നലെ 30-ഷെയർ ബിഎസ്ഇ സൂചിക 216.28 പോയിന്റ് അല്ലെങ്കിൽ 0.34 ശതമാനം ഇടിഞ്ഞ് 63,168.30 ൽ എത്തി. നിഫ്റ്റി 70.55 പോയിന്റ് അഥവാ 0.37 ശതമാനം താഴ്ന്ന് 18,755.45ലായിരുന്നു വ്യാപാരം അവസാനിപ്പിച്ചിരുന്നത്.