image

16 May 2023 5:45 PM IST

Market

കുരുമുളക് തേടി വ്യവസായികള്‍ ലങ്കയിലേയ്ക്ക്; തെന്നി വീണ് ഭക്ഷ്യയെണ്ണ

Kochi Bureau

കുരുമുളക് തേടി വ്യവസായികള്‍ ലങ്കയിലേയ്ക്ക്; തെന്നി വീണ് ഭക്ഷ്യയെണ്ണ
X

Summary

  • ടയര്‍ നിര്‍മ്മാതാക്കള്‍ റബര്‍ വില വീണ്ടും ഉയര്‍ത്തി.


ഭക്ഷ്യയെണ്ണ ഇറക്കുമതി റെക്കോര്‍ഡ് നിലവാരത്തിലേയ്ക്ക് ഉയര്‍ന്നത് ആഭ്യന്തര പാചക എണ്ണുകളുടെ വില ഇടിവ് രൂക്ഷമാക്കുന്നു. സുര്യകാന്തി, പാം ഓയില്‍ സോയാ ഓയില്‍ ഇറക്കുമതി ശക്തിയാര്‍ജ്ജിച്ചത് കണക്കിലെടുത്തല്‍ നാളികേരോത്പന്നങ്ങളെ ബാധിച്ച വില തകര്‍ച്ച തുടരാം. ആറ് മാസകാലയളവില്‍ വിദേശ ഭക്ഷ്യയെണ്ണ ഇറക്കുമതി 22 ശതമാനം വര്‍ധിച്ചു. ഏപ്രിലില്‍ അവസാനിച്ച ആറ് മാസകാലയളവില്‍ മൊത്തം 80 ലക്ഷം ടണ്‍ എണ്ണയാണ് ഇറക്കുമതി നടത്തിയത്. തൊട്ട് മുന്‍ വര്‍ഷം ഇതേ കാലയളവില്‍ വരവ് 65 ലക്ഷം ടണ്‍ മാത്രമായിരുന്നു. ഇന്തോനേഷ്യയും മലേഷ്യയും അര്‍ജന്റ്റീനയും അവരുടെ കര്‍ഷകര്‍ക്ക് താങ്ങ് പകരാന്‍ കയറ്റുമതി പ്രോല്‍സാഹിപ്പിക്കുമ്പോള്‍ ഇവിടെ കര്‍ഷകരെ പാടെ വിസ്മരിക്കുന്ന നയങ്ങളാണ് വാണിജ്യമന്ത്രായത്തിന്റെ ഭാഗത്തുനിന്നെന്നാണ് വിമര്‍ശനം. രാജ്യം ഉത്സവ സീസണിന് ഒരുങ്ങുന്നതിനാല്‍ ആഗസ്റ്റ്-ഒക്ടോബറില്‍ വിദേശ പാചകയെണ്ണ ഇറക്കുമതി ഇനിയും ഉയരാനാണ് സാധ്യത. കൊച്ചിയില്‍ വെളിച്ചെണ്ണ 12,900 ലും തമിഴ്നാട്ടില്‍ 11,200 ലുമാണ്.

ഡിമാന്റുയര്‍ന്ന് ലങ്കന്‍ കുരുമുളക്

ഒലിയോറസിന്‍ നിര്‍മ്മാതാക്കള്‍ എണ്ണയുടെ അംശം ഉയര്‍ന്ന ലൈറ്റ് പെപ്പറിനായി ശ്രീലങ്കയെ സമീപിച്ചു. സീസണ്‍ കാലയളവില്‍ സത്ത് നിര്‍മ്മാതാക്കള്‍ തെക്കന്‍ കേരളത്തില്‍ നിന്നുള്ള മുളക് വന്‍തോതില്‍ ശേഖരിച്ചിരുന്നു. അമേരിക്കയില്‍ നിന്നും യുറോപ്പില്‍ നിന്നുമുള്ള ശക്തമായ ഡിമാന്റാണ് ശ്രീലങ്കന്‍ കുരുമുളകിലേയ്ക്ക് തിരിയാന്‍ വ്യവസായികളെ പ്രേരിപ്പിച്ചത്. എണ്ണയുടെ അംശം ഉയര്‍ന്ന കുരുമുളകിന് ശ്രീലങ്ക ടണ്ണിന് 5500 ഡോളറാണ് ആവശ്യപ്പെടുന്നത്.

ഞെട്ടറ്റ് ഏലം

ഏലക്കയെ ബാധിച്ച വില ഇടിവ് തുടരുന്നു. വിദേശ ഏലക്ക ലേലത്തില്‍ വില്‍പ്പനയ്ക്ക് ഇറങ്ങിയെന്ന ആരോപണം കാര്‍ഷിക മേഖലയില്‍ നിന്നും ഉയര്‍ന്നങ്കിലും ഇക്കാര്യത്തില്‍ കൃഷി വകുപ്പ് മൗനം പാലിച്ചത് കാര്‍ഷിക മേഖലയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഇന്ന് ഉത്പാദന മേഖലയില്‍ നടന്ന ലേലത്തില്‍ ശരാശരി ഇനങ്ങള്‍ കിലോ 953 രൂപയിലും മികച്ചയിനങ്ങള്‍ 1336 രൂപയിലും കൈമാറി.

റബര്‍ വില ഉയരുന്നു

ടയര്‍ നിര്‍മ്മാതാക്കള്‍ റബര്‍ വില വീണ്ടും ഉയര്‍ത്തി. ഷീറ്റ് ക്ഷാമം രൂക്ഷമായതോടെ നാലാം ഗ്രേഡിന് 100 രൂപ വര്‍ധിപ്പിച്ചു 16,100 ന് ചരക്ക് സംഭരിക്കാന്‍ കമ്പനികള്‍ രംഗത്ത് ഇറങ്ങി. എന്നാല്‍ ഉത്പാദന കേന്ദ്രങ്ങളില്‍ നിന്നുള്ള വരവ് നാമാത്രമായിരുന്നു. വിദേശ വിപണികളിലും റബര്‍ വിലയില്‍ മുന്നേറ്റം ദൃശ്യമായതിനാല്‍ സ്റ്റോക്കിസ്റ്റുകള്‍ ചരക്കില്‍ പിടിമുറുക്കുകയാണ്.