image

3 Aug 2023 5:30 PM IST

Commodity

മഴയില്ലാ പേടിയില്‍ ഏലം കര്‍ഷകര്‍; ചുക്കില്‍ പിടിമുറുക്കി വിപണി

Kochi Bureau

commodities market rate 03 08
X

Summary

  • വരണ്ട കാലാവസ്ഥയില്‍ ഏലം ഉല്‍പാദനം കുത്തനെ കുറയും


സുഗന്ധവ്യഞ്ജനങ്ങളുടെ തറവാടായ ഇടുക്കിയില്‍ ഇക്കുറി മഴയുടെ അളവ് ഗണ്യമായി കുറഞ്ഞത് കാര്‍ഷിക കേരളത്തിന് കനത്ത പ്രഹരമാവും. കയറ്റുമതി വിപണിയിലും ആഭ്യന്തര മാര്‍ക്കറ്റിലും ഏറെ പ്രീയപ്പെട്ട സുഗന്ധറാണിയുടെ ഉല്‍പാദനം ഈ വര്‍ഷം കുത്തനെ കുറയുമെന്ന ഭീതിയിലാണ് ഉല്‍പാദകര്‍. യഥാസമയം വേണ്ടത്ര മഴ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ഏലം കൃഷിയുമായി മുന്നോട്ട് പോകാന്‍ കര്‍ഷകര്‍ ഏറെ ക്ലേശിക്കേണ്ടിവരുമെന്ന ആശങ്ക അവരെ കുടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്നു. ഇടുക്കി ജില്ലയില്‍ മഴയുടെ അളവില്‍ 53 ശതമാനം കുറവ് സംഭവിച്ചുവെച്ച ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവിന്നിട്ടും കൃഷിവകുപ്പ് ഇതിനെ മറികടക്കാനും കര്‍ഷകര്‍ക്ക് ആശ്വാസം പകരാനും യാതൊരു നടപടിക്കും തയ്യാറായിട്ടില്ലന്നത് ഏറെ ദേദകരം.

ടാങ്കര്‍ ലോറികളെ ആശ്രയിച്ച് ഏലതോട്ടങ്ങള്‍ നനക്കാന്‍ വന്‍കിട കര്‍ഷകള്‍ക്കാവുമെങ്കിലും ഈ മേഖലയില്‍ പതിനായിരക്കണക്കിനു വരുന്ന ചെറുകിട കര്‍ഷകര്‍ക്ക് നിലവിലുള്ള ഏലം വിലയുമായി തട്ടിച്ച് നോക്കുമ്പോള്‍ മറ്റ് പ്രദേശങ്ങളില്‍ നിന്നും വെളളം എത്തിച്ച് കൃഷിയിടങ്ങള്‍ നനക്കുന്നത് ചിന്തിക്കാനാവാത്ത അവസ്ഥയാണ്. അതായാത് വരണ്ട കാലാവസ്ഥയിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങിയാല്‍ ഏലം ഉല്‍പാദനം കുത്തനെ കുറയാന്‍ ഇടയുണ്ട്. നിലവില്‍ ശരാശരി ഇനങ്ങള്‍ കിലോ 1500 രൂപയിലും മികച്ചയിനങ്ങള്‍ 2200 രൂപ യിലുമാണ്.

വിളവെടുപ്പ് പല ഭാഗങ്ങളിലും തുടങ്ങിയെങ്കിലും ഏലക്ക ക്ഷാമം മുന്നില്‍ കണ്ട് കാര്‍ഷിക മേഖല ഏലക്കയില്‍ പിടിമുറുക്കിയാല്‍ നിരക്ക് കുതിച്ചു കയറാം. ഇന്ന് തേക്കടിയില്‍ നടന്ന ലേലത്തില്‍ 64,000 കിലോ ഏലക്ക വില്‍പ്പനയ്ക്ക് വന്നതില്‍ 63,000 വും ഇടപാടുകാര്‍ കൊത്തി പെറുക്കി. ചരക്ക് ക്ഷാമത്തെ കുറിച്ചുളള വാങ്ങലുകാരുടെ ആശങ്കയാണ് ഇതില്‍ പ്രകടമാവുന്നത്.

ചുക്കില്‍ പിടിമുറുക്കി വിപണി

ചുക്ക് സംഭരിക്കാന്‍ കയറ്റുമതിക്കാരും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇടപാടുകാരും മത്സരിച്ച് രംഗത്ത് ഇറങ്ങിയത് കുതിച്ചു ചാട്ടത്തിന് വേഗത പകര്‍ന്നു. മികച്ചയിനം ചുക്ക് വില 35,000 രൂപയായി ഉയര്‍ന്നപ്പോള്‍ മീഡിയം ചുക്ക് 32,500 ലേയ്ക്കും മുന്നേറി. കാര്‍ഷിക മേഖലകളിലും ടെര്‍മിനല്‍ മാര്‍ക്കറ്റിലും ചുക്ക് ക്ഷാമം രൂക്ഷമാണ്. പച്ച ഇഞ്ചി വില കിലോ 280 രൂപയിലേയ്ക്ക് പ്രവേശിച്ചതോടെ ചുക്ക് ഉല്‍പാദകരില്‍ വലിയോരു പങ്കും ഈ രംഗത്ത് നിന്നും പിന്‍വലിഞ്ഞു. നിലവിലെ വിലയ്ക്ക് ഇഞ്ചി സംഭരിച്ച് ചുക്കാക്കിയാല്‍ നഷ്ടക്കച്ചവടം സംഭവിക്കുമെന്ന അവരുടെ മുന്‍കാല അനുഭവങ്ങളും പിന്നോക്കം വലിയാന്‍ പ്രേരിപ്പിക്കുന്നു. അതേ സമയം ഉത്തരേന്ത്യ സെപ്റ്റംബററോടെ ശൈത്യകാലത്തിന്റെ പിടിയില്‍ അകപ്പെടുന്ന വേളയില്‍ അവിടെ നിന്നും ചുക്കിന് വന്‍ ഓര്‍ഡറുകള്‍ക്ക് സാധ്യത. ഇത് ചുക്ക് വില അരലക്ഷം രൂപയിലേയ്ക്ക് എത്തിച്ചാലും അല്‍ഭുതപ്പെടാനില്ല.