image

25 Jan 2022 12:29 PM IST

Market

എന്‍ സി ഡികളില്‍ നിക്ഷേപിക്കാം, കുറഞ്ഞ റിസ്‌കില്‍

MyFin Desk

എന്‍ സി ഡികളില്‍ നിക്ഷേപിക്കാം, കുറഞ്ഞ റിസ്‌കില്‍
X

Summary

  സുരക്ഷിതവും വിശ്വാസ്യതയേറിയതുമായ ഇടങ്ങളില്‍ നിക്ഷേപങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുന്നവരാണ് നമ്മള്‍. നിക്ഷേപത്തിനൊപ്പം മികച്ച നേട്ടവും നമ്മള്‍ നോക്കാറുണ്ട്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്ഥിര നിക്ഷേപങ്ങള്‍ ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഒരു വര്‍ഷം മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.5 ശതമാനം പലിശ വരെ ബാങ്കുകള്‍ നല്‍കുന്നു. എന്നാല്‍ പ്രതിവര്‍ഷം 5 മുതല്‍ 7 ശതമാനം വരെ ഉയരുന്ന നാണയപ്പെരുപ്പം മൂലം നിക്ഷേപങ്ങളുടെ യഥാര്‍ത്ഥ നേട്ടം ലഭിക്കാതെ വരുന്നു. അഥവാ നേട്ടം ന്യൂനമായി മാറുന്നു. ഇത്തരം […]


സുരക്ഷിതവും വിശ്വാസ്യതയേറിയതുമായ ഇടങ്ങളില്‍ നിക്ഷേപങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുന്നവരാണ് നമ്മള്‍. നിക്ഷേപത്തിനൊപ്പം മികച്ച നേട്ടവും...

 

സുരക്ഷിതവും വിശ്വാസ്യതയേറിയതുമായ ഇടങ്ങളില്‍ നിക്ഷേപങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുന്നവരാണ് നമ്മള്‍. നിക്ഷേപത്തിനൊപ്പം മികച്ച നേട്ടവും നമ്മള്‍ നോക്കാറുണ്ട്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്ഥിര നിക്ഷേപങ്ങള്‍ ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഒരു വര്‍ഷം മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.5 ശതമാനം പലിശ വരെ ബാങ്കുകള്‍ നല്‍കുന്നു. എന്നാല്‍ പ്രതിവര്‍ഷം 5 മുതല്‍ 7 ശതമാനം വരെ ഉയരുന്ന നാണയപ്പെരുപ്പം മൂലം നിക്ഷേപങ്ങളുടെ യഥാര്‍ത്ഥ നേട്ടം ലഭിക്കാതെ വരുന്നു. അഥവാ നേട്ടം ന്യൂനമായി മാറുന്നു.

ഇത്തരം സാഹചര്യത്തില്‍ നിക്ഷേപകര്‍ക്ക് പറ്റിയ ഏറ്റവും നല്ല ഒരു മാര്‍ഗമാണ് നോണ്‍ കണ്‍വേര്‍ട്ടിബിള്‍ ഡിബഞ്ചേഴ്സ് (എന്‍ സി ഡി). ഓഹരികളാക്കി മാറ്റാന്‍ സാധിക്കാത്ത കടപ്പത്രങ്ങളെയാണ് എന്‍ സി ഡികള്‍ എന്നു പറയുന്നത്. പൊതുജനങ്ങളില്‍ നിന്ന് ഫണ്ട് സ്വരൂപിക്കുന്നതിനും നിക്ഷേപകര്‍ക്ക് സ്ഥിരവരുമാനം ഉറപ്പാക്കുന്നതിനുമായി കോര്‍പ്പറേറ്റുകള്‍ എന്‍ സി ഡികള്‍ ഇഷ്യൂ ചെയ്യുന്നു. ഇവ ബോണ്ടുകള്‍ക്ക് സമാനമാണ്, കാരണം നിക്ഷേപകന്റെ പണം ഓഹരി വിപണിയില്‍ നിക്ഷേപിക്കാത്ത കടപ്പത്രങ്ങളാണ്.

എന്‍ സി ഡികള്‍ക്ക് ഒരു നിശ്ചിത കാലാവധിയും പലിശ നിരക്കും ഉണ്ട്. കാരണം എന്‍ സി ഡി ഉടമകളുടെ പ്രധാന വരുമാനം പലിശയിലൂടെയാണ്. എന്നാല്‍ ഇത്തരം നിക്ഷേപങ്ങള്‍ റിസ്‌ക് കൂടിയവയാണ്. കമ്പനികളുടെ വിശ്വാസ്യതയും സുരക്ഷിതത്വവും നോക്കി വേണം എന്‍ സി ഡികളില്‍ നിക്ഷേപിക്കാന്‍. ഉയര്‍ന്ന റേറ്റിംഗ് ഉള്ള കമ്പനികളുടെ ഡിബഞ്ചറുകള്‍ക്ക് വിശ്വാസ്യത കൂടും. റേറ്റിംഗ് കൂടുതലുള്ള കമ്പനികളുടെ നിക്ഷേപങ്ങള്‍ക്ക് റിസ്‌ക് കുറവായിരിക്കും. റിസ്‌ക് കുറയുന്നതിനനുസരിച്ച് പലിശ നിരക്കും കുറയും. എന്നാല്‍ റേറ്റിംഗ് കുറവുള്ള കമ്പനികളുടെ ഡിബഞ്ചറുകള്‍ക്ക് റിസ്‌കും പലിശനിരക്കും കൂടുതലായിരിക്കും.

അറിയേണ്ട കാര്യങ്ങള്‍

പൊതുജനങ്ങളില്‍ നിന്ന് നിക്ഷേപം നടത്തുന്നതിനായാണ് കോര്‍പ്പറേറ്റുകള്‍ എന്‍ സി ഡികള്‍ ഇറക്കുന്നത്. ഇവ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ഇതിന് പണലഭ്യത കുറവായിരിക്കും. എന്‍ സി ഡികള്‍ ചിലപ്പോള്‍ സുരക്ഷിതമായിരിക്കാം, ചിലതിന് സുരക്ഷിതത്വം കുറവുമായിരിക്കാം. പ്രതിമാസം, ത്രൈമാസം, അര്‍ധവാര്‍ഷികം, വാര്‍ഷികം എന്നിങ്ങനെ വിവിധ കാലയളവുകളില്‍ പലിശ ലഭിക്കുന്ന സ്‌കീമുകള്‍ ഉണ്ട്. എന്‍ സി ഡികള്‍ക്ക് ഇഷ്യൂവറുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ നിങ്ങളുടെ ഡീമാറ്റ് അക്കൗണ്ടിലൂടെയോ അപേക്ഷിക്കാം.

എന്‍ സി ഡി നിക്ഷേപങ്ങളുടെ കാലയളവ് ഏകദേശം 12 മാസം മുതല്‍ 10 വര്‍ഷം വരെയാകാം. കുറഞ്ഞ കാലയളവിലെ നിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന പലിശനിരക്ക് ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന പലിശ നിരക്കിനെക്കാള്‍ കുറവായിരിക്കും. എന്‍ സി ഡികള്‍ പ്രതിമാസം, ത്രൈമാസം, അര്‍ധവാര്‍ഷികം, വാര്‍ഷികം എന്നിങ്ങനെ വിവിധ കാലയളവുകളിലായി പലിശ നല്‍കുന്നുണ്ട്. എന്‍ സി ഡികളില്‍ നിക്ഷേപം നടത്തുന്നയാള്‍ക്ക് പലിശവരുമാനം എങ്ങനെയാവണം എന്ന് തിരഞ്ഞെടുക്കാന്‍ സാധിക്കും. പക്ഷേ ഇത് നികുതിയ്ക്ക് വിധേയമായിരിക്കും. കാരണം പലിശവരുമാനം ഒരാളുടെ വരുമാനത്തോടൊപ്പം ചേര്‍ക്കപ്പെടും. പക്ഷേ ഡീമാറ്റ് രൂപത്തില്‍ എന്‍ സി ഡികള്‍ കൈവശം വെച്ചാല്‍ നികുതി ഈടാക്കുന്നതല്ല.

ഉയര്‍ന്ന റേറ്റിംഗ് ഉള്ള കമ്പനികളുടെ എന്‍ സി ഡികള്‍ താരതമ്യേന സുരക്ഷിതമായിരിക്കും. ഇവയ്ക്ക് പലിശനിരക്ക് കുറവായിരിക്കുമെങ്കിലും റിസ്‌കും കുറവായിരിക്കും. എന്നാല്‍ റേറ്റിംഗ് കുറഞ്ഞ കമ്പനികള്‍ ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്യാറുണ്ട്. പക്ഷേ ഇവയ്ക്ക് റിസ്‌ക് വളരെ കൂടുതലായിരിക്കും.

എങ്ങനെ എന്‍ സി ഡികള്‍ വാങ്ങാം

വെബ്സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ പേയ്മെന്റ് നടത്തി എന്‍ സി ഡി കള്‍ക്ക് അപേക്ഷിക്കാം. അല്ലെങ്കില്‍ ഡീമാറ്റ് അക്കൗണ്ട് ഉള്ള ഒരാള്‍ക്ക് ഓണ്‍ലൈനായും അപേക്ഷിക്കാം. കൂടാതെ എന്‍ സി ഡികള്‍ ഇഷ്യൂ ചെയ്യുന്നവരുടെ ഇടനിലക്കാരായ ബ്രോക്കര്‍മാര്‍, രജിസ്ട്രാര്‍മാര്‍ അല്ലെങ്കില്‍ ഏജന്റുകള്‍ വഴി ഓഫ്ലൈനായും അപേക്ഷിക്കാം.