11 Jun 2023 3:04 PM IST
Summary
- ജൂണില്‍ ഇതുവരെ ഡെറ്റ് വിപണിയിലെ എഫ്‍പിഐ 592 കോടി രൂപ
- മേയില്‍ 9 മാസത്തെ ഏറ്റവും ഉയർന്ന എഫ്‍പിഐ നിക്ഷേപം ഇക്വിറ്റികളിലെത്തി
- ധനകാര്യ, ഓട്ടോ മേഖലകളില്‍ ശുഭ പ്രതീക്ഷ
വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്‌പിഐ) ഇന്ത്യന്‍ മൂലധന വിപണികളിലെ തങ്ങളുടെ വാങ്ങൽ കാലം തുടരുകയാണ്. ഈ മാസം ഇതുവരെയുടെ കണക്കുപ്രകാരം ഏകദേശം 9,788 കോടി രൂപയുടെ നിക്ഷേപമാണ് എഫ്‍പിഐകള്‍ ഇന്ത്യൻ ഇക്വിറ്റികളിൽ നടത്തിയിട്ടുള്ളത്. താരതമ്യേന ശക്തമായ സാമ്പത്തിക വളർച്ചയും ഓഹരികളുടെ ആകർഷകമായ മൂല്യനിർണ്ണയവുമാണ് വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നത്.
മേയില്‍ 9 മാസത്തെ ഏറ്റവും ഉയർന്ന എഫ്‍പിഐ നിക്ഷേപമായ, 43,838 കോടി രൂപയുടെ നിക്ഷേപം രേഖപ്പെടുത്തിയിരുന്നു. ഏപ്രിലിൽ 11,631 കോടി രൂപയും മാർച്ചിൽ 7,936 കോടി രൂപയും എഫ്‍പിഐകള്‍ നിക്ഷേപിച്ചിരുന്നു. അതിനുമുമ്പ്, ജനുവരി-ഫെബ്രുവരി കാലയളവിൽ എഫ്പിഐകൾ 34,000 കോടി രൂപ പിൻവലിച്ചിരുന്നു.
കൂടാതെ, ഉടൻ പലിശ നിരക്ക് ഉയർത്തില്ലെന്ന സൂചന റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) നൽകിയതിനാൽ, ജൂണിലെ ശേഷിക്കുന്ന ദിവസങ്ങളിലും എഫ്‌പിഐ നിക്ഷേപത്തിന്‍റെ വരവ് പോസിറ്റിവ് ആയിരിക്കുമെന്ന്ഫി നാൻഷ്യൽ കൺസൾട്ടൻസി ക്രാവിംഗ് ആൽഫയുടെ ഇത് സ്‌മോൾകേസ് മാനേജരും പ്രിന്‍സിപ്പിള്‍ പാര്‍ട്‍ണറുമായ മായങ്ക് മെഹ്‌റ പറഞ്ഞു. എങ്കിലും, ഇന്ത്യൻ വിപണികളുടെ മുന്നേറ്റം തുടരുന്നത് മൂല്യനിർണ്ണയം സംബന്ധിച്ച് ആശയുണ്ടാക്കുന്നുണ്ടെന്നും കർശനമായ നിയന്ത്രണ മാനദണ്ഡങ്ങൾ ഇന്ത്യയിലേക്ക് എത്തുന്ന വിദേശ നിക്ഷേപത്തെ ഒരു പരിധിവരെ തടയുമെന്നും മോണിംഗ്സ്റ്റാർ ഇന്ത്യയുടെ മാനേജർ റിസർച്ച് അസോസിയേറ്റ് ഡയറക്ടർ ഹിമാൻഷു ശ്രീവാസ്തവ നിരീക്ഷിക്കുന്നു.
യുഎസ് വായ്പാ പരിധി സംബന്ധിച്ച കരാര്‍ അന്തിമഘട്ടത്തിലെത്തുന്നത് ഇന്ത്യൻ വിപണികളിലും മൊത്തത്തിലുള്ള നിക്ഷേപക വികാരങ്ങളിലും നല്ല സ്വാധീനം ചെലുത്തിയതായി ശ്രീവാസ്തവ പറഞ്ഞു.കൂടാതെ, വിദേശ നിക്ഷേപകർ കുറച്ചുകാലമായി ഇന്ത്യൻ ഇക്വിറ്റികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, സമാനമായ മറ്റ് വിപണികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യ ഒരു മെച്ചപ്പെട്ട സമ്പദ്‌വ്യവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ധനകാര്യ, ഓട്ടോ മേഖലകളിലെ ഓഹരികള്‍ സംബന്ധിച്ച ശുഭപ്രതീക്ഷകള്‍ പരിഗണിക്കുമ്പോള്‍ ഈ ഓഹരികളിലെ നിക്ഷേപം എഫ്‍പിഐകള്‍ വരും ദിവസങ്ങളിലും തുടരും. ഓഹരികൾക്ക് പുറമെ, ഇന്ത്യൻ ഡെറ്റ് സെക്യൂരിറ്റികൾ വാഗ്ദാനം ചെയ്യുന്ന ആകർഷകമായ വരുമാനം കാരണം ജൂണില്‍ ഇതുവരെ എഫ്‍പിഐകള്‍ ഡെറ്റ് വിപണിയില്‍ 592 കോടി രൂപ നിക്ഷേപിച്ചു.
2023ൽ ഇതുവരെയുളള കണക്കുകള്‍ പരിഗണിച്ചാല്‍, വിദേശ നിക്ഷേപകർ 39,000 കോടി രൂപ ഇന്ത്യൻ ഇക്വിറ്റികളിലും 8,100 കോടി രൂപ ഡെറ്റ് വിപണിയിലും നിക്ഷേപിച്ചിട്ടുണ്ട്.