image

17 Feb 2023 5:45 PM IST

Market

വിപണി പിടിച്ച് ഏലം, തളര്‍ച്ചയില്‍ റബ്ബര്‍

Kochi Bureau

commodities market updates 17 02
X

Summary

  • ഗ്രാമീണ മേഖലകളിലെ ചെറുകിട വിപണികളില്‍ അടയ്ക്ക വരവ് ചുരുങ്ങി


വിപണി പിടിച്ച് ഏലം, തളര്‍ച്ചയില്‍ റബ്ബര്‍

കേരളത്തിലെയും തമിഴ്നാട്ടിലയും പ്രമുഖ ലേല കേന്ദ്രങ്ങളില്‍ ഏലക്ക വില മുന്നേറുന്നു. ഇടപാടുകാര്‍ ചരക്ക് സംഭരിക്കാന്‍ ലേലത്തില്‍ കാണിച്ച വീറും വാശിയുമാണ് വിലക്കയറ്റത്തിന് വേഗ പകര്‍ന്നത്. ഉത്സവകാലത്തെ ആവശ്യകത മുന്‍ നിര്‍ത്തിയുള്ള ചരക്ക് സംഭരണം ഏതാനും ആഴ്ച്ചകള്‍ കൂടി തുടരുമെന്നത്ഏലത്തെ വിലണിയില്‍ താരമാക്കി മാറ്റുമെന്ന നിഗനമത്തിലാണ് ഒരു വിഭാഗം. ചരക്ക് നീക്കം നിയന്ത്രിച്ച് വില ഉയര്‍ത്തിയെടുക്കാനുള്ള ശ്രമം ലേലത്തില്‍ അരങ്ങേറുന്നുണ്ടെങ്കിലും വാങ്ങലുകാര്‍ സംഘടിത ശ്രമത്തിലുടെ അമിത വിലക്കയറ്റം തടയാനുള്ള തന്ത്രങ്ങളും പയറ്റുന്നുണ്ട്. രാജ്യത്തിന്റെ ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുള്ള സുഗന്ധവ്യഞ്ജന വാങ്ങലുകാര്‍ പരമാവധി ഉത്പന്നം ശേഖരിക്കാന്‍ ഉത്സാഹിച്ചതോടെ മികച്ചയിനങ്ങള്‍ കിലോ 3001 രൂപയായും ശരാശരി ഇനങ്ങള്‍ 1713 രൂപയിലും ഇടപാടുകള്‍ നടന്നു.

വിപണികളില്‍ അടയ്ക്ക വരവ് കുറഞ്ഞു

ഗ്രാമീണ മേഖലകളിലെ ചെറുകിട വിപണികളില്‍ അടയ്ക്ക വരവ് ചുരുങ്ങി. കേന്ദ്രം വിദേശ അടയ്ക്ക ഇറക്കുമതി ഡ്യൂട്ടി കുത്തനെ ഉയര്‍ത്തിയത് ആഭ്യന്തര വില വര്‍ധിക്കാന്‍ അവസരം ഒരുക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് കാര്‍ഷിക മേഖല. സംസ്ഥാനത്തെ ഏതാണ്ട് എല്ലാ ജില്ലകളിലെയും അടയ്ക്ക കര്‍ഷകര്‍ ചരക്ക് നീക്കത്തില്‍ വരുത്തുന്ന നിയന്ത്രണം വിപണിയെ സ്വാധീനിക്കും. കര്‍ണാകടത്തിലെ ഉടുപ്പി, ഹസ്സന്‍, കാനറാ മേഖലകളിലും വില്‍പ്പനക്കാര്‍ കുറവാണ്. വിദേശ അടയ്ക്ക ഇറക്കുമതി ഡ്യുട്ടി കിലോ 351 രൂപയായി വാണിജ്യമന്ത്രാലയം കഴിഞ്ഞ ദിവസം ഉയര്‍ത്തിയിരുന്നു.

തളര്‍ച്ചയില്‍ റബ്ബര്‍

ടയര്‍ നിര്‍മ്മാതാക്കള്‍ കൂടിയ വിലയ്ക്ക് റബര്‍ ശേഖരിക്കാന്‍ വിസമതിച്ചതോടെ കേരളത്തിലെ പ്രധാന വിപണികളില്‍ വിവിധയിനം റബര്‍ തളര്‍ച്ചയിലാണ്. വില തകര്‍ച്ച കണക്കിലെടുത്ത് സ്റ്റോക്കിസ്റ്റുകള്‍ വില്‍പ്പനയില്‍ നിന്നും പിന്‍വലിഞ്ഞതായി പ്രാദേശിക വ്യാപാരികള്‍. രാജ്യാന്തര റബര്‍ വിലയിലെ ചാഞ്ചാട്ടമാണ് വ്യവസായികളെ ആഭ്യന്തര വിപണിയില്‍ നിരക്ക് ഇടിക്കാന്‍ പ്രേരിപ്പിച്ചത്. സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന റബറില്‍ എഴുപത് ശതമാനവും ശേഖരിക്കുന്നത് ടയര്‍ നിര്‍മ്മാതാക്കളാണ്. നാലാം ഗ്രേഡ് കിലോ 142 രൂപയായി താഴ്ന്നു.

കൊപ്രയ്ക്ക് ആവശ്യകത ഇടിഞ്ഞു

പ്രദേശിക മാര്‍ക്കറ്റുകളില്‍ വെളിച്ചെണ്ണയ്ക്ക് ഡിമാന്റ് മങ്ങിയത് മില്ലുകാരെ സമ്മര്‍ദ്ദത്തിലാക്കി. കേരളത്തിലെയും അയല്‍ സംസ്ഥാനങ്ങളിലെയും പ്രമുഖ വിപണികളില്‍ കൊപ്രയ്ക്ക് വ്യവസായിക ആവശ്യം കുറഞ്ഞതിനാല്‍ പിന്നിട്ട മുന്നാഴ്ച്ചയായി കൊച്ചിയില്‍ കൊപ്ര വില 8400 രൂപയില്‍ സ്റ്റെഡിയാണ്.



സ്വര്‍ണ വില താഴോട്ട്

ആഭരണ വിപണികളില്‍ സ്വര്‍ണ വില തുടര്‍ച്ചയായ മൂന്നാം ദിവസവും താഴ്ന്നു. പവന് 160 രൂപ ഇന്ന് കുറഞ്ഞ് 41,440 രൂപയില്‍ വ്യാപാരം നടന്നു. ഒരു ഗ്രാം സ്വര്‍ണ വില 5180 രൂപ. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ സ്വര്‍ണ വില ഈ വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ ട്രോയ് ഔണ്‍സ് 1826 ഡോളറിലേയ്ക്ക് ഇടിഞ്ഞു.