image

15 Jun 2023 4:54 PM IST

Stock Market Updates

റാലി അവസാനിപ്പിച്ച് വിപണികള്‍; ബാങ്കിംഗ്, ഐടി ഓഹരികളില്‍ കനത്ത വില്‍പ്പന

MyFin Desk

stock markets ended a three-day rally
X

Summary

  • ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത് വിപ്രോ
  • നിക്ഷേപകരുടെ വികാരത്തെ തളര്‍ത്തി ഫെഡ് റിസര്‍വ്
  • ബ്രെന്റ് ക്രൂഡ് 0.97 ശതമാനം ഉയർന്ന് ബാരലിന് 73.91 ഡോളറില്‍


തുടര്‍ച്ചയായ മൂന്ന് സെഷനുകളിലെ നേട്ടത്തിന് ശേഷം ഇന്ന് ആഭ്യന്തര ഓഹരി വിപണികള്‍ വ്യാപാരം അവസാനിപ്പിച്ചത് നഷ്ടത്തില്‍. ബാങ്കിംഗ്, ഐടി, ഫിനാൻസ് ഓഹരികളില്‍ പ്രകടമായ വലിയ വില്‍പ്പന സെൻസെക്സും നിഫ്റ്റിയും വിൽപ്പന സമ്മർദ്ദത്തിലേക്ക് എത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ചു. യുഎസ് ഫെഡ് റിസര്‍വിന്‍റെ പലിശ നിരക്കുകള്‍ സംബന്ധിച്ച നിലപാടാണ് നിക്ഷേപകരുടെ മനോഭാവത്തെ പ്രധാനമായും നെഗറ്റിവായി സ്വാധീനിച്ചത്. വര്‍ഷാന്ത്യത്തോടെ വീണ്ടും പലിശ നിരക്ക് വര്‍ധനയിലേക്ക് നീങ്ങുമെന്നാണ് ഫെഡ് റിസര്‍വ് പ്രഖ്യാപിച്ചിട്ടുള്ളത്. യൂറോപ്യൻ വിപണികളിലെ ദുർബലമായ ഓപ്പണിംഗും രൂപയുടെ മൂല്യത്തകർച്ചയും നിക്ഷേപകരെ സ്വാധീനിച്ചു.

30-ഷെയർ ബിഎസ്ഇ സെൻസെക്സ് 310.88 പോയിന്റ് അല്ലെങ്കിൽ 0.49 ശതമാനം ഇടിഞ്ഞ് 62,917.63 ൽ എത്തി. പകൽ സമയത്ത് ഇത് 357.43 പോയിന്റ് അഥവാ 0.56 ശതമാനം ഇടിഞ്ഞ് 62,871.08 എന്ന നിലയിലെത്തിയിരുന്നു.എൻഎസ്ഇ നിഫ്റ്റി 67.80 പോയിന്റ് അഥവാ 0.36 ശതമാനം ഇടിഞ്ഞ് 18,688.10ൽ വ്യാപാരം അവസാനിപ്പിച്ചു.

സെൻസെക്‌സിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത് വിപ്രോയാണ്, ഏകദേശം 2 ശതമാനം ഇടിവ് ഈ ഓഹരിയിലുണ്ടായി. ഇൻഡസ്ഇൻഡ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഇൻഫോസിസ്, ടാറ്റ കൺസൾട്ടൻസി സർവീസസ്, എച്ച്‌ഡിഎഫ്‌സി, ബജാജ് ഫിൻസെർവ് എന്നിവയെല്ലാം നഷ്ടത്തിലാണ് ക്ലോസ് ചെയതത്. അതേസമയം, നെസ്‌ലെ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഐടിസി, എച്ച്‌സിഎൽ ടെക്‌നോളജീസ്, ഏഷ്യൻ പെയിന്റ്‌സ്, മാരുതി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ എന്നിവ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം സിന്‍ഹായ്, ഹോങ്കോങ് വിപണികള്‍ നേട്ടത്തിലായിരുന്നു. യൂറോപ്പിലെ ഇക്വിറ്റി വിപണികൾ സമ്മിശ്രമായ തലത്തിലാണ് വ്യാപാരം നടത്തുന്നത്. ബുധനാഴ്ച യുഎസ് വിപണികൾ സമ്മിശ്രമായ നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഉയർന്ന പണപ്പെരുപ്പത്തെ ചെറുക്കുന്നതിനായി 10 തവണ തുടർച്ചയായി പലിശ നിരക്ക് ഉയർത്തിയ യുഎസ് ഫെഡറൽ റിസർവ് ഇത്തവണ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തുന്നതിനാണ് നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ ഈ വർഷം രണ്ട് തവണ കൂടി നിരക്കുകൾ ഉയർത്തിയേക്കുമെന്ന സൂചനയും ഫെഡ് റിസര്‍വ് നല്‍കിയിട്ടുണ്ട്.

ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.97 ശതമാനം ഉയർന്ന് ബാരലിന് 73.91 ഡോളറിലെത്തി.

വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐകൾ) ബുധനാഴ്ച 1,714.72 കോടി രൂപയുടെ ഇക്വിറ്റികൾ വാങ്ങിയെന്നാണ് എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നത്.