28 Jan 2023 12:18 PM IST
അദാനി ഗ്രൂപ്പ് എഫ്പിഒ, ആദ്യ ദിനത്തില്‍ മോശം തുടക്കം; സബ്‌സ്‌ക്രൈബ് ചെയ്തത് ഒരു ശതമാനം ഓഹരികള്‍
MyFin Desk
Summary
- അദാനി ഗ്രൂപ്പിന്റെ പതാകവാഹക കമ്പനിയായ അദാനി എന്റെപ്രൈസിന്റെ എഫ്പിഒയിലൂടെ 4.55 കോടി ഓഹരികളുടെ വില്പനയും, 20,000 കോടി രൂപയുടെ സമാഹരണവുമായിരുന്നു ലക്ഷ്യം.
ഡെല്‍ഹി: ഹിന്‍ഡന്‍ബര്‍ഗിന്റെ ഒരൊറ്റ റിപ്പോര്‍ട്ട് കൊണ്ട് പതറിപ്പോയ അദാനിയുടെ സാമ്രാജ്യമാണ് ഇപ്പോള്‍ വാര്‍ത്തകളിലും സമൂഹ മാധ്യമങ്ങളിലും നിറഞ്ഞു നില്‍ക്കുന്നത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ എഫ്പിഒ ( ഫോളോ ഓണ്‍ പബ്ലിക് ഓഫര്‍ ) പ്രഖ്യാപിച്ചതിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് റിപ്പോര്‍ട്ടുമായി ഹിന്‍ഡന്‍ബര്‍ഗ് രംഗത്തെത്തിയത്. അദാനി ഗ്രൂപ്പിന്റെ പതാകവാഹക കമ്പനിയായ അദാനി എന്റെപ്രൈസിന്റെ എഫ്പിഒയിലൂടെ 4.55 കോടി ഓഹരികളുടെ വില്പന ലക്ഷ്യമിട്ടിരുന്നു. 20,000 കോടി രൂപ സമാഹരിക്കാനായിരുന്നു കമ്പനിയുടെ ലക്ഷ്യം. ഇതിന്റെ മുന്നോടിയായി ഇന്‍സ്റ്റിറ്റിയുഷണല്‍ നിക്ഷേപകര്‍ക്കായുള്ള എഫ്പിഒ കഴിഞ്ഞ ബുധനാഴ്ച ആരംഭിച്ചിരുന്നു.
വിവാദങ്ങള്‍ക്കിടയിൽ ജനുവരി 27 ന് ആരംഭിച്ച എഫ്പിഒയ്ക്ക് നിക്ഷേപകരില്‍ നിന്നും മോശം പ്രതികരണമാണ് ആദ്യദിനം ലഭിച്ചത്. ആദ്യ ദിനം പൂര്‍ത്തിയായപ്പോള്‍ 4.7 ലക്ഷം ഓഹരികള്‍ അഥവാ ഒരു ശതമാനത്തോളം ഓഹരികള്‍ മാത്രമാണ് സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടത്. എഫ്പിഒയില്‍ ഓഹരി ഒന്നിന് 3,112 -3,276 രൂപ പ്രൈസ് ബാന്‍ഡിലാണ് വില നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇന്നലെ ഓഹരികള്‍ 2,762.15 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അദാനി ഗ്രൂപ്പിന്റെ എല്ലാ കമ്പനികളുടെയും ഓഹരി വിലകള്‍ വലിയതോതില്‍ ഇന്നലെ ഇടിഞ്ഞിരുന്നു.
റീട്ടെയില്‍ നിക്ഷേപകര്‍ക്കായി 2.29 കോടി ഓഹരികളാണ് എഫ്പിഒ യില്‍ മാറ്റി വച്ചിരുന്നത്. ഇതില്‍ 4 ലക്ഷം ഓഹരികളാണ് ആദ്യ ദിനത്തില്‍ സബ്‌സ്‌ക്രൈബ് ചെയ്തത്. ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയുഷണല്‍ നിക്ഷേപകര്‍ക്കായി 1.28 കോടി ഓഹരികള്‍ നീക്കി വച്ചതില്‍ 2,656 ഓഹരികള്‍ മാത്രമാണ് സബ്‌സ്‌ക്രൈബ് ചെയ്തത്. ഇന്‍സ്റ്റിറ്റിയുഷണല്‍ ഇതര നിക്ഷേപകര്‍ക്കായി 96.16 ലക്ഷം ഓഹരികള്‍ നീക്കി വച്ചതില്‍ 60456 ഓഹരികളും സബ്‌സ്‌ക്രൈബ് ചെയ്തു. ജനുവരി 31 നാണ് എഫ് പിഒ അവസാനിക്കുന്നത്.
ബുധനാഴ്ച ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് 5,985 കോടി രൂപ സമാഹരിച്ചിരുന്നു. ഓഹരി ഒന്നിന് 3,276 രൂപ നിരക്കില്‍ 33 ഇന്‍സ്റ്റിറ്റിയുഷണല്‍ നിക്ഷേപകര്‍ക്കായി 1.82 കോടി ഓഹരികള്‍ വിറ്റഴിച്ചതിലൂടെയാണ് ഈ തുക സമാഹരിച്ചത്. അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി, ബിഎന്‍പി ആര്‍ബിട്രേജ്, സൊസൈറ്റി ജനറല്‍, ഗോള്‍ഡ്മാന്‍ സാച്ച്‌സ് ഇന്‍വെസ്റ്റ്മെന്റ് (മൗറീഷ്യസ്), മോര്‍ഗന്‍ സ്റ്റാന്‍ലി ഏഷ്യ (സിങ്കപ്പൂര്‍), നോമുറ സിങ്കപ്പൂര്‍, സിറ്റി ഗ്രൂപ്പ് ഗ്ലോബല്‍ മാര്‍കെറ്റ്‌സ് മൗറീഷ്യസ് എന്നിവരാണ് വിദേശ നിക്ഷേപകരില്‍ ഉള്‍പ്പെടുന്നത്. എല്‍ഐസി, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി, എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എംപ്ലോയീസ് പെന്‍ഷന്‍ ഫണ്ട് എന്നീ ആഭ്യന്തര നിക്ഷേപകരും ആങ്കര്‍ നിക്ഷേപകരില്‍ ഉള്‍പ്പെടുന്നു. എഫ്പിഒയിലൂടെ സമാഹരിക്കുന്ന 20,000 കോടി രൂപയില്‍ 10,869 കോടി രൂപ ഗ്രീന്‍ ഹൈഡ്രജന്‍ പദ്ധതികള്‍ക്കും, എയര്‍പോര്‍ട്ട്, റോഡ് നിര്‍മാണം എന്നിവയ്ക്കായി വിനിയോഗിക്കും. ശേഷിക്കുന്ന 4,165 കോടി രൂപ കമ്പനിയുടെ ബാധ്യതകള്‍ തീര്‍ക്കുന്നതിനായും വിനിയോഗിക്കുമെന്നുമാണ് കമ്പനി വ്യക്തമാക്കിയിരുന്നത്.