image

1 Aug 2023 5:45 PM IST

Commodity

മഴയില്‍ ആശങ്ക വേണ്ടെന്ന് കാലാവസ്ഥാ വിഭാഗം; കുരുമുളകിന്റെ പാതയില്‍ ഏലവും

Kochi Bureau

meteorological department not to worry about rain
X

Summary

  • റബര്‍ വില ഇടിച്ച് വ്യവസായികള്‍


കാര്‍ഷിക കേരളത്തിന് പ്രതീക്ഷ പകരുന്ന വെളിപ്പെടുത്തലുമായി ഇന്ത്യന്‍ കാലാവസ്ഥ വിഭാഗം. ആഗസ്റ്റ്-സെപ്റ്റംബറില്‍ മഴ സാധാരണ നിലയില്‍ ലഭ്യമാകുമെന്ന് വ്യക്തമാക്കിയതിന്റെ ആവേശം വരും ദിനങ്ങളില്‍ കാര്‍ഷിക ഉല്‍പാദന മേഖലകളില്‍ ദൃശ്യമാവും. എല്‍ ലിനോ പ്രഭിഭാസം മൂലം മണ്‍സൂണ്‍ ഈ മാസം മുതല്‍ ദുര്‍ബലമാകുമെന്ന പ്രവചനങ്ങളാണ് വിദേശ കാലാവസ്ഥ ഏജന്‍സികള്‍ നേരത്തെ നല്‍കിയിരുന്നത്. ഇതിനാല്‍ വള പ്രയോഗങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു വലിയോരു ഭാഗം കര്‍ഷകര്‍. യഥാസമയം മഴ ലഭ്യമായില്ലെങ്കില്‍ വിളനാശത്തിനുള്ള സാധ്യതകള്‍ അവരെ ആശങ്കയിലാക്കിയിരുന്നു. ഈ മാസം 234 മില്ലി മീറ്റര്‍ മഴ പ്രതീക്ഷിക്കുന്നു. അതായത് ജൂണ്‍-ആഗസ്റ്റ് കാലയളവില്‍ മൊത്തം 701 മീല്ലി മീറ്റര്‍ മഴ ലഭ്യമാവുമെന്നാണ് അവരുടെ വിലയിരുത്തല്‍.

താരമായി കുരുമുളക്

കുരുമുളക് വില ഇന്ന് ക്വിന്റ്റലിന് 500 രൂപ വര്‍ദ്ധിച്ചു. കഴിഞ്ഞ വാരത്തിലെ വന്‍ കുതിച്ചു ചാട്ടത്തിന് ശേഷം വിപണി സാങ്കേതിക തിരുത്തലിന് നീക്കം നടത്തിയത് മൂലം 60,000 രൂപയില്‍ നിന്നും ഉല്‍പ്പന്ന വില വരെ കഴിഞ്ഞ ദിവസം 58,700 ലേയ്ക്ക് താഴ്ന്ന് ഇടപാടുകള്‍ നടന്നു. വില ഇടിവ് ഉല്‍പാദകരെ ചരക്ക് വിറ്റുമാറാന്‍ പ്രേരിപ്പിക്കുമെന്നാണ് വിപണി വൃത്തങ്ങള്‍ കണക്ക് കൂട്ടിയതെങ്കിലും കര്‍ഷകര്‍ താഴ്ന്ന വിലയ്ക്ക് മുളക് ഇറക്കാന്‍ താല്‍പര്യം കാണിച്ചില്ല. കാലവര്‍ഷം ദുര്‍ബലമായതിനാല്‍ അടുത്ത സീസണില്‍ ഉല്‍പാദനം കുറയമെന്ന ഭീതി മൂലം വലിയ പങ്ക് കര്‍ഷകരും ചരക്ക് വില്‍പ്പനയ്ക്ക് തയ്യാറാവുന്നില്ല. അതേ സമയം കാലാവസ്ഥ വിഭാഗം മഴയുടെ കാര്യത്തില്‍ കുറവ് സംഭവിക്കില്ലെന്ന പുതിയ വെളിപ്പെടുത്തല്‍ കുരുമുളക് കര്‍ഷകരെ എത്രമാത്രം സ്വാധീനിക്കുമെന്നതിനെ ആശ്രയിച്ചാവും വരും ദിനങ്ങളില്‍ ഉല്‍പാദന കേന്ദ്രങ്ങളില്‍ നിന്നും കൊച്ചി വിപണിയിലേയ്ക്കുള്ള കുരുമുളക് വരവ്. ഉത്തരേന്ത്യന്‍ ഡിമാന്റ്റില്‍ കുരുമുളക് വില ഇന്ന് 100 രൂപ ഉയര്‍ന്ന് 59,300 രൂപയായി.

വില ഇടിച്ച് റബര്‍

വ്യവസായികള്‍ തെളിഞ്ഞ കാലാവസ്ഥ മറയാക്കി റബര്‍ മാര്‍ക്കറ്റില്‍ കത്തിവെച്ചു. സംസ്ഥാനത്ത് റബര്‍ ഉല്‍പാദനം നിലവിലെ കാലാവസ്ഥയില്‍ ഉയരുമെന്ന മനസിലാക്കി ഉത്തരേന്ത്യന്‍ വാങ്ങലുകാര്‍ ലാറ്റക്സ് വില ക്വിന്റ്റലിന് ഒറ്റയടിക്ക് 400 രൂപ ഇടിച്ചു. വിപണിയുടെ ചലനങ്ങള്‍ കണക്കിലെടുത്താല്‍ അടുത്ത ദിവസങ്ങളില്‍ അവര്‍ വില വീണ്ടും കുറക്കാനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നു. കര്‍ഷകര്‍ ലാറ്റക്സ് നീക്കം നിയന്ത്രിച്ചാല്‍ പ്രതിസന്ധിയെ മറികടക്കാനാവും. മുഖ്യ വിപണികളില്‍ നാലാം ഗ്രേഡ് റബര്‍ 15,200 രൂപയില്‍ സ്ഥിരതയില്‍ വിപണനം നടന്നു.

വിപണിയിലെ റാണിയായി ഏലം

ഉല്‍പാദന മേഖലയില്‍ നടന്ന ഈ മാസത്തെ ആദ്യ ലേലത്തില്‍ തന്നെ 76,000 കിലോ ഏലക്കയാണ് വില്‍പ്പനയ്ക്ക് ഇറങ്ങിയത്. പല ഭാഗങ്ങളിലും വിളവെടുപ്പ് ഊര്‍ജിതമായത് കണക്കിലെടുത്താല്‍ പുതിയ ചരക്ക് തിരക്കിട്ട് വില്‍പ്പനയ്ക്ക് ഇറക്കാനുള്ള നീക്കങ്ങളും കാര്‍ഷിക മേഖലകളില്‍ അനുഭവപ്പെടുന്നുണ്ട്. 73,000 കിലോ ഏലക്ക വിറ്റഴിഞ്ഞു, ആഭ്യന്തര വ്യവസായികളും കയറ്റുമതി സമൂഹവും ചരക്ക് സംഭരിക്കാന്‍ ഉത്സാഹിക്കുന്നുണ്ട്. വലിപ്പം കൂടിയയിനങ്ങള്‍ കിലോ 2177 രൂപയിലും ശരാശരി ഇനങ്ങള്‍ 1523 രൂപയിലും കൈമാറി.

വില മാറാതെ നാളികേരം

നാളികേരോപ്പന്നങ്ങളുടെ വിലയില്‍ മാറ്റമില്ല. മാസാരംഭമായതിനാല്‍ പ്രദേശിക മാര്‍ക്കറ്റുകളില്‍ എണ്ണയ്ക്ക് പതിവിലും ഡിമാന്റ് ഉയരാനുള്ള സാധ്യതകള്‍ കണക്കിലെടുത്ത് മില്ലുകാര്‍ വില സ്റ്റെഡിയായി നിലനിര്‍ത്തിയാണ് ചരക്ക് വിറ്റഴിച്ചത്. കൊച്ചിയില്‍ വെളിച്ചെണ്ണ 12,700 രൂപയിലും കോഴികോട് 13,900 രൂപയിലുമാണ്.