4 July 2023 5:30 PM IST
Summary
- ഇന്ത്യന്‍ കുരുമുളകിന് ഡിമാന്റുയര്‍ന്നു
കുരുമുളക് വിലയില്‍ ഒരു മാസം നീണ്ട അനിശ്ചതാവസ്ഥയ്ക്ക് ശേഷം ഉല്‍പ്പന്ന വില ഉയര്‍ന്നത് സാര്‍വദേശീയ വിപണിയില്‍ വന്‍ ചലനമുളവാക്കി. അമേരിക്കയിലെയും യുറോപ്യന്‍ രാജ്യങ്ങളിലെയും വന്‍കിട വാങ്ങലുകാര്‍ ഇതര ഉത്പാദന രാജ്യങ്ങളുമായി പിന്നിട്ട ഏതാനും ആഴ്ച്ചകളായി വില പേശല്‍ നടത്തിയിരുന്നെങ്കിലും പുതിയ കരാറുകളില്‍ ഏര്‍പ്പെടാതെ അകന്ന് നിന്ന പലരും രംഗത്ത് തിരിച്ചെത്തി. ഇന്ത്യന്‍ കുരുമുളക് വില ഉയര്‍ന്ന വിവരം കഴിഞ്ഞരാത്രി തന്നെ ന്യുയോര്‍ക്ക് മാര്‍ക്കറ്റില്‍ ചര്‍ച്ചയായി. മലബാര്‍ മുളക് വില ടണ്ണിന് 6375 ഡോളറിലെത്തിയ വിവരം ഇറക്കുമതി രാജ്യങ്ങളെ മാത്രമല്ല, ഇതര കയറ്റുമതി രാജ്യങ്ങളിലും ചലനമുണ്ടാക്കി. ഇതിനിടയില്‍ കാലാവസ്ഥ വ്യതിയാനങ്ങള്‍ നിമിത്തം കുരുമുളക് ഉത്പാദനത്തില്‍ കുറവ് സംഭവിക്കുമെന്ന ആശങ്കയിലാണ് ഇന്തോനേഷ്യ, സത്ത് നിര്‍മ്മാണത്തിന് ആവശ്യമായ ലൈറ്റ് പെപ്പര്‍ വില പുതിയ സാഹചര്യത്തില്‍ ഉയര്‍ത്തി നിശ്ചയിക്കാന്‍ സാധ്യതയുണ്ടന്നാണ് ജക്കാര്‍ത്തയിലെ കയറ്റുമതി മേഖലയില്‍ നിന്നുള്ള വിവരം. എന്നാല്‍ വില സംബന്ധിച്ച് മൗനം പാലിക്കുകയാണ് ഇന്തോനേഷ്യ. ബ്രസീലും വിയറ്റ്‌നാമും കുരുമുളക് വിലയിലുടെ കാര്യത്തില്‍ സ്വീകരിച്ച പുതിയ വിവരങ്ങള്‍ പുറത്തുവരുന്നതോടെ ആഗോള വിപണിയില്‍ ഉത്പന്നം കൂടുതല്‍ ശ്രദ്ധിക്കപ്പെടാം. കൊച്ചിയില്‍ 100 രൂപ വീണ്ടും വര്‍ധിച്ച് ഗാര്‍ബിള്‍ഡ് 51000 രൂപയായി.
ഇഞ്ചിയാണ് താരം
കേരളത്തിലും കര്‍ണാടകയിലും പച്ച ഇഞ്ചി വില പുതിയ ഉയരങ്ങളിലേയ്ക്ക് കുതിക്കുന്നു. വിത്ത് ഇഞ്ചിയുടെ വില നേരത്തെ ഉയര്‍ന്നതിനാല്‍ പലരും കൃഷിയില്‍ നിന്നും അല്‍പ്പം പിന്‍തിരിഞ്ഞതിനാല്‍ ഉത്പാദനം വിപണിയുടെ പ്രതീക്ഷയ്ക്ക് ഒത്ത് മുന്നേറിയില്ല. നിലവില്‍ അറുപത് കിലോ ചാക്ക് 12,500 രൂപയിലാണ് വിപണനം നടക്കുന്നത്.
കര്‍ണാടകത്തിലെ ഹസനിലും കൂര്‍ഗ്ഗിലും വിളവ് ചുരുങ്ങിയതിനൊപ്പം സ്റ്റോക്ക് നിലയും കുറഞ്ഞ സാഹചര്യത്തില്‍ മാസത്തിന്റെ രണ്ടാം പകുതിയില്‍ വില വീണ്ടും ഉയരാന്‍ സാധ്യത. മൂപ്പ് കൂടിയ ഇഞ്ചി വില 15,000 രൂപയിലേയ്ക്ക് കയറുമെന്ന നിഗമനത്തില്‍ വിളവെടുപ്പ് അല്‍പ്പം വൈകിപ്പിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.
ജനുവരിയില്‍ പഴയ ഇഞ്ചി ചാക്കിന് 2000 രൂപ റേഞ്ചിലായിരുന്നു. മൂപ്പ് കുറഞ്ഞ ഇഞ്ചി വില ചാക്കിന് 6000 രൂപയിലാണ് കര്‍ണാടകയില്‍ ഇടപാടുകള്‍ നടക്കുന്നത്. വയനാട് വിപണിയില്‍ ഇഞ്ചി വില പതിനായിരം രൂപയിലെത്തി.
ഏലം മുന്നോട്ട്
നെടുക്കണ്ടത്ത് നടന്ന ഏലക്ക ലേലത്തില്‍ ചരക്ക് വരവ് കുതിച്ചുകയറി. 60,824 കിലോ ഗ്രാം ചരക്ക് വില്‍പ്പനയ്ക്ക് വന്നതില്‍ 53,858 കിലോയും വിറ്റഴിഞ്ഞു. ആഭ്യന്തര വിദേശ ഇടപാടുകാരില്‍ നിന്നുള്ള ശക്തമായ വാങ്ങല്‍ താല്‍പര്യം നിലനിന്നിട്ടും ശരാശരി ഇനങ്ങള്‍ കിലോ 1250 രൂപയിലും മികച്ചയിനങ്ങള്‍ കിലോ 2051 രൂപയിലും കൈമാറി.