14 Feb 2023 5:45 PM IST
Summary
- സീസണ്‍ കാലയളവില്‍ താഴ്ന്ന വിലയ്ക്ക് ലേലത്തില്‍ പിടിച്ച ചരക്ക് പലരും വീണ്ടും ഇറക്കുന്നത് വിപണിയുടെ മുന്നേറ്റത്തിന് തടസമാക്കുന്നതായി ഉത്പാദകര്‍ ആശങ്കപ്പെടുന്നുണ്ട്
വിളവെടുപ്പ് പുര്‍ത്തിയാതോടെ ഭൂരിഭാഗം ഏലം തോട്ടങ്ങള്‍ പലതും കാലിയാണ്. നേരത്തെ ശേഖരിച്ച ഏലക്കയില്‍ ചെറിയ ഒരു പങ്ക് ഓഫ് സീസണിലെ ഉയര്‍ന്ന വിലയ്ക്ക് വിറ്റഴിക്കാമെന്ന നിഗമനത്തില്‍ അവരുടെ കരുതല്‍ ശേഖരത്തിലുണ്ടങ്കിലും സീസണ്‍ കഴിഞ്ഞിട്ടും ഉത്പന്ന വില കാര്‍ഷിക മേഖലയുടെ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നിട്ടില്ല.
സീസണ്‍ കാലയളവില്‍ താഴ്ന്ന വിലയ്ക്ക് ലേലത്തില്‍ പിടിച്ച ചരക്ക് പലരും വീണ്ടും ഇറക്കുന്നത് വിപണിയുടെ മുന്നേറ്റത്തിന് തടസമാക്കുന്നതായി ഉത്പാദകര്‍ ആശങ്കപ്പെടുന്നുണ്ട്. ഈസ്റ്റര്‍, ശിവരാത്രി ഫെസ്റ്റിവെലിലെ ആവശ്യകതകള്‍ മുന്നിലുണ്ടെങ്കിലും വന്‍ കുതിപ്പ് ഇനിയും അനുഭവപ്പെട്ടിട്ടില്ല. നെടുക്കണ്ടത്ത് നടന്ന ലേലത്തില്‍ 62,212 കിലോ ചരക്കിന്റെ ഇടപാടുകളാണ് നടന്നത്. മികച്ചിനങ്ങള്‍ 2267 രൂപയിലും ശരാശരി ഇനങ്ങള്‍ 1318 രൂപയിലും കൈമാറി.
ഇറക്കുമതി ഭീതിയില്‍ കുരുമുളക്
പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതിക്കു വേണ്ട ചരക്ക് സംഭരണം പുരോഗമിക്കുന്നു. യുഎസ്, യുറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ഈസ്റ്റര്‍ മുന്നില്‍ കണ്ടുള്ള അന്വേഷണങ്ങളുണ്ട്. ഇറക്കുമതി ഭീതി കുരുമുളക് വിപണിയില്‍ തല ഉയര്‍ത്തിയ വേളയില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും മുളകിന് പുതിയ ആവശ്യകാരെത്തി. ഉത്പാദനം ചുരുങ്ങുമെന്ന വാര്‍ത്തകള്‍ വില ഉയര്‍ത്തി ചരക്ക് സംഭരിക്കാന്‍ വാങ്ങലുകാരെ പ്രേരിപ്പിച്ചതോടെ അണ്‍ ഗാര്‍ബിള്‍ഡ് ക്വിന്റ്റലിന് 100 രൂപ വര്‍ധിച്ച് 48,800 രൂപയായി. ഗാര്‍ബിള്‍ഡ് മുളക് 50,800 രൂപയില്‍ വിപണനം നടന്നു. കറി മസാല, പൗഡര്‍ യൂണിറ്റുകളും രംഗത്തുണ്ട്, ഇതിന് പുറമേ ചില ബഹുരാഷ്ട്ര കമ്പനികളും കുരുമുളകിനായി രംഗത്തുണ്ട്. വാങ്ങല്‍ താല്‍പര്യം വര്‍ധിച്ചാല്‍ ഉത്പന്ന വിലയില്‍ ഉണര്‍വ് പ്രതീക്ഷിക്കാം.
നേട്ടം നോട്ടമിട്ട് പാംഓയില്‍
മലേഷ്യയും ഇന്താനേഷ്യയും പാം ഓയില്‍ കയറ്റുമതി നിയന്ത്രിക്കാനുള്ള നീക്കം കേരളത്തില്‍ അനൂകുല തരംഗം സൃഷ്ടിക്കാം. വിദേശ പാചകയെണ്ണ വരവ് ചുരുങ്ങുന്ന അവസരത്തില്‍ കൊപ്രയും പച്ചതേങ്ങയും താങ്ങ് വിലയ്ക്ക് ശേഖരിക്കാന്‍ കേരളം തയ്യാറായാല്‍ വിഷുവിന് മുന്നോടിയായി എണ്ണ ചൂടുപിടിക്കും. ചെറുകിട വിപണികളില്‍ വെളിച്ചെണ്ണ കിലോ 160 മുതല്‍ 190 രൂപയിലാണ്.
ടാപ്പിംഗ് അറുതിയിലേയ്ക്ക്
മരങ്ങളില്‍ നിന്നുള്ള പാല്‍ ലഭ്യത ചുരുങ്ങിയതോടെ വന്‍കിട തോട്ടങ്ങള്‍ പലതും ടാപ്പിംഗില്‍ നിന്നും പിന്‍തിരിയാന്‍ തുടങ്ങി റബറിന്റെ താഴ്ന്ന വില തന്നെയാണ് ഉത്പാദകരെ പിന്നോക്കം വലിക്കുന്ന മുഖ്യ ഘടകം. ടയര്‍ കമ്പനികള്‍ കിലോ 144 രൂപയില്‍ കൂടിയ വിലയ്ക്ക് ചരക്ക് ശേഖരിക്കാന്‍ വിസമ്മതിച്ചതോടെ പലര്‍ക്കും വെട്ട് കൂലി പോലും ഉറപ്പ് വരുത്താനാവാത്ത സാഹചര്യമാണ്. വേനല്‍ കൂടുക്കുന്നതിനാല്‍ അടുത്തവാരതോടെ എതാണ്ട് എല്ലാ ഭാഗങ്ങളിലും റബര്‍ ടാപ്പിംഗ് പുര്‍ണമായി സ്തംഭിക്കും.
തിളക്കം കുറഞ്ഞ് സ്വര്‍ണം
കേരളത്തില്‍ സ്വര്‍ണ വില വീണ്ടും താഴ്ന്നു. ആഭരണ വിപണികളില്‍ പവന് 42,000 രൂപയുടെ താങ്ങ് നഷ്ടപ്പെട്ടു, പവന്‍ ഇന്ന് 41,920 രൂപയിലാണ്. ഒരു ഗ്രാം സ്വര്‍ണത്തിന് 5240 രൂപ. രാജ്യാന്തര മാര്‍ക്കറ്റുകളില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 1851 ഡോളറില്‍ ഇടപാടുകള്‍ പുരോഗമിക്കുന്നു.