9 Feb 2023 5:45 PM IST
Summary
- കാപ്പി കയറ്റുമതിയില്‍ ഇന്ത്യന്‍ ഒരു ചുവട് കൂടി മുന്നേറി
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും കുരുമുളകിന് ആവശ്യക്കാര്‍ കുറഞ്ഞത് വ്യാപാര രംഗത്ത് മ്ലാനത പടര്‍ത്തി. ഹൈറേഞ്ചിലെ ഒട്ടുമിക്ക തോട്ടങ്ങളിലും ഉത്പാദകര്‍ വിളവെടുപ്പിന്റെ തിരക്കിലാണ്. കര്‍ഷകര്‍ മുളക് ഉണക്കി സംസ്‌കരിക്കുന്നുണ്ടെങ്കിലും വില കുറയുന്ന പ്രവണത മുന്‍ നിര്‍ത്തി വില്‍പ്പനയില്‍ നിന്നും അല്‍പ്പം വിട്ടുനില്‍ക്കുകയാണ്. അതേ സമയം ചെറുകിട കര്‍ഷകര്‍ ചെലവുകള്‍ താങ്ങാനാവാതെ പുതിയ മുളക് വില്‍പ്പനയ്ക്ക് ഇറക്കാന്‍ നിര്‍ബന്ധധിതരായിട്ടുണ്ട്.
പുതിയ മുളക് കിലോ 477 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അണ്‍ ഗാര്‍ബിള്‍ഡ് 487 രൂപയിലാണെങ്കിലും ഇതേ നിരക്കില്‍ ഇറക്കുമതി ചരക്ക് ഉത്തരേന്ത്യന്‍ മാര്‍ക്കറ്റുകളില്‍ വില്‍പ്പനയ്ക്ക് ഇറങ്ങിയത് വാങ്ങലുകാരുടെ ശ്രദ്ധ തിരിച്ചു. കേരളത്തില്‍ നിന്നും ശേഖരിക്കുമ്പോള്‍ ചരക്ക് കൂലി കൂടി ഉത്പന്നത്തിന് മേല്‍ ഈടാക്കും.
മണം പരത്തി കാപ്പി
കാപ്പി കയറ്റുമതിയില്‍ ഇന്ത്യന്‍ ഒരു ചുവട് കൂടി മുന്നേറി. 2020-21 കാലയളവില്‍ രാജ്യത്ത് നിന്നുള്ള കാപ്പി കയറ്റുമതി 38 ശതമാനം വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പുറത്തു വരുന്നതോടെ കയറ്റുമതിയില്‍ വന്‍ മുന്നേറ്റം സംഭവിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ആഗോള കാപ്പി കയറ്റുമതിയുടെ ഏകദേശം ആറ് ശതമാനം മാത്രമാണ് ഇന്ത്യയുടെ വിഹിതമെങ്കിലും ഇന്ത്യ ലോക കാപ്പി കയറ്റുമതിയില്‍ അഞ്ചാം സ്ഥാനത്തെയ്ക്ക് ഉയര്‍ന്നു. 2021-22 ല്‍ 4.16 ലക്ഷം ടണ്‍ കാപ്പിയാണ് കയറ്റുമതി ചെയ്തത്.
കുതിപ്പില്ലാതെ ഏലം
ഓഫ് സീസണിലും ഏലക്ക ലേല കേന്ദ്രങ്ങളിലേയ്ക്ക് പ്രവഹിക്കുന്നത് ഉത്പാദകരെ ആശങ്കയിലാക്കി. നേരത്തെ കച്ചവടത്തിന് ഇറക്കിയ ചരക്ക് തന്നെ വീണ്ടും എത്തിക്കുന്നതായാണ് കാര്‍ഷിക മേഖലയുടെ വിലയിരുത്തല്‍. വിളവെടുപ്പ് നിലച്ച സാഹചര്യത്തില്‍ വില ഗണ്യമായി ഉയരേണ്ട അവസരമാണെങ്കിലും അത്തരം ഒരു കുതിപ്പ് സംഭവിക്കുന്നില്ല. ഇന്ന് ഉത്പാദന മേഖലയില്‍ നിന്ന് ലേലത്തില്‍ മികച്ചയിനങ്ങള്‍ 1892 രൂപയിലും ശരാശരി ഇനങ്ങള്‍ 1113 രൂപയിലും ലേലം കൊണ്ടു.
വില മുന്നേറ്റത്തില്‍ സ്വര്‍ണം
കേരളത്തില്‍ സ്വര്‍ണ വില ഉയര്‍ന്നു. ആഭരണ വിപണികളില്‍ പവന് 120 രൂപ വര്‍ധിച്ച് 42,320 രൂപയില്‍ വ്യാപാരം നടന്നു, ഗ്രാമിന് വില 5290 രൂപ. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 1885 ഡോളര്‍.