2 Aug 2023 5:45 PM IST
Summary
- കുരുമുളകും, ഏലക്കയും ജാതിക്കയുമെല്ലാം കാലാവസ്ഥ വ്യതിനായത്തില്‍ അകപ്പെട്ടാല്‍ കാര്‍ഷിക മേഖല കൂടുതല്‍ പ്രതിസന്ധിയില്‍ അകപ്പെടും.
കാലവര്‍ഷത്തിന്റെ ആദ്യ രണ്ട് മാസങ്ങളില്‍ രാജ്യത്ത് മഴയുടെ അളവില്‍ കാര്യമായ കുറവ് സംഭവിച്ചില്ലെങ്കിലും കേരളത്തില്‍ ജൂണിലെന്ന പോലെ തന്നെ ജൂലൈയിലും ആവശ്യാനുസരണം മഴ ലഭ്യമായില്ല. പിന്നിട്ട മാസത്തില്‍ പതിവില്‍ നിന്നും വിത്യസ്ഥമായി സംസ്ഥാനത്ത് മഴ 35 ശതമാനം കുറവായിരുന്നു. രണ്ട് മാസകാലയളവില്‍ 1300 മില്ലി മീറ്റില്‍ അധികം മഴ ലഭിക്കേണ്ടിയിരുന്ന സ്ഥാനത്ത് 852 മില്ലി മീറ്റര്‍ മഴ മാത്രം ലഭിച്ചുള്ളു. മണ്‍സൂണ്‍ ആരംഭത്തില്‍ അറബിക്കടലില്‍ ഉടലെടുത്ത ബിപര്‍ജോയ് ചുഴലിക്കറ്റിന്റെ കടന്ന് വരവ് മഴ മേഘങ്ങളുടെ സഞ്ചാരപദത്തില്‍ കാര്യമായ മാറ്റം സൃഷ്ടിച്ചത് കാര്‍ഷിക കേരളത്തിന് കനത്ത പ്രഹരമായി. നിലവിലെ വരണ്ട കാലാവസ്ഥ കൂടി കണക്കിലെടുത്താല്‍ സംസ്ഥാനത്ത് സുഗന്ധവ്യഞ്ജനങ്ങളുടെ ഉല്‍പാദനം അടുത്ത സീസണില്‍ കുത്തനെ കുറയാനുള്ള സാധ്യതകളിലേയ്ക്കാണ് സ്ഥിതിഗതികള്‍ വിരല്‍ ചുണ്ടുന്നത്. കുരുമുളകും, ഏലക്കയും ജാതിക്കയുമെല്ലാം കാലാവസ്ഥ വ്യതിനായത്തില്‍ അകപ്പെട്ടാല്‍ കാര്‍ഷിക മേഖല കൂടുതല്‍ പ്രതിസന്ധിയില്‍ അകപ്പെടും. എല്‍ ലിനോ പ്രതിഭാസം കൂടി കണക്കിലെടുത്താല്‍ ആഗസ്റ്റില്‍ മഴ കുറവ് സംഭവിക്കുമെന്ന പ്രവചനമാണ് വിദേശ കാലാവസ്ഥ ഏജന്‍സികള്‍ നടത്തിയിട്ടുള്ളത്.
കുരുമുളകിന് ആവശ്യം ഉത്തരേന്ത്യയില്‍ നിന്ന്
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും കുരുമുളകിന് ആവശ്യകാരുടെ എണ്ണ ഉയരുന്നതായാണ് വിപണി വൃത്തങ്ങളില്‍ നിന്നുള്ള സൂചന. ടെര്‍മിനല്‍ മാര്‍ക്കറ്റിനെ ആശ്രയിച്ചാല്‍ വിലക്കയറ്റത്തിന് വേഗതയേറുമെന്ന ഭീതിയില്‍ അന്തര്‍സംസ്ഥാന വാങ്ങലുകാര്‍ കാര്‍ഷിക മേഖലകളില്‍ നേരിട്ടും ഏജന്‍മാരെ ഇറക്കിയും കുരുമുളക് സംഭരണത്തിന് ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ ഉല്‍പാദന കേന്ദ്രങ്ങളിലും വില്‍പ്പനക്കാര്‍ കുറഞ്ഞത്വാങ്ങലുകാരെ അസ്വസ്ഥതരാക്കുന്നു. വിലക്കയറ്റത്തിനുള്ള സാധ്യതകള്‍ മുന്നില്‍ കണ്ട് ഇറക്കുമതിക്കാര്‍ വിദേശ രാജ്യങ്ങളുമായി പുതിയ കച്ചവടങ്ങള്‍ക്ക് നീക്കം നടത്തുന്നതായും സൂചനയുണ്ട്. ഇന്ത്യന്‍ മാര്‍ക്കറ്റ് കൂടുതല്‍ മുന്നേറുമെന്ന കണക്ക് കൂട്ടലിലാണ് വ്യവസായികള്‍ ഇറക്കുമതിക്ക് ശ്രമം തുടങ്ങിയത്. ഗാര്‍ബിള്‍ഡ് കുരുമുളക് വില 59,700 രൂപയായി ഉയര്‍ന്നു.
വിപണികളില്‍ സജീവ സാന്നിധ്യമറിയിച്ച് ഏലം
ലേല കേന്ദ്രങ്ങളില്‍ പുതിയ എലക്കയുടെ സാന്നിധ്യം കണ്ട് തുടങ്ങി. ഉല്‍പാദന മേഖലകളിലെ ഏലക്ക ഉണക്ക് കേന്ദ്രങ്ങളില്‍ പിന്നിട്ട ഏതാനും ദിവസങ്ങളായി ഉയര്‍ന്ന അളവില്‍ പച്ച ഏലക്ക എത്തുന്നത് കണക്കിലെടുത്താല്‍ മാസമദ്ധ്യത്തിന് മുന്നേ കൂടുതല്‍ ചരക്ക് വില്‍പ്പനയ്ക്ക് ഇറങ്ങാന്‍ ഇടയുണ്ട്. ഹൈറേഞ്ച് മേഖലയില്‍ ചെറിയ അളവില്‍ രാത്രി മഴ ലഭ്യമായതും ഏലചെടികള്‍ പുഷ്പിക്കാന്‍ അവസരം ഒരുക്കുന്നു. ഉത്സവ വേളയിലെ ആവശ്യങ്ങള്‍ മുന്നില്‍ കണ്ട് ഉത്തരേന്ത്യയില്‍ നിന്നും ഏലത്തിന് അന്വേഷണങ്ങളുണ്ട്. വിലക്കയറ്റം ഭയന്ന് കയറ്റുമതി ഓര്‍ഡറുകളെ കുറിച്ച്എക്സ്പോര്‍ട്ടര്‍മാര്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുന്നില്ല. നെടുക്കണ്ടത്ത് ഇന്ന് നടന്ന ലേലത്തില്‍ മൊത്തം 65,477 കിലോ ഏലക്ക വില്‍പ്പനയ്ക്ക് വന്നതില്‍ 60,642 കിലോയും ഇടപാടുകാര്‍ ശേഖരിച്ചു.
സമ്മര്‍ദ്ദത്തില്‍ റബര്‍
ടയര്‍ ലോബി റബര്‍ വിപണിയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി. ടാപ്പിങ് രംഗത്തെ ഉണര്‍വും വിദേശ വിപണികളില്‍ റബര്‍ അവധി നിരക്കുകളില്‍ അനുഭവപ്പെട്ട വില്‍പ്പന സമ്മര്‍ദ്ദവും മൂലം നാലാം ഗ്രേഡ് ഷീറ്റ് വില 100 രൂപ ഇടിഞ്ഞ് 15,100 രൂപയായി. അഞ്ചാം ഗ്രേഡ് റബര്‍ വിലയും വ്യവസായികള്‍ ഇടിച്ചു. അതേ സമയം ലാറ്റക്സ് ക്ഷാമം മൂലം നിരക്ക് 11,800 രൂപയില്‍ സ്റ്റെഡിയാണ്.