13 Jun 2023 4:43 PM IST
Summary
- ഇന്നലെ പുറത്തുവന്ന ഡാറ്റകള്‍ നിക്ഷേപകരെ സ്വാധീനിച്ചു
- ആഗോള വിപണികളിലും ശുഭാപ്തി വിശ്വാസം
- മാനുഫാക്ചറിംഗ്, ഖനന മേഖലകളില്‍ മികച്ച ഉല്‍പ്പാദന വളര്‍ച്ച
ആഗോള വിപണികളില്‍ പൊതുവില്‍ പ്രകടമായ ശുഭാപ്തിവിശ്വാസത്തിനൊപ്പം ആഭ്യന്തര സമ്പദ്‍വ്യവസ്ഥയുടെ പ്രകടനം സംബന്ധിച്ച് ഇന്നലെ പുറത്തുവന്ന മികച്ച ഡാറ്റകളും കൂടിചേര്‍ന്നതോടെ ആഭ്യന്തര ഓഹരി വിപണി സൂചികകളില്‍ കുതിപ്പ്. 418 പോയിന്റ് ഉയർന്ന് സെന്‍സെക്സ് ആറ് മാസത്തിലേ എറ്റവും ഉയർന്ന നിലയിലെത്തിയപ്പോള്‍ നിഫ്റ്റി 18,700ന് മുകളിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
തുടർച്ചയായ രണ്ടാം സെഷനിലാണ് ഓഹരി വിപണി സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിക്കുന്നത്. 30-ഷെയർ ബിഎസ്ഇ സെൻസെക്സ് 418.45 പോയിന്റ് അല്ലെങ്കിൽ 0.67 ശതമാനം ഉയർന്ന് 63,143.16 ൽ എത്തി. പകൽ സമയത്ത് ഇത് 452.76 പോയിന്റ് അഥവാ 0.72 ശതമാനം ഉയർന്ന് 63,177.47 എന്ന നിലയിലെത്തിയിരുന്നു. എൻഎസ്ഇ നിഫ്റ്റി 114.65 പോയിന്റ് അഥവാ 0.62 ശതമാനം ഉയർന്ന് 18,716.15 ൽ അവസാനിച്ചു.
സെൻസെക്‌സില്‍ ഐടിസി, ടൈറ്റൻ, ഏഷ്യൻ പെയിന്റ്‌സ്, റിലയൻസ്, ടാറ്റ സ്റ്റീൽ, ബജാജ് ഫിൻസെർവ്, ആക്‌സിസ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ഇൻഫോസിസ്, ബജാജ് ഫിനാൻസ്, നെസ്‌ലെ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. കൊട്ടക് മഹീന്ദ്ര ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എച്ച്‌സിഎൽ ടെക്‌നോളജീസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഭാരതി എയർടെൽ, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
റീട്ടെയില്‍ പണപ്പെരുപ്പം മെയ് മാസത്തിൽ 25 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 4.25 ശതമാനമായി കുറഞ്ഞുവെന്ന് ഇന്നലെ പുറത്തുവന്ന ഔദ്യോഗിക ഡാറ്റ വ്യക്തമാക്കിയിരുന്നു. ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ആർബിഐയുടെ കംഫർട്ട് സോണിൽ 6 ശതമാനത്തിൽ താഴെ തുടരുന്നത് തുടർച്ചയായ മൂന്നാം മാസമാണ്. ഇന്ത്യയുടെ വ്യാവസായിക ഉൽപ്പാദന വളർച്ച മാർച്ചിലെ 1.7 ശതമാനത്തിൽ നിന്ന് ഏപ്രിലിൽ 4.2 ശതമാനമായി ഉയർന്നുവെന്ന വാര്‍ത്തയും നിക്ഷേപകരെ സ്വാധീനിച്ചു. മാനുഫാക്ചറിംഗ്, ഖനന മേഖലകളില്‍ മികച്ച ഉല്‍പ്പാദന വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്.
ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. യൂറോപ്പിലെ ഇക്വിറ്റി വിപണികൾ കൂടുതലും പോസിറ്റീവായാണ് വ്യാപാരം നടത്തുന്നത്. തിങ്കളാഴ്ച യുഎസ് വിപണികൾ നേട്ടത്തിലായിരുന്നു. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 1.55 ശതമാനം ഉയർന്ന് ബാരലിന് 72.95 ഡോളറിലെത്തി.
വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐകൾ) തിങ്കളാഴ്ച 626.62 കോടി രൂപയുടെ ഇക്വിറ്റികൾ വിറ്റഴിച്ചതായി എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു.