image

15 Feb 2023 5:45 PM IST

Market

അടയ്ക്ക ഇറക്കുമതി വര്‍ധിച്ചു, മൂല്യം ഉയര്‍ത്തി ഏലം

Kochi Bureau

commodity market arecanut
X

Summary

  • വിദേശ ഭീഷണികള്‍ക്ക് മുന്നില്‍ കര്‍ഷകര്‍ ഏറെ ക്ലേശിക്കേണ്ടിവരുമെന്ന അവസ്ഥയാണ്


വിദേശ അടയ്ക്കയുടെ വരവ് ആഭ്യന്തര വിലയെ ബാധിക്കുമെന്ന ആശങ്കയിലാണ് സംസ്ഥാനത്തെ കവുങ്ങ് കര്‍ഷകര്‍. വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും കനത്തതോതിലാണ് അടയ്ക്ക പ്രവഹിക്കുന്നത്. ഇറക്കുമതി നൂറ് ശതമാനത്തില്‍ അധികം ഉയര്‍ന്ന സാഹചര്യത്തില്‍ കര്‍ഷക രക്ഷയ്ക്കായി കേന്ദ്ര ഇടപെടല്‍ അനിവാര്യമായി മാറിയിരിക്കുകയാണ്. മ്യാന്‍മാര്‍, ശ്രീലങ്ക, ഇന്തോനേഷ്യ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യന്‍ പാന്‍മസാല വ്യവസായികളില്‍ നിന്നും ശക്തമായ ഡിമാന്റുണ്ട്.

കഴിഞ്ഞ എട്ട് മാസകാലയളവില്‍ മ്യാന്‍മാറില്‍ നിന്നുള്ള ഇറക്കുമതി ഉയര്‍ന്നത് ഏതാണ്ട് 275 ശതമാനമാണ്. വിദേശ ഭീഷണികള്‍ക്ക് മുന്നില്‍ കര്‍ഷകര്‍ ഏറെ ക്ലേശിക്കേണ്ടിവരുമെന്ന അവസ്ഥയാണ്. ഇറക്കുമതിക്ക് പിന്നില്‍ ഹവാല ലോബിയുടെ സാന്നിധ്യവും തെളിയും വിധം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും സിംഗപ്പുരില്‍ നിന്നും വരെ അടയ്ക്ക ഇറക്കുമതി ശക്തമാണ്, എന്നാല്‍ ഈ രാജ്യങ്ങളില്‍ അടയ്ക്ക കൃഷിയില്ല. കിലോ 350 രൂപയിലാണ് നാടന്‍ അടയ്ക്കയുടെ വ്യാപാരം നടക്കുന്നത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മൂത്ത് വിളഞ്ഞ അടയ്ക്ക വിളവെടുപ്പ് പുരോഗമിക്കുകയാണ്. ഇറക്കുമതിക്ക് കടിഞ്ഞാണിടാന്‍ കേന്ദ്രം തയ്യാറായാല്‍ മാത്രമേ ഉത്പാദകള്‍ക്ക് പിടിച്ചു നില്‍ക്കാനാവു.

ഇടിവ് പ്രതീക്ഷിച്ച് കാപ്പി

ദക്ഷിണേന്ത്യയില്‍ കാപ്പി വിളവെടുപ്പ് അവസാന ഘട്ടത്തിലേയ്ക്ക് അടുത്തപ്പോള്‍ ഉത്പാദനത്തില്‍ അമ്പത് ശതമാനം ഇടിവ് സംഭവിക്കുമെന്ന സൂചനയാണ് കാര്‍ഷിക മേഖലകളില്‍ നിന്നും ലഭ്യമാവുന്നത്. കേരളത്തിലും കര്‍ണാടകത്തിലും വിളവ് ചുരുങ്ങുമെന്ന അവസ്ഥ കണക്കിലെടുത്താല്‍ കാപ്പി വിലയില്‍ വന്‍ കുതിച്ചു ചാട്ടത്തിന് സാധ്യത തെളിയും. നിലവില്‍ കാപ്പി കിലോ 188 രൂപയിലാണ്, ജനുവരി ആദ്യ നിരക്ക് 160 രൂപ മാത്രമായിരുന്നു. ഉല്‍പാദന രംഗത്തെ തളര്‍ച്ച വിലയിരുത്തിയാല്‍ കിലോ 200220 രൂപയിലേയ്ക്ക് നിരക്ക് ഉയരാം.

മൂല്യം ഉയര്‍ത്തി ഏലം

ഏലക്ക ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് ഇന്ന് ഇടപാടുകള്‍ നടത്തിയത്. കുമളിയില്‍ നടന്ന ലേലത്തില്‍ ആഭ്യന്തര വിദേശ വാങ്ങലുകാര്‍ ചരക്കിനായി ഉത്സാഹിച്ചതോടെ ശരാശരി ഇനങ്ങളുടെ വില കിലോ 1519 രൂപയായി കയറി. മികച്ചയിനങ്ങള്‍ 3024 രൂപയായി ഉയര്‍ന്ന വേളയിലും ഏലക്ക വാങ്ങി കൂട്ടാന്‍ കയറ്റുമതി സമൂഹം മത്സരിച്ചു. ഓഫ് സീസണായതിനാല്‍ വില പുതിയ ഉയരങ്ങളിലേയ്ക്ക് ചുവടുവെക്കാം.

കുരുമുളക് വില വീണ്ടും ഉയര്‍ന്നു, ഉത്തരേന്ത്യന്‍ വാങ്ങലുകാര്‍ ചരക്ക് ശേഖരിക്കാന്‍ രംഗത്തുണ്ട്. ഗാര്‍ബിള്‍ഡ് മുളക് കിലോ 510 രൂപയില്‍ വിപണനം നടന്നു.



മാറ്റമില്ലാതെ സ്വര്‍ണം

കേരളത്തില്‍ സ്വര്‍ണ വില സ്ഥിരതയില്‍ നീങ്ങി ദിവസമാണിന്ന്. ഡോളര്‍ സൂചികയിലെ ചലനങ്ങള്‍ക്ക് ഇടയില്‍ യൂറോപ്യന്‍ മാര്‍ക്കറ്റില്‍ മഞ്ഞലോഹം ഇന്ന് ട്രോയ് ഔണ്‍സിന് 1849 ഡോളറില്‍ 1831 ലേയ്ക്ക് ഇടിഞ്ഞ പശ്ചാത്തലത്തില്‍ നാളെ പവന് 240 രൂപ വരെ കുറയാന്‍ ഇടയുണ്ട്. അതേ സമയം വിനിമയ വിപണിയില്‍ രൂപയുടെ മൂല്യം ഇന്ന് 81.90 ലേയ്ക്ക് ഇടിഞ്ഞ ശേഷം അല്‍പ്പം മെച്ചപ്പെട്ടു, രൂപയുടെ ചലനങ്ങള്‍ നാളെ പവന്റ്റവിലയില്‍ നിര്‍ണായകമാവും. ആഭരണ കേന്ദ്രങ്ങളില്‍ സ്വര്‍ണ വില പവന് 41,920 രൂപയാണ്. ഒരു ഗ്രാമിന് വില 5240 രൂപ.