image

28 July 2023 5:45 PM IST

Commodity

ചിങ്ങമാസം കാത്ത് നാളികേരം, ശാന്തത കൈവരിച്ച് കുരുമുളക് വിപണി

Kochi Bureau

Coconut oil price unlikely to rally during Onam festival season
X

Summary

  • റബര്‍ തളര്‍ച്ചയില്‍


നാളികേരോല്‍പ്പന്ന വിപണി ചിങ്ങമാസ പിറവിക്കായി കാത്ത് നില്‍ക്കുകയാണ്. സംസ്ഥാനത്ത് എറ്റവും കുടൂതല്‍ വെളിച്ചെണ്ണ വില്‍പ്പന ഓണവേളയിലാണ്. അതുകൊണ്ട് തന്നെ പ്രദേശിക വിപണികളില്‍ എണ്ണ വില്‍പ്പന പതിവിലും ചൂടുപിടിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് നാളികേര മേഖല. തെക്കന്‍ കേരളത്തിന്റെ പല ഭാഗങ്ങളിലും തെളിഞ്ഞ കാലാവസ്ഥ നിലനിന്നത് അവസരമാക്കി നാളികേര വിളവെടുപ്പിന് കാര്‍ഷിക മേഖല താല്‍പര്യം കാണിച്ചു.

ഗ്രാമീണ മേഖലകളില്‍ ചെറുകിട കര്‍ഷകര്‍ കൊപ്ര സംസ്‌കരണത്തിലേയ്ക്കും ശ്രദ്ധതിരിച്ചു. ഉത്സവ ഡിമാന്റ് കൊപ്രയ്ക്ക് നേട്ടം പകരുമെന്ന നിഗമനത്തിലാണ് ഉല്‍പാദകര്‍. ഇതിനിടയില്‍ തമിഴ്നാട്ടിലെ മില്ലുകാര്‍ ഉയര്‍ന്ന അളവില്‍ വെളിച്ചെണ്ണ കേരളത്തിലേയ്ക്ക് നീക്കാനുള്ള തയ്യാറെടുപ്പിലാണ്. എണ്ണയ്ക്ക് മുന്നിലുള്ള ആഴ്ച്ചകളില്‍ ആവശ്യം വര്‍ദ്ധിക്കുമെന്ന തിരിച്ചറിവില്‍ കാങ്കയത്തെ വന്‍കിട മില്ലുകാര്‍ രണ്ടാഴ്ച്ചത്തെ അവധിയില്‍ നിലവില വിലയ്ക്ക് പുതിയ കച്ചവടങ്ങള്‍ക്കും താല്‍പര്യം കാണിക്കുന്നുണ്ട്. മാസാരംഭത്തില്‍ തന്നെ വെളിച്ചെണ്ണയ്ക്ക് പ്രദേശിക വിപണികളില്‍ ആവശ്യം ഉയരുമെന്ന കണക്ക് കൂട്ടലിലാണ് വില്‍പ്പനക്കാര്‍. കൊച്ചിയില്‍ വെളിച്ചെണ്ണ 12,500 രൂപയില്‍ വ്യാപാരം നടന്നു.

ഉത്തരേന്ത്യന്‍ പിന്‍ബലത്തില്‍ ഏലം

വണ്ടന്‍മേട് നടന്ന ഏലക്ക ലേലത്തില്‍ കനത്തതോതില്‍ ചരക്ക് വില്‍പ്പനയ്ക്ക് ഇറങ്ങി. ഈ മാസം ആദ്യമായി ഒറ്റ ലേലത്തിന് 73,000 കിലോയില്‍ അധികം ഏലക്കയാണ് ഉല്‍പാദന മേഖല വില്‍പ്പനയ്ക്ക് ഇറക്കിയത്. കയറ്റുമതി മേഖലയില്‍ നിന്നും ഉത്തരേന്ത്യയില്‍ നിന്നുമുള്ള ആവശ്യകാരുടെ പിന്‍ബലത്തില്‍ മൊത്തം 70,000 അധികം കിലോ ഏലക്ക വിറ്റഴിഞ്ഞു. ഹൈറേഞ്ചില്‍ പുതിയ ഏലക്ക വിളവെടുപ്പ് അടുത്ത മാസം ഊര്‍ജിതമാക്കുമെന്ന വിലയിരുത്തലില്‍ സ്റ്റോക്കിസ്റ്റുകള്‍ ചരക്ക് വിറ്റുമാറാന്‍ രംഗത്ത് ഇറങ്ങി. മികച്ചയിനങ്ങള്‍ കിലോ 2317 രൂപയില്‍ ഇടപാടുകള്‍ നടന്നു. ശരാശരി ഇനങ്ങള്‍ 1525 രൂപയിലും കൈമാറി.

ശാന്തത കൈവരിച്ച് കുരുമുളക്

കുതിച്ചു ചാട്ടത്തിന് ശേഷം അല്‍പ്പം ശാന്തതയിലാണ് കുരുമുളക് വിപണി. കാര്‍ഷിക മേഖലയെ ആവേശം കൊള്ളിച്ച് ഗാര്‍ബിള്‍ഡ് മുളക് വില കിലോ 601 രൂപയിലേയ്ക്ക് പ്രവേശിച്ചതോടെ സ്റ്റോക്കിസ്റ്റുകള്‍ കൂടുതല്‍ ജാഗ്രതയിലാണ്, ഉത്സവ സീസണിന് തുടക്കം കുറിക്കുന്നതോടെ കുരുമുളക് വില വീണ്ടും വര്‍ദ്ധിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് കര്‍ഷക കുടുംബങ്ങള്‍. അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് കിലോ 581 രൂപ.

റബര്‍ തളര്‍ച്ചയില്‍

ടയര്‍ ലോബി വീണ്ടും റബര്‍ വിപണിയില്‍ കത്തിവെച്ചു. രാജ്യാന്തര മാര്‍ക്കറ്റിലെ തളര്‍ച്ച മറയാക്കി ടയര്‍ കമ്പനികള്‍ കൊച്ചി വിപണിയില്‍ നാലാം ഗ്രേഡ് റബര്‍ വില ക്വിന്റ്റലിന് 200 രൂപ ഇടിച്ച് 15,200 ന് ചരക്ക് ശേഖരിക്കാന്‍ നീക്കം നടത്തിയെങ്കിലും ഷീറ്റ് ലഭ്യത നാമമാത്രമായിരുന്നു.