image

14 Jun 2023 5:30 PM IST

Commodity

കേര വിപണി തണുപ്പണിഞ്ഞു; പ്രതീക്ഷിച്ച സുഗന്ധമില്ലാതെ ഏലം

Kochi Bureau

കേര വിപണി തണുപ്പണിഞ്ഞു; പ്രതീക്ഷിച്ച സുഗന്ധമില്ലാതെ ഏലം
X

Summary

  • ബക്രീദ് ആഘോഷങ്ങള്‍ക്ക് മുന്നേ പരമാവധി ഏലക്ക വാങ്ങി കൂട്ടുകയാണ് ഇടപാടുകാര്‍ പലരും


നാളികേരോല്‍പ്പന്നങ്ങളെ ബാധിച്ച വില തകര്‍ച്ച കര്‍ഷക കുടുംബങ്ങളെ സാമ്പത്തിക ഞെരുക്കത്തിലാക്കുന്നുണ്ട്. കൊപ്രയുടെ വില തകര്‍ച്ച തടയാന്‍ ആവശ്യമായ കരുതല്‍ സംസ്ഥാനത്തിനുണ്ടെങ്കിലും അത് വേണ്ട വിധം പ്രയോഗിക്കാന്‍ അറിയാത്ത അവസ്ഥയിലാണ് കൃഷി വകുപ്പ്. കേന്ദ്ര ഫണ്ട് പ്രയോജനപ്പെടുത്തി താങ്ങ് വില നല്‍കി കര്‍ഷകരില്‍ നിന്നും കൊപ്ര സംഭരിച്ചിരുന്നെങ്കില്‍ നിലവിലെ വില തകര്‍ച്ചയില്‍ നിന്നും കര്‍ഷക കുടുംബങ്ങള്‍ക്ക് രക്ഷനേടാനാവുമായിരുന്നു. കൃഷി വകുപ്പ് സഹകരണ സംഘങ്ങളെയും മറ്റ് ഏജന്‍സികളെയും സംയോജിപ്പിച്ച് കൊപ്ര സംഭരണം നടത്തിയിരുന്നെങ്കില്‍ ലക്ഷ്യമിട്ട അരലക്ഷം ടണ്ണില്‍ പകുതിയെങ്കിലും ശേഖരിക്കുക വഴി ഉത്പാദന മേഖലയ്ക്ക് പ്രതിസന്ധി തരണം ചെയാന്‍ കഴിയുമായിരുന്നു. അതേസമയം അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ സംഭരണം ഊര്‍ജിതമായി മുന്നേറുകയാണ്. ബഹുരാഷ്ട്ര കമ്പനികള്‍ നിരക്ക് താഴ്ത്തി ക്വട്ടേഷന്‍ ഇറക്കിയതിനിടയില്‍ കേരഫെഡ് ചരക്ക് ശേഖരിക്കുന്നതില്‍ കഴിഞ്ഞ ദിവസം കാണിച്ച തണുപ്പന്‍ മനോഭാവും കൂടുതല്‍പ്രതിസന്ധിയിലേയ്ക്ക് നീങ്ങാന്‍ ഇടയാക്കുമോയെന്ന ഭീതിയും വിപണി വൃത്തങ്ങളില്‍ ഉടലെടുത്തിട്ടുണ്ട്.

ഏലം വിലയില്‍ ഉണര്‍വില്ലെന്ന് കര്‍ഷകര്‍

ബക്രീദ് ആഘോഷങ്ങള്‍ക്ക് ഇനി അധിക ദിവസമില്ലെങ്കിലും അതിനുമുന്നേ പരമാവധി ഏലക്ക വാങ്ങി കൂട്ടുകയാണ് ഇടപാടുകാര്‍ പലരും. ആഭ്യന്തര മാര്‍ക്കറ്റില്‍ ഉത്പന്നത്തിന് ഡിമാന്റ് പിന്നിട്ട രണ്ട് വര്‍ഷങ്ങളെ അപേക്ഷിച്ച് ഉയരുമെന്ന ഉറച്ച വിശ്വാസം ഏലം വിപണിയുടെ അടിത്തറ ശക്തമാക്കുന്നുണ്ടങ്കിലും ഉത്പന്ന വിലയില്‍ ഉണര്‍വില്ലെന്നാണ് കര്‍ഷകരുടെ പക്ഷം. ഓഫ് സീസണിലെ ഉയര്‍ന്ന വില പ്രതീക്ഷിച്ച് സംഭരിച്ചിരുന്ന ഏലക്ക പലരും വില്‍പ്പനയ്ക്ക് ഇറക്കുന്നുണ്ട്. 42,840 കിലോ ഏലക്ക വില്‍പ്പനയ്ക്ക് വന്നതില്‍ 38,499 കിലോയും വിറ്റഴിഞ്ഞു. മികച്ചയിനങ്ങള്‍ 1794 രൂപയിലും ശരാശരി ഇനങ്ങള്‍ 1098 രൂപയിലും കൈമാറി.

അട്ടിമറി പരാജയം

അഗര്‍ത്തലയില്‍ നിന്നും റബര്‍ ഷീറ്റ് എത്തിച്ച് കേരളത്തില്‍ നിരക്ക് ഇടിക്കാന്‍ ഒരു വിഭാഗം നടത്തിയ ശ്രമം വിജയിച്ചില്ല. ടയര്‍ ലോബിയുടെ പിന്‍തുണയില്‍ നടത്തിയ ചരട് വലികള്‍ പരാജയപ്പെട്ടതോടെ വ്യവസായികള്‍ വീണ്ടും കൊച്ചി കോട്ടയം മാര്‍ക്കറ്റുകളില്‍ പിടിമുറുക്കുന്നു. ടയര്‍ നിര്‍മ്മാതാക്കള്‍ നാലാം ഗ്രേഡ് കിലോ 156 രൂപയ്ക്കും അഞ്ചാം ഗ്രേഡ് 153 രുപയ്ക്കും ശേഖരിച്ചു. ഒട്ടുപാലിന് നേരിട്ട കടുത്ത ക്ഷാമം മുന്‍ നിര്‍ത്തി ഉത്തരേന്ത്യന്‍ വ്യവസായികള്‍ നിരക്ക് കിലോ 91 രൂപയായി ഉയര്‍ത്തി.