image

7 Feb 2023 5:45 PM IST

Market

പാം ഓയില്‍ വരവ് കുറയും, ആഭ്യന്തര വിപണി പിടിക്കാനൊരുങ്ങി വെളിച്ചെണ്ണ

Kochi Bureau

commodity market updates
X

Summary

  • അതേ സമയം വില തകര്‍ച്ചയില്‍ നട്ടം തിരിയുന്ന നാളികേര വിപണിയെ സംബന്ധിച്ച് തിരിച്ചു വരവിനുള്ള അവസരമായി മുന്നിലുള്ള രണ്ട് മാസങ്ങള്‍ മാറാം.


റംസാന്‍ നോമ്പ് കാലയളവിലെ വിലക്കയറ്റത്തിന് തടയിടാന്‍ പാം ഓയിലിന്റെ വന്‍ ഉത്പാദകരായ ഇന്തോനേഷ്യ പാം ഓയില്‍ കയറ്റുമതിക്ക് താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നു. ആഭ്യന്തര മാര്‍ക്കറ്റില്‍ വില്‍പ്പന നടത്തുന്ന പാം ഓയിലിന്റെ ആറിരട്ടി കയറ്റുമതിക്കാണ് ഓരോ കമ്പനിക്കും ജക്കാര്‍ത്ത നേരത്തെ അനുമതി നല്‍കിയിരുന്നത്. ഈ സാഹചര്യത്തില്‍ ഇന്ത്യയിലേയ്ക്കുള്ള പാചകയെണ്ണ വരവ് ചുരുങ്ങാനുള്ള സാധ്യത പ്രദേശിക മാര്‍ക്കറ്റുകളില്‍ വിലക്കയറ്റത്തിന് ഇടയാക്കും. അതേ സമയം വില തകര്‍ച്ചയില്‍ നട്ടം തിരിയുന്ന നാളികേര വിപണിയെ സംബന്ധിച്ച് തിരിച്ചു വരവിനുള്ള അവസരമായി മുന്നിലുള്ള രണ്ട് മാസങ്ങള്‍ മാറാം.

പാം ഓയിലിന്റെ താഴ്ന്ന വിലയാണ് വെളിച്ചെണ്ണയുടെ മുന്നേറ്റത്തിന് തടസം ഉളവാക്കിയ മുഖ്യ ഘടകം. സംസ്ഥാന സര്‍ക്കാര്‍ കൊപ്ര സംഭരണത്തിന് കൂടി താല്‍പര്യം കാണിച്ചാല്‍ ശ്രദ്ധേയമായ മുന്നേറ്റം പ്രതീക്ഷിക്കാം.



കടല്‍ കടക്കാനൊരുങ്ങി ഏലം

അറബ് രാജ്യങ്ങള്‍ ഉത്സവകാല ആവശ്യങ്ങള്‍ക്കുള്ള ഏലക്ക സംഭരണത്തിന് രംഗത്തുണ്ട്. വിവിധ കയറ്റുമതിക്കാര്‍ ഏറ്റവും മികച്ചയിനങ്ങള്‍ തിരഞ്ഞടുത്താണ് ഗള്‍ഫ് മേഖലയിലേയ്ക്ക് കയറ്റിവിടുന്നത്. ഉത്പാദന മേഖലകളില്‍ നിന്നും വന്‍തോതില്‍ ഏലക്ക ലേലത്തിന് ഇറങ്ങുന്നത് ആവശ്യക്കാര്‍ക്ക് ആശ്വാസം പകര്‍ന്നു. റംസാന്‍ വരെയുള്ള ഏലക്ക മുന്നില്‍ കണ്ടുള്ള സംഭരണമാണ് പുരോഗമിക്കുന്നത്. മികച്ചയിനങ്ങള്‍ 1653 രൂപയില്‍ ലേലം നടന്നു.

പ്രതീക്ഷയര്‍പ്പിച്ച് ജാതി വിപണി

ആഭ്യന്തര വിദേശ വിപണികളില്‍ നിന്നും ജാതിക്ക, ജാതിപത്രിക്കും ഡിമാന്റ്. മദ്ധ്യകേരളത്തിലെ ചെറുകിട വിപണികളില്‍ ചരക്ക് വരവ് ചുരുങ്ങിയത് വാങ്ങല്‍ താല്‍പര്യം ഉയര്‍ത്തുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകരും ഇടപാടുകാരും. അറബ് രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി ലക്ഷ്യമാക്കിയുള്ള ജാതിക്ക സംഭരണം നടക്കുന്നു. ആഭ്യന്തര ഔഷധ, കറി മസാല നിര്‍മ്മാതാക്കളും ജാതിക്കയില്‍ താല്‍പര്യം കാണിച്ചു.



മുന്നേറ്റം തുടര്‍ന്ന് സ്വര്‍ണം

സ്വര്‍ണ വില വീണ്ടും മുന്നേറി. ആഭരണ വിപണികളില്‍ പവന് 80 രൂപ വര്‍ധിച്ച് 42,200 രൂപയില്‍ വിപണനം നടന്നു. ഗ്രാമിന് വില 5275 രൂപ. രാജ്യാന്തര മാര്‍ക്കറ്റില്‍ ട്രോയ് ഔണ്‍സിന് 1870 ഡോളറായി.