25 July 2023 5:45 PM IST
Summary
- റബര്‍ വില ഉയര്‍ത്താന്‍ ടയര്‍ വ്യവസായികള്‍ മുന്നോട്ട് വരുമെന്ന കണക്കുകൂട്ടലില്‍ വിപണി
കുരുമുളക് വില കത്തി കയറി. നടപ്പ് വര്‍ഷം ഉല്‍പ്പന്ന വിലയിലെ ഏറ്റവും ശക്തമായ കുതിച്ചു ചാട്ടത്തിന്റെ പാദയിലാണ് മുളക്. രണ്ട് ദിവസങ്ങളിലായി ക്വിന്റ്റലിന് 5000 രൂപയുടെ വിലക്കയറ്റമാണ് ഉല്‍പ്പന്നത്തില്‍ അനുഭവപ്പെട്ടത്. ഡെല്‍ഹി, ഇന്‍ഡോര്‍, ജയ്പൂര്‍ മേഖലകളിലെ വന്‍ കിട സ്റ്റോക്കിസറ്റുകളും മസാല വ്യവസായികളും ചരക്ക് സംഭരണത്തിന് കൂട്ടതോടെ രംഗത്ത് ഇറങ്ങിയത് വില്‍പ്പനക്കാരെയും ഉല്‍പാദകരെയും ഒരു പോലെ ആവേശം കൊള്ളിച്ചു. ഇറക്കാന്‍ തുടങ്ങിയതോടെ വില കുതിച്ചു കയറി. വില ഉയര്‍ന്നതോടെ വില്‍പ്പനയ്ക്ക് വരവ് കുറഞ്ഞു. തൊട്ട് മുന്‍വാരത്തില്‍ 152 ടണ്‍ മുളക് വില്‍പ്പന്ക്ക് എത്തിയ സ്ഥാനത്ത് വില ഉയര്‍ന്നപ്പോള്‍ വരവ് 131 ടണ്ണായി കുറഞ്ഞു. നിരക്ക് കൂടുതല്‍ ഉയരുമെന്ന വിലയിരുത്തലിലാണ് കാര്‍ഷിക മേഖലയിലെ വലിയോരു പങ്ക് കര്‍ഷകരും. ഉല്‍പാദകര്‍ ചരക്കില്‍ പിടിമുറുക്കിയത് വിപണിയിലെ വന്‍ ശക്തികള്‍ക്ക് കനത്ത പ്രവഹരമായി. കൂടുതല്‍ ചരക്ക് ഗോഡൗണുകളില എത്തിക്കാനുള്ള ശ്രമത്തിലാണ് വന്‍കിട വ്യാപാരികള്‍. എന്നാല്‍ കര്‍ഷകര്‍ ചരക്ക് ഇറക്കാന്‍ ഉത്സാഹം കാണിക്കുന്നില്ല. അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ കുരുമുളക് വില ടണ്ണിന് 6800 ഡോളറിലേയ്ക്ക് അടുത്തു. ഗാര്‍ബിള്‍ഡ് മുളക് വില 59,000 രൂപ.
മഴയില്‍ തളരുന്ന റബര്‍
മഴ കനത്തതോടെ സംസ്ഥാനത്ത് വീണ്ടും റബര്‍ ടാപ്പിങ് സ്തംഭിച്ചു. പുതിയ ന്യൂനമര്‍ദ്ദ ഫലമായി നാല് ദിവസം മഴ ശക്തമായിരിക്കുമെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് ഉല്‍പാദകര്‍ തോട്ടങ്ങളില്‍ നിന്നും പുര്‍ണമായി വിട്ടു നില്‍ക്കാന്‍ നിര്‍ബന്ധിതരായി. കാലാവസ്ഥ കണക്കിലെടുത്താല്‍ ഈ വാരം കാര്‍ഷിക മേഖല വിപണിയിലേയ്ക്കുള്ള ഷീറ്റ് നീക്കം നിയന്ത്രിക്കുമെന്നതിനാല്‍ വില ഉയര്‍ത്താന്‍ ടയര്‍ വ്യവസായികള്‍ മുന്നോട്ട് വരുമെന്ന നിഗമനത്തിലാണ് സ്റ്റോക്കിസ്റ്റുകള്‍. ഇതേ പ്രതീക്ഷയില്‍ ചെറുകിട കര്‍ഷകരും കൈവശമുള്ള ഷീറ്റ് വിപണിയില്‍ ഇറക്കാന്‍ ഇന്ന് താല്‍പര്യം കാണിച്ചില്ല. കൊച്ചി, കോട്ടയം മലബാര്‍ മേഖലയില്‍ നാലാം ഗ്രേഡ് ഷീറ്റ് വില കിലോ 154 രൂപയില്‍ നിലകൊണ്ടു. ലാറ്റക്സ് 121 രൂപയിലും. അതേ സമയം രാജ്യാന്തര വിപണിയില്‍ റബര്‍ മുന്നേറി. ചൈനയിലും ജാപ്പാനിലും നിരക്ക് ഉയര്‍ന്നപ്പോള്‍ ബാങ്കാക്കില്‍ ഷീറ്റ് വില കിലോ 131 രൂപയായി താഴ്ന്നു.
വില്‍പ്പന നേട്ടത്തില്‍ ഏലം
രാവിലെ ഉല്‍പാദന മേഖലയില്‍ നടന്ന ഏലക്ക ലേലത്തില്‍ അരലക്ഷം കിലോയ്ക്ക് മുകളില്‍ ചരക്ക്വില്‍പ്പനയ്ക്ക് വന്നു. 57,000 കിലോയ്ക്ക് മുകളില്‍ എലക്ക ലേലത്തിന് എത്തിയതില്‍ 54,360 കിലോ ചരക്കും ഇടപാടുകാര്‍ ശേഖരിച്ചു. മികച്ചയിനങ്ങളുടെ വില കിലോ 2276 രൂപയിലും ശരാശരി ഇനങ്ങള്‍ കിലോ 1572 രൂപയില്‍ കൈമാറി. കയറ്റുമതി സമൂഹവും ആഭ്യന്തര വ്യാപാരികളും ഏലക്ക ശേഖരിച്ചു.