13 Jun 2023 5:42 PM IST
Summary
- വെള്ളിച്ചെണ്ണ വില ഈ വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍
- ഏലക്കയ്ക്ക് ശക്തമായ ആവശ്യകത
- ഉല്‍പ്പാദനത്തിലെ ഇടിവ് തേയില വില കൂട്ടാനിടയാക്കും
മലേഷ്യയിൽ പാം ഓയിൽ ഉൽപ്പാദനത്തിൽ ഗണ്യമായ വർദ്ധവുണ്ടായത് ആഗോള എണ്ണ വിപണിയെ വീണ്ടും സമ്മർദ്ദത്തിലാക്കി. റെഡി‐ അവധി വ്യാപാര രംഗം ഇത് മൂലം വിൽപ്പനക്കാരുടെ നിയന്ത്രണത്തിൽ അകപ്പെട്ടത് നിരക്ക് വീണ്ടും കുറയാൻ ഇടാക്കുമെന്ന ആശങ്കയിലാണ് ഉൽപാദകർ. ഇതിനിടയിൽ ജൂണിലെ ആദ്യ പത്ത് ദിവസങ്ങളിൽ മലേഷ്യയുടെ കയറ്റുമതിയിൽ ഇടിവ് നേരിട്ട വിവരം ഇന്നലെ പുറത്തുവന്നത് വിപണി ചൂടുപിടിക്കാൻ അവസരം ഒരുക്കുമോയെന്ന് ഉറ്റ് നോക്കുകയാണ് ഇന്ത്യൻ ഇറക്കുമതിക്കാർ. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് കയറ്റുമതി ജൂൺ പത്തു വരെയുള്ള കാലളവിൽ 17 ശതമാനം ഇടിഞ്ഞു. ടണ്ണിന് 725 ഡോളറാണ് മലേഷ്യ ആവശ്യപ്പെടുന്നത്. ആഭ്യന്തര മാർക്കറ്റിൽ പത്ത് കിലോ പാം ഓയിൽ വില 880 രൂപയാണ്. ഇതിനിടയിൽ കേരളത്തില്‍ വെളിച്ചെണ്ണ വില ഈ വർഷത്തെ ഏറ്റവും താഴ്‌ന്ന തലത്തിലേയ്‌ക്ക് താഴ്‌ന്ന് ക്വൻറ്റലിന് 12,300 രൂപയായി.
കാലാവസ്ഥ വ്യതിയാനങ്ങളെ തുടർന്ന് രാജ്യത്ത് തേയില ഉൽപാദത്തിൽ കുറവ് സംഭവിച്ചതായി ഉൽപാദന കേന്ദ്രങ്ങളിൽ നിന്നുള്ള ഏറ്റവും പുതിയ വിവരം. ഉഷ്‌ണതരംഗം മൂലം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉത്തരേന്ത്യൻ തോട്ടങ്ങളിലാണ് കൊളുന്ത് നുള്ള് കുറഞ്ഞിട്ടുള്ളത്. പശ്‌ചിമ ബംഗാളിലും ആസാമിലും കഴിഞ്ഞ മാസങ്ങളിൽ തേയില ഉൽപാദനം പ്രതീക്ഷിച്ചതിലും ചുരുങ്ങി. വരണ്ട കാലാവസ്ഥ ഉൽപാദന കുറവ് മാത്രമല്ല, ഗുണമേൻമയെയും ബാധിച്ചു. അതേ സമയം ഉൽപാദനം കുറഞ്ഞ വിവരം ലേലകേന്ദ്രങ്ങളിൽ തേയിലയ്‌ക്ക് ഡിമാൻറ് ഉയർത്തി. ഇല, പൊടി തേയില വിലകൾ ഉത്തരേന്ത്യൻ ലേലത്തിൽ കിലോ 11 രൂപ ഉയർന്നപ്പോൾ കൊച്ചിയിൽ ഒമ്പത് രൂപ വരെ വർദ്ധിച്ചു. ആഭ്യന്തര വിദേശ ഡിമാൻറ്റ് കണക്കിലെടുത്താൽ വരും ദിനങ്ങളിൽ തേയിലയ്‌ക്ക് കടുപ്പം വർദ്ധിക്കാം.
ശക്തമായ ഡിമാൻറ് മുൻ നിർത്തി ഏലക്ക സംഭരിക്കാൻ ലേല കേന്ദ്രങ്ങളിൽ ആഭ്യന്തര വിദേശ വാങ്ങലുകാർ ഉത്സാഹിച്ചെങ്കിലും വിലയുടെ കാര്യത്തിൽ അവർ സംഘടിത നീക്കത്തിലുടെ വിലക്കയറ്റത്തെ തടഞ്ഞു. ഉൽപാദന മേഖലയിൽ രാവിലെ നടന്ന ലേലത്തിൽ ശരാശരി ഇനങ്ങളുടെ വില കിലോ 980 രൂപയായി ഇടിഞ്ഞു, മികച്ചയിനങ്ങൾ 1692 രൂപയിലും കൈമാറി. മൊത്തം 17,630 കിലോ ഏലക്കയുടെ ലേലമാണ് നടന്നത്. ബക്രീദ് അടുത്തതോടെ രാജ്യത്തിന്‍റെ എതാണ്ട് എല്ലാ ഭാഗങ്ങളിൽ നിന്നും ഏലത്തിന് അന്വേഷണങ്ങളുണ്ട്.
സംസ്ഥാനത്തെ ആഭരണ വിപണികളിൽ സ്വർണം വില ഇന്ന് മാറ്റമില്ലാതെ തുടര്‍ന്നു . പവൻ 44,320 രൂപയിലാണ് ഇടപാടുകൾ നടന്നത്. ഒരു ഗ്രാം സ്വർണത്തിന് 5540 രൂപ. രാജ്യാന്തര മാർക്കറ്റിൽ സ്വർണ വില ട്രോയ് ഔൺസിന് 1966 ഡോളർ. അടുത്ത ദിവസം നടക്കുന്ന യു എസ് ഫെഡ് റിസർവ് യോഗ തീരുമാനത്തിനായി കാത്ത് നിൽക്കുകയാണ് ഓപ്പറേറ്റർമാർ. പലിശ നിരക്കിൽ വർദ്ധന വരുത്തുമെന്നും അതല്ല തൽക്കാലം സ്‌റ്റെഡിയായി തുടരുമെന്ന വിത്യസ്ഥ വിലയിരുത്തലാണ് ഇടപാടുകാരെ രംഗത്ത് നിന്ന് അൽപ്പം പിൻതിരിപ്പിച്ചത്.