23 Jun 2023 5:22 PM IST
Summary
- വിളവെടുപ്പ് വൈകിയാൽ ഏലം ചരക്ക് ക്ഷാമം നേരിടും
- റബ്ബറില്‍ വിലയിടിവ് തുടരുന്നു
ജൂൺ അവസാന വാരത്തിലേക്ക് അടുക്കുമ്പോളും സംസ്ഥാനത്ത് കാലവർഷം ദുർബലമായി തുടരുന്നത് ഹൈറേഞ്ചിലെ തോട്ടം മേഖലയിൽ ആശങ്ക പരത്തുന്നു. മഴയുടെ അളവ് ചുരുങ്ങിയത് ഏലക്ക ഉൽപാദനത്തെ ബാധിക്കുമെന്ന സൂചനയാണ് കർഷകരിൽ നിന്നും ലഭ്യമാവുന്നത്. തോട്ടങ്ങളിൽ മഴ കുറഞ്ഞതിനാൽ ഏലച്ചെടികള്‍ പുഷ്‌പിക്കുന്നതിന് കാലതാമസം നേരിടും. പുതിയ സാഹചര്യത്തിൽ സീസൺ ആരംഭം ഓഗസ്‌റ്റിലേയ്‌ക്ക് നീണ്ടുപോകാൻ ഇടയുള്ളത് കർഷകരെയും വാങ്ങലുകാരെയും ഒരു പോലെ ബാധിക്കും. വിളവെടുപ്പ് വൈകിയാൽ ചരക്ക് ക്ഷാമം തല ഉയർത്താനിടയുണ്ട്, കാലാവസ്ഥ മാറ്റങ്ങൾ മുൻ നിർത്തി അടുത്ത വാരങ്ങളിൽ ഉൽപ്പാദന മേഖലയിലെ സ്‌റ്റോക്കിസ്‌റ്റുകൾ സ്വീകരിക്കുന്ന നിലപാടിനെ ആസ്‌പദമാക്കിയാവും ജൂലൈയിൽ എലക്ക വിലയിലെ കയറ്റിറക്കങ്ങൾ.
അറബ് രാജ്യങ്ങളിൽ നിന്നുള്ള ഓർഡറുകൾ പ്രകാരം ആവശ്യമായ ചരക്ക് ലഭ്യമല്ലാതെ വന്നാൽ, വില ഉയർത്താൻ എക്‌സ്‌പോർട്ടർമാർ നിർബന്ധിതരാവും. മൊത്തം 59,257 കിലോ ഏലക്ക വിൽപ്പനയ്‌ക്ക് എത്തിയതിൽ 58,038 കിലോയും ഇടപാടുകാർ വാങ്ങി. ശരാശരി ഇനം ഏലം കിലോ 1166 രൂപയിലും മികച്ചയിനങ്ങൾ 1898 രൂപയിലുമാണ്.
സുഗന്‌ധവ്യഞ്‌ജന വിപണിയിൽ തുടർച്ചയായ നാലാം വാരത്തിലും കുരുമുളക് വിലയിൽ മാറ്റമില്ല. ഉൽപ്പന്ന വിലയിൽ ഉണർവ് അനുഭവപ്പെടുമെന്ന വിശ്വാസത്തിൽ കാർഷിക മേഖല ചരക്ക് ഇറക്കാതെ ഒരു മാസമായി മാർക്കറ്റിലെ ഓരേ ചലനങ്ങളെയും സസുക്ഷ്‌മം നിരീക്ഷിക്കുകയാണ്. ഇടുക്കി, വയനാട് മേഖലകളിലെ വൻകിട കർഷകരും സ്‌റ്റോക്കിസ്‌റ്റുകളും കുരുമുളക് വില ആഭ്യന്തര ഡിമാന്‍റിന്‍റെ അടിസ്ഥാനത്തില്‍ മുന്നേറുമെന്ന കണക്ക് കൂട്ടലിലാണ്. ടെർമിനൽ മാർക്കറ്റിൽ ചരക്ക് വരവ് കഴിഞ്ഞ നാലാഴ്‌ച്ചയായി ഗണ്യമായി കുറഞ്ഞു, പോയവാരം വരവ് 116 ടൺ മാത്രമായിരുന്നു. ഓഫ് സീസണായതിനാൽ വില വർദ്ധിക്കുമെന്ന ഭീതി വാങ്ങലുകാരിലുണ്ടങ്കിലും പെടുന്നനെ വില ഇടിഞ്ഞാൽ അത് തക്കമാക്കാമെന്ന നിഗമനത്തിലാണ് അന്തർസംസ്ഥാന വ്യാപാരികൾ. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് കിലോ 488 രൂപയാണ്.
രാജ്യാന്തര റബർ മാർക്കറ്റിലെ വില ഇടിവ് ആഭ്യന്തര വിപണിയെ വൻ തോതിൽ സ്വാധീനിച്ചതോടെ ഷീറ്റ് വിൽപ്പനയിൽ നിന്നും വലിയോരു പങ്ക് മദ്ധ്യവർത്തികളും പിൻമാറി. ചുരുങ്ങിയ കാലയളവിൽ നാലാം ഗ്രേഡ് ഷീറ്റ് വില കിലോ 161ൽ നിന്നും 152ലേക്ക് എത്തിയത് വിൽപ്പനക്കാർക്ക് കനത്ത സാമ്പത്തിക നഷ്‌ടം വരുത്തിവെച്ചു. ടയർ നിർമ്മാതാക്കൾ വിദേശത്തെ തളർച്ച മറയാക്കി നിരക്ക് താഴ്‌ത്തിയാണ് ഓരോ ദിവസവും ക്വട്ടേഷൻ ഇറക്കുന്നത്. നാലാം ഗ്രേഡ് ഇന്ന് 153 രൂപയിൽ വ്യാപാരം നടന്നു.
കേരളത്തിൽ സ്വർണ വില വീണ്ടും താഴ്‌ന്നു. മാർച്ച് മധ്യത്തിന് ശേഷമുള്ള ഏറ്റവും താഴ്‌ന്ന നിരക്കിലാണ് ഇന്ന് ആഭരണ വിപണികളിൽ പവന്‍റെ ഇടപാടുകൾ നടന്നത്. പവന് 320 രൂപ കുറഞ്ഞ് 43,600 രൂപയിൽ നിന്നും 43,280 രൂപയായി. ഒരു ഗ്രാമിന് ഇന്ന് 40 രൂപ കുറഞ്ഞ് 5410 രൂപായായി.