23 Feb 2023 5:00 PM IST
Summary
- കേരളവും കര്‍ണാടകവും കുരുമുളക് വില്‍പ്പന നിയന്ത്രിച്ചിട്ടും ഉത്പന്ന വില ഇടിയുന്നു
രാജ്യം ഹോളി ആഘോഷങ്ങള്‍ക്ക് ഒരുങ്ങളില്‍ ഉത്തരേന്ത്യക്കാര്‍ക്ക് താല്‍പര്യം ഏലത്തിനോട്. മാര്‍ച്ച് എട്ടിനാണ് ഹോളി, പിന്നിട്ട രണ്ട് വര്‍ഷങ്ങളില്‍ കോറോണ ഭീതിയില്‍ ഉത്സവാഘോഷങ്ങള്‍ക്ക് നിറം മങ്ങിയെങ്കിലും ഇക്കുറി നിറങ്ങളുടെ ഉത്സവത്തിനുള്ള ഒരുക്കങ്ങള്‍ ഇതിനകം തന്നെ പല ഭാഗങ്ങളിലും തുടങ്ങിക്കഴിഞ്ഞു
ഏലത്തിന് വടക്കെ ഇന്ത്യയുടെ എതാണ്ട് എല്ലാ ഭാഗങ്ങളിലും നിന്നും അന്വേഷണങ്ങളെത്തുന്നുണ്ട്. കുമളിയില്‍ നടന്ന ലേലത്തില്‍ ശരാശരി ഇനങ്ങള്‍ 1336 രൂപയിലും മികച്ചയിനങ്ങള്‍ 2202 രൂപയിലും ഇടപാടുകള്‍ നടന്നു.
മഞ്ഞ് വീഴ്ച്ച വീണ്ടും ശക്തമായതോടെ കൊളുന്ത് നുള്ള് തടസപ്പെട്ടത് തേയിലയ്ക്ക് വിനയായിട്ടുണ്ട്. മൂന്നാര്‍ മേഖലയില്‍ രാത്രി താപനില ഗണ്യമായി താഴ്ന്നതും പകല്‍ ശക്തമായ വെയിലും മൂലം തേയിലകള്‍ കരിഞ്ഞ് ഉണങ്ങുന്നത് ഉത്പാദനം ഫെബ്രുവരിയിലും കുറയുമെന്ന സ്ഥിതിയിലാണ്. ജനുവരിയില്‍ ഉത്പാദനം പ്രതീക്ഷിച്ചതിലും കുറഞ്ഞത് തോട്ടം മേഖലയുടെ വരുമാനത്തെ ബാധിച്ചു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം കിലോ പതിനേഴ് രൂപ വരെ ഉറപ്പ് വരുത്താനായ പച്ച തേയില വിലയും ഇതിനിടയില്‍ കുറഞ്ഞു. വളം, കൂലി ചെലവുകളിലെ വര്‍ധന തേയില കൃഷിയും നഷ്ട കച്ചവടമായി മാറുമെന്ന ആശങ്കയിലാണ് ഉത്പാദകര്‍.
കേരളവും കര്‍ണാടകവും കുരുമുളക് വില്‍പ്പന നിയന്ത്രിച്ചിട്ടും ഉത്പന്ന വില ഇടിയുന്നു. ടെര്‍മിനല്‍ മാര്‍ക്കറ്റിലേയ്ക്കുള്ള ചരക്ക് വരവ് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയെ അപേക്ഷിച്ച് ചുരുങ്ങിയെന്നാണ് വ്യാപാരികളുടെ പക്ഷം. എന്നിട്ടും ഉത്പന്നത്തിന് തിരിച്ചടി നേരിടാന്‍ കാരണം ഇറക്കുമതി ചരക്ക് കലര്‍ത്തി വില്‍പ്പനയ്ക്ക് എത്തിക്കുന്ന ലോബിയുടെ പ്രവര്‍ത്തനം മൂലമെന്ന് വിലയിരുത്തല്‍. ഉത്തരേന്ത്യന്‍ വിപണികള്‍ കീഴടക്കിയ വിദേശ കുരുമുളക് ആഭ്യന്തര മാര്‍ക്കറ്റില്‍ ഇറങ്ങുന്നത് കര്‍ഷക താല്‍പര്യങ്ങള്‍ക്ക് തിരിച്ചടിയാവും.