image

12 July 2023 4:39 PM IST

Stock Market Updates

മൂന്നു ദിവസത്തെ റാലി അവസാനിപ്പിച്ച് വിപണികള്‍

MyFin Desk

markets ended the three-day rally
X

Summary

  • നിക്ഷേപകര്‍ ഡാറ്റകള്‍ക്കായി കാക്കുന്നു
  • ഐടി വരുമാനത്തില്‍ ഇടിവുണ്ടാകുമെന്ന് വിലയിരുത്തല്‍
  • ആഗോള വിപണികളില്‍ സമ്മിശ്ര പ്രവണത


മൂന്ന് ദിവസത്തെ നേട്ടത്തിന് ശേഷം ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് നഷ്ടത്തില്‍. ടിസിഎസ്, എച്ച്സിഎൽ ടെക്നോളജീസ് എന്നിവയുടെ ആദ്യ പാദ വരുമാന ഫലങ്ങളും റീട്ടെയില്‍ പണപ്പെരുപ്പം ഉള്‍പ്പടെയുള്ള പ്രധാന സാമ്പത്തിക ഡാറ്റകളും വരുന്നതിന് മുന്നോടിയായി നിക്ഷേപകര്‍ ലാഭമെടുപ്പിലേക്ക് നീങ്ങിയതാണ് ബെഞ്ച്മാർക്ക് ഇക്വിറ്റി സൂചികകളെ താഴേക്ക് വലിച്ച ഒരു പ്രധാന ഘടകം. ഐടി മേഖലയുടെ സാമ്പത്തിക ഫലങ്ങള്‍ പൊതുവേ മികച്ചതായിരിക്കില്ലെന്ന വികാരമാണ് നിക്ഷേപകര്‍ക്കുള്ളത്. പല പ്രമുഖ യുഎസ് കമ്പനികളുടെ തങ്ങളുടെ ഐടി ചെലവിടല്‍ വെട്ടിക്കുറച്ചത് ഏറ്റവുമധികം ബാധിക്കുക ഇന്ത്യന്‍ ഐടി കമ്പനികളെയായിരിക്കും. എങ്കിലും മറ്റു മേഖലകളില്‍ നിന്ന് മികച്ച ആദ്യ പാദ വരുമാന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമെന്നാണ് വിപണി പ്രതീക്ഷിക്കുന്നത്.

30-ഷെയർ ബിഎസ്ഇ സെൻസെക്സ് 223.94 പോയിന്റ് അഥവാ 0.34 ശതമാനം ഇടിഞ്ഞ് 65,393.90ൽ എത്തി. പകൽ സമയത്ത്, ഇത് 65,320.25 എന്ന താഴ്ന്ന നിലയിലും 65,811.64 എന്ന ഉയർന്ന നിലയിലും എത്തിയിരുന്നു. എൻഎസ്ഇ നിഫ്റ്റി 55.10 പോയിന്റ് അഥവാ 0.28 ശതമാനം ഇടിഞ്ഞ് 19,384.30ൽ വ്യാപാരം അവസാനിപ്പിച്ചു. മേയ് മാസത്തെ വ്യാവസായിക ഉൽപ്പാദനം സംബന്ധിച്ച ഡാറ്റയും ജൂൺ മാസത്തെ പണപ്പെരുപ്പ നിരക്കും ഇന്ന് രാത്രിയോടെ പ്രഖ്യാപിക്കും.

സെൻസെക്‌സ് പാക്കിൽ, ഇൻഫോസിസ്, ടാറ്റ മോട്ടോഴ്‌സ്, അൾട്രാടെക് സിമന്റ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, എൻടിപിസി, ഇൻഡസ്ഇൻഡ് ബാങ്ക്, ലാർസൻ ആൻഡ് ടൂബ്രോ, എച്ച്‌സിഎൽ ടെക്‌നോളജീസ്, പവർ ഗ്രിഡ്, മാരുതി, എച്ച്‌ഡിഎഫ്‌സി, ടാറ്റ സ്റ്റീൽ എന്നിവയാണ് നഷ്ടം വരുത്തിയ പ്രമുഖ ഓഹരികള്‍. കൊട്ടക് മഹീന്ദ്ര ബാങ്ക്, ഏഷ്യൻ പെയിന്റ്‌സ്, നെസ്‌ലെ, ടൈറ്റൻ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു.

" ആദ്യ പാദത്തിലെ ഐടി വരുമാനത്തില്‍ കുറവ് രേഖപ്പെടുത്താനുള്ള സാധ്യതയാണ് ഇന്ത്യൻ സൂചികകളിലെ റേഞ്ച് ബൗണ്ട് ചലനത്തെ സ്വാധീനിച്ചത്," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ റിസർച്ച് മേധാവി വിനോദ് നായർ പറഞ്ഞു.

ഇന്നലെ ജിഎസ്‍ടി കൌണ്‍സില്‍ പ്രഖ്യാപിച്ച പുതിയ തീരുമാനങ്ങളും ഇന്ന് ഓഹരി വിപണിയിലെ ചലനങ്ങളില്‍ പ്രതിഫലിച്ചു. ഓണ്‍ലെന്‍ ഗെയ്മിംഗ്, കാസിനോ, കുതിരപ്പന്തയം എന്നിവയ്ക്കുള്ള ചരക്കു സേവന നികുതി 28 ശതമാനമാക്കി ഉയര്‍ത്തിയത് ഈ മേഖലകളിലെ ഓഹരികള്‍ക്ക് കാര്യമായ തിരിച്ചടി നല്‍കിയിട്ടുണ്ട്. നസറ ടെക്നോളജീസ്, ഡെൽറ്റ കോർപ്പറേഷൻ തുടങ്ങിയ ഓൺലൈൻ ഗെയിമിംഗ് ഓഹരികള്‍ വൻ നഷ്ടം നേരിട്ടു. നികുതി നിരക്ക് വര്‍ധന ഗെയ്മിംഗ് മേഖലയെ വലിയ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നാണ് ഈ മേഖലയിലെ പ്രമുഖര്‍ ചൂണ്ടിക്കാണിക്കുന്നത്.

ചൊവ്വാഴ്ച 1,197.38 കോടി രൂപയുടെ ഇക്വിറ്റികൾ വാങ്ങിയ വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) ഇന്ത്യന്‍ വിപണിയിലെ അവരുടെ വാങ്ങല്‍ തുടരുന്നതായി എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു.

ഏഷ്യൻ വിപണികളിൽ സിയോളും ഹോങ്കോങ്ങും പച്ച നിറത്തിലും ടോക്കിയോയും ഷാങ്ഹായും നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്പിലെ ഇക്വിറ്റി വിപണികൾ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ചൊവ്വാഴ്ച യുഎസ് വിപണികൾ പോസിറ്റീവിലാണ് വ്യാപാരം അവസാനിപ്പിച്ചിരുന്നത്.ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.23 ശതമാനം ഉയർന്ന് ബാരലിന് 79.58 ഡോളറിലെത്തി.

ചൊവ്വാഴ്ച ബിഎസ്ഇ ബെഞ്ച്മാർക്ക് 273.67 പോയിന്റ് അഥവാ 0.42 ശതമാനം ഉയർന്ന് 65,617.84 എന്ന നിലയിലെത്തി. നിഫ്റ്റി 83.50 പോയിന്റ് അഥവാ 0.43 ശതമാനം ഉയർന്ന് 19,439.40 ൽ അവസാനിച്ചു.