image

5 July 2023 5:15 PM IST

Commodity

വെളിച്ചെണ്ണ വിപണി താളം തെറ്റി, പ്രതികൂല കാലാവസ്ഥയില്‍ ചുരുങ്ങി റബര്‍

Kochi Bureau

commodities market update-gfx
X

Summary

  • കൊപ്ര വില താഴ്ന്ന നിലയില്‍


ആഗോള ഭക്ഷ്യയെണ്ണ വിപണിയിലെ വില തകര്‍ച്ചയുടെ ചുവട് പിടിച്ച് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വെളിച്ചെണ്ണ വില ഇടിവിനെ അഭിമുഖീകരിക്കുന്നു. ചെറുകിട വിപണികളില്‍ ലിറ്ററിന് 120 രൂപയ്ക്ക് പോലും വെളിച്ചെണ്ണ ലഭ്യമാകുന്ന അവസ്ഥയാണ്. കൊപ്ര കിലോ 70 രൂപയ്ക്ക് പോലും ശേഖരിക്കാന്‍ മില്ലുകാര്‍ താല്‍പര്യം കാണിക്കാത്ത അവസ്ഥ സംജ്ജാതമായതോടെ പച്ചതേങ്ങ കുറഞ്ഞ വിലയ്ക്ക് വിറ്റഴിക്കാന്‍ ഉല്‍പാദന മേഖല നിര്‍ബന്ധിതമാകുന്നു. കാങ്കയം, പൊള്ളാച്ചി വിപണികളില്‍ പച്ചതേങ്ങ വില 19 രൂപ വരെ താഴ്ന്ന് ഇടപാടുകള്‍ നടന്നു.

വിപണിയിലെ ഒരു വന്‍ ശക്തിയും ബഹുരാഷ്ട്ര കമ്പനിയുമായ മാരിക്കോ ഏറ്റവും മികച്ചയിനം കൊപ്രയ്ക്ക് 83.50 രേഖപ്പെടുത്തിയപ്പോള്‍ കേരഫെഡ് അതിലും താഴ്ന്ന വിലയാണ് കൊപ്രയാണ് ക്വട്ട് ചെയ്തത്. തമിഴ്നാട്ടിലെ മൊത്ത വിപണികളില്‍ എണ്ണ ക്വിന്റ്റലിന് 10,200 രൂപയ്ക്ക് വരെ മുന്‍കൂര്‍ കച്ചവടങ്ങള്‍ക്ക് മില്ലുകാര്‍ മത്സരിക്കുന്നുണ്ട്. ആഗസ്റ്റ്സെപ്റ്റംബറില്‍ ചരക്ക് കൈമാറാമെന്ന വ്യവസ്ഥയില്‍ മുന്‍കൂര്‍ വ്യാപാരങ്ങള്‍ ഉറപ്പിക്കുന്നുണ്ട്. മാര്‍ക്കറ്റ് വില ഇതിനിടയില്‍ കുതിച്ചു കയറിയാല്‍ ചരക്ക് നല്‍ക്കാമെന്ന വ്യവസ്ഥയില്‍ ലഭിച്ച അഡ്വാന്‍സ് തുകയുമായി തമിഴ്നാട്ടില്‍ നിന്നുള്ള ഇടപാടുകാര്‍ മുങ്ങിയ ചരിത്രവുമുള്ളതിനാല്‍ കരുതലോടെയാണ് ഓരോ വ്യാപാരികളും ഇതിന് മുന്നിട്ടിറങ്ങുന്നത്.

പ്രതികൂല കാലാവസ്ഥയില്‍ റബര്‍

ഇരുണ്ട കാലാവസ്ഥ വിലയിരുത്തിയാല്‍ സംസ്ഥാനത്ത് റബര്‍ ടാപ്പിങ് തല്‍ക്കാലം ഈ വാരം പുനരാരംഭിക്കാനാവില്ലെന്നാണ് കാര്‍ഷിക മേഖലയില്‍ നടത്തിയ വിലയിരുത്തലുകളില്‍ നിന്നും വ്യക്തമാകുന്നത്. സ്ഥിതിഗതികളില്‍ കാര്യമായ മാറ്റം സംഭവിച്ചാല്‍ മാത്രമേ അടുത്ത വാരം വെട്ട് പുനരാരംഭിക്കാന്‍ പണിക്കാരെ തോട്ടങ്ങളിലേയ്ക്ക് ഇറക്കാന്‍ പറ്റുവെന്നാണ് വന്‍കിട എസ്റ്റേറ്റുകാര്‍ പലരുടെയും വിലയിരുത്തല്‍. റബര്‍ വില താഴ്ന്ന തലത്തില്‍ നീങ്ങുന്നതിനാല്‍ വെട്ട് കൂടി പോലും ഉറപ്പ് വരുത്താന്‍ നിലവിലെ സാഹചര്യം അനുവദിക്കുന്നില്ല. കാറ്റ് ശക്തമായതിനാല്‍ പാല്‍ ലഭ്യത പ്രതീക്ഷയ്ക്ക് ഒത്ത് ഉയരില്ലെന്നത് കൂടി കണക്കിലെടുത്താല്‍ സ്റ്റോക്കിസ്റ്റുകളുടെ നിയന്ത്രണത്തിലേയ്ക്ക് റബര്‍ ചുവട് മാറ്റാം. ടയര്‍ കമ്പനികള്‍ ഈ വാരം മുന്നിലുള്ള മൂന്ന് ദിവസങ്ങളില്‍ സ്വീകരിക്കുന്ന നിലപാടിനെ ആശ്രയിച്ചാവും ഷീറ്റ് വില നിലകൊള്ളുക. നാലാം ഗ്രേഡ് ഇതിനകം കിലോ 157 വരെ കയറിയെങ്കിലും 160 ന് മുകളില്‍ ഉറപ്പ് വരുത്താനാകുമെന്നാണ് ഒരു വിഭാഗം വിലയിരുത്തുന്നത്. 161 രൂപയില്‍ നിന്നാണ് പിന്നിട്ട രണ്ടാഴ്ച്ചകളിലായി നിരക്ക് 153 വരെ ഇടിഞ്ഞതും. ആ നിലയ്ക്ക് ഒരു സാങ്കേതിക തിരിച്ചു വരവിനുള്ള സാധ്യത തെളിയുന്നു.

ഏലം

കേരളാ ഏലം പ്രോസസിംഗ് ആന്‍ഡ് മാര്‍ക്കറ്റിംഗ് കമ്പനി തേക്കടിയില്‍ നടത്തിയ ലേലത്തില്‍ മൊത്തം 43,535 കിലോഗ്രാം ഏലക്ക വില്‍പ്പനയ്ക്ക് എത്തിയതില്‍ 39,824 കിലോയും വിറ്റഴിഞ്ഞു. ആഭ്യന്തര-വിദേശ വാങ്ങലുകാരില്‍ നിന്നുള്ള ഡിമാന്റ് നിലനിന്നിട്ടും മികച്ചയിനങ്ങള്‍ കിലോ 1860 രൂപയിലും ശരാശരി ഇനിങ്ങള്‍ 1227 രൂപയിലും കൈമാറ്റം നടന്നു.