image

22 Feb 2023 5:30 PM IST

Market

വില തകര്‍ച്ചയില്‍ നാളികേര വിപണി, റംസാന്‍ ലക്ഷ്യം വച്ച് ഏലം

Kochi Bureau

commodities market update 22 02
X

Summary

  • ഏഷ്യന്‍ റബര്‍ മാര്‍ക്കറ്റുകളെ ബാധിച്ച മാന്ദ്യം ഇനിയും വിട്ടുമാറിയില്ല


സംസ്ഥാനത്ത് പലയിടങ്ങളിലായി നാളികേര വിളവെടുപ്പ് മുന്നേറുകയാണെങ്കിലും പച്ച തേങ്ങ വില്‍പ്പനയ്ക്ക് ഇറക്കാന്‍ വലിയൊരു വിഭാഗം കര്‍ഷകരും താല്‍പര്യം കാണിക്കുന്നില്ല. ബജറ്റില്‍ താങ്ങ് വില ഉയര്‍ത്തി നിശ്ചയിച്ചതിനാല്‍ സംഭരണം ഉടന്‍ തുടങ്ങുമെന്ന പ്രതീക്ഷയിലാണ് ഉത്പാദന മേഖല. എന്നാല്‍ ബജറ്റ് പ്രഖ്യാപനം കഴിഞ്ഞ് ആഴ്ച്ച മൂന്ന് ആയെങ്കിലും ഇക്കാര്യത്തില്‍ ചെറുവിരല്‍ പോലും അനക്കാന്‍ കൃഷി വകുപ്പ് തയ്യാറായിട്ടില്ല. വേണ്ടത്ര മുന്‍കരുതല്‍ സ്വീകരിക്കാതെ കഴിഞ്ഞ സീസണില്‍ നടത്തിയ കൊപ്ര, പച്ചതേങ്ങ സംഭരണം വന്‍ പരാജയമായിരുന്നു.

ആവശ്യമായ സമയം ഇക്കുറി സംസ്ഥാന സര്‍ക്കാരിന് ലഭിച്ചിട്ടും 35 ലക്ഷം വരുന്ന നാളികേര കര്‍ഷകരുടെ കാര്യത്തില്‍ തണുപ്പന്‍ മനോഭാവം തുടരുന്നത് വില തകര്‍ച്ചയുടെ ആക്കം ഇരട്ടിപ്പിക്കുന്നു.

റംസാന്‍ ലക്ഷ്യം വച്ച് ഏലം

റംസാന്‍ നോമ്പ് വേളയിലെ ആവശ്യങ്ങള്‍ മുന്നില്‍ കണ്ട് അറബ് രാജ്യങ്ങളിലെ വന്‍കിട ഇറക്കുമതിക്കാര്‍ എല്ലാവരും തന്നെ ഏലത്തിനായി കേരളത്തെ അഭയം പ്രാപിച്ചു. രാജ്യാന്തര വിപണിയില്‍ ഇന്ത്യയ്ക്ക് ഒപ്പം ഏലക്ക വില്‍പ്പനയുമായി മറ്റ് ഒരു ഉത്പാദന രാജ്യമായ ഗ്വാട്ടിമലയുണ്ടെങ്കിലും ഗുണനിലവാരത്തിന്റെ കാര്യത്തില്‍ നമ്മുടെ ഉത്പന്നം ഏറെ മുന്നിലായതിനാല്‍ വില ഉയര്‍ന്ന് നില്‍ക്കുന്നുണ്ട്. ഇറക്കുമതി രാജ്യങ്ങളുടെ സാന്നിധ്യം കണക്കിലെടുത്താല്‍ താല്‍ക്കാലികമായി ഏലക്ക മികവ് തുടരാം. ഉത്പാദന മേഖലയില്‍ നടന്ന ലേലത്തില്‍ മികച്ചയിനങ്ങള്‍ കിലോ 2502 രൂപയിലും ശരാശരി ഇനങ്ങള്‍ 1470 രൂപയിലുമാണ്.

റബര്‍ മാര്‍ക്കറ്റുകളില്‍ മാന്ദ്യം

ഏഷ്യന്‍ റബര്‍ മാര്‍ക്കറ്റുകളെ ബാധിച്ച മാന്ദ്യം ഇനിയും വിട്ടുമാറിയില്ല, ഏറെ പ്രതീക്ഷകളോടെയാണ് ഉത്പാദന രാജ്യങ്ങള്‍ ചൈനീസ് വ്യവസായികളുടെ തിരിച്ചു വരവിനെ വിലയിരുത്തിയതെങ്കിലും ബീജിംഗില്‍ നിന്നും റബറിന് കാര്യമായ ഓര്‍ഡറുകള്‍ ഇറങ്ങാഞ്ഞത് കയറ്റുമതി മേഖലയെ മൊത്തത്തില്‍ മരവിപ്പിലാക്കി. ഇന്ത്യന്‍ വിപണിയില്‍ ഇത് മൂലം നിരക്ക് ഉയര്‍ത്താതെ റബര്‍ സംഭരിക്കുന്ന നയത്തിലാണ് വ്യവസായികള്‍.