image

4 July 2023 4:55 PM IST

Commodity

ഇഞ്ചി വില റെക്കോര്‍ഡ് ഉയരത്തില്‍; കര്‍ഷകരുടെ സ്വപ്‌നങ്ങളും

MyFin Desk

ginger prices at record high
X

Summary

  • ഇഞ്ചിവില ആഴ്ചകള്‍ക്കുള്ളില്‍ ചാക്കിനു 15,000 രൂപ കടക്കുമെന്ന് കർഷകരുടെ അനുമാനം
  • ചാക്കിന് 12,500 രൂപ എത്തുന്നത് ആദ്യം
  • ലോകത്ത് ഏറ്റവുമധികം ഇഞ്ചി കയറ്റുമതി നടത്തുന്ന രാജ്യമാണ് ഇന്ത്യ


ഇഞ്ചി കര്‍ഷകര്‍ക്കിത് ആഘോഷത്തിന്റെ പെരുമഴക്കാലമാണ്. വില കിലോയ്ക്ക് 250ലെത്തി നില്‍ക്കുന്നു. 60 കിലോഗ്രാമിന്റെ ചാക്കിന് 12,500 രൂപയാണ് മലയാളി കര്‍ഷകര്‍ ഏറെയുള്ള കര്‍ണാടകത്തിലെ മൊത്തവില. ചാക്കിനു 10,000 രൂപ നിരക്കിലായിരുന്നു ഇന്നലെ വയനാട്ടില്‍ ഇഞ്ചി വ്യാപാരം. ആദ്യമായാണ് ഇഞ്ചി വില ഇത്രയും ഉയരത്തില്‍ എത്തുന്നത്. ജനുവരിയില്‍ പഴയിഞ്ചി ചാക്കിന് ശരാശരി 2,000 രൂപയായിരുന്നു വില. ചാക്കിന് (60 കിലോഗ്രാം) 12,500 രൂപ വിലയിലാണ് ഇന്നലെ കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ പഴയിഞ്ചിക്കച്ചവടം നടന്നത്. ഇളയിഞ്ചി ചാക്കിന് 6,000 രൂപയാണ് വില. വിപണിയില്‍ ഇഞ്ചി ആവശ്യത്തിനു ലഭ്യമല്ലാതായതാണ് വിലയിലെ പെട്ടെന്നുള്ള കുതിച്ചുചാട്ടത്തിനു കാരണം. ഇഞ്ചിവില ആഴ്ചകള്‍ക്കുള്ളില്‍ ചാക്കിനു 15,000 രൂപ കടക്കുമെന്നാണ് കര്‍ഷകരുടെ അനുമാനം.

വരവു കുറഞ്ഞത് ഡിമാന്‍ഡ് വര്‍ധിപ്പിച്ചു

കഴിഞ്ഞ വര്‍ഷം നട്ട ഇഞ്ചി വിളവെടുക്കാന്‍ ബാക്കിയുള്ള കര്‍ഷകര്‍ കര്‍ണാടകയില്‍ വളരെ കുറവാണ്. ഇടത്തരം കര്‍ഷകരില്‍ പലരും വിളവെടുപ്പ് നേരത്തേ നടത്തിയിരുന്നു. ഈ വര്‍ഷം നട്ട ഇഞ്ചി വിളവെടുപ്പിനു പാകമാകുന്ന ഡിസംബര്‍ മുതല്‍ ഏതാനും മാസങ്ങളിലും ഇഞ്ചിക്ക് ഉയര്‍ന്ന വില ലഭിക്കുമെന്നാണ് കരുതുന്നതെന്നു എച്ച്.ഡി കോട്ട താലൂക്കില്‍ ഭൂമി പാട്ടത്തിനെടുത്ത് കൃഷി നടത്തുന്ന കര്‍ഷകര്‍ പറയുന്നു. കര്‍ഷകരുടെ പ്രതീക്ഷയ്‌ക്കൊത്തല്ല ഈ നടപ്പുവര്‍ഷം നട്ട ഇഞ്ചിയുടെ വളര്‍ച്ച. പലയിടങ്ങളിലും ഇഞ്ചിപ്പാടങ്ങളില്‍ മുരടിപ്പ് പ്രകടമാണ്. മഴക്കുറവ്, കഠിനമായ ചൂട് എന്നിവ കൃഷിയെ ബാധിക്കുകയാണ്. ഭൂഗര്‍ഭ ജലനിരപ്പ് താഴ്ന്നതിനാല്‍ കുഴല്‍ക്കിണറുകളില്‍നിന്നുള്ള വെള്ളം കൃഷിടം വേണ്ടവിധം നനയ്ക്കാന്‍ പര്യാപ്തമാകുന്നില്ല. രോഗങ്ങളും കൃഷിയെ ബാധിക്കുന്നുണ്ട്. ഇതെല്ലാം ഉത്പാദനത്തകര്‍ച്ചയ്ക്കു കാരണമാന്നതായി കൃഷിക്കാര്‍ പറയുന്നു.

കര്‍ണാടകയില്‍ മൈസൂരു, ഷിമോഗ, മാണ്ഡ്യ, ഹാസന്‍, ചാമരാജ്‌നഗര്‍, ഹുബ്ലി, ഹാവേരി, കൂര്‍ഗ് ജില്ലകളിലാണ് മലയാളികള്‍ പ്രധാനമായും ഭൂമി പാട്ടത്തിനെടുത്ത് ഇഞ്ചികൃഷി നടത്തുന്നത്.

സീസണെത്തും മുമ്പേ പൊന്നുംവില

2012ല്‍ കുറച്ചുകാലം ഒരു ചാക്കിന് 6,000 രൂപ വരെ എത്തിയതാണ് ഇതിനു മുന്‍പുള്ള ഏറ്റവും ഉയര്‍ന്നവില. ഓഗസ്റ്റിലാണ് സാധാരണയായി ഇഞ്ചിക്ക് ഉയര്‍ന്ന വില ലഭിക്കാറുള്ളത്. എന്നാല്‍ ഇത്തവണ ഉല്‍നപ്പാദനം കുത്തനെ കുറഞ്ഞതോടെ ഈ സീസണിലും വിലവര്‍ധിച്ചു. കര്‍ണാടകയില്‍ കഴിഞ്ഞ 2 വര്‍ഷങ്ങളിലെ പെരുമഴയില്‍ ഹെക്ടര്‍ കണക്കിനു കൃഷിയാണു നശിച്ചുപോയത്. ബാക്കിവന്ന ഇഞ്ചി, കര്‍ഷകര്‍ ഉടന്‍തന്നെ പറിച്ചുവില്‍ക്കുകയും ചെയ്തതോടെ ഇഞ്ചിക്കു ക്ഷാമമായി. മുന്‍വര്‍ഷങ്ങളിലെ വിലക്കുറവും ലോക്ഡൗണ്‍ നിയന്ത്രണങ്ങളും കൃഷി കുറയാന്‍ കാരണമായി.

മറ്റ് സ്ഥലങ്ങളില്‍ നടാനും ചെലവിനുമായി ജനുവരി, ഫെബ്രുവരി മാസത്തോടെ ചെറുകിട കര്‍ഷകര്‍ വിളവെടുക്കും. പുതിയ സ്ഥലത്തിന്റെ പാട്ടത്തുക നല്‍കാനായി ഇഞ്ചി പറിച്ച് സ്ഥലം ഒഴിവാക്കി കൊടുക്കേണ്ടിവന്നവരും ഏറെ. എന്നാല്‍, പുതിയ സ്ഥലത്ത് കൃഷിയിറക്കാന്‍ പണം കയ്യിലുള്ളവര്‍ക്കും പറിക്കാനുള്ള സ്ഥലത്തിന് പാട്ടത്തുക നല്‍കാന്‍ കഴിയുന്നവര്‍ക്കും ഇഞ്ചി പറിക്കാതിരുന്നതിനാല്‍ ഇക്കുറി വന്‍ ലാഭം കിട്ടും. 2012നു ശേഷം രണ്ടു സീസണിലാണ് ഇഞ്ചിക്കു മികച്ച വില ലഭിച്ചത്. 2020 ഡിസംബറില്‍ ചാക്കിന് 1000 രൂപയായി കുറഞ്ഞു.

മലയാളി കര്‍ഷകരുടെ ആധിപത്യം

ഇഞ്ചിപ്പാടത്തെ പണിക്ക് തദ്ദേശ തൊഴിലാളികളില്‍ പുരുഷന്‍മാര്‍ക്ക് 500ഉം സ്ത്രീകള്‍ക്ക് 400ഉം രൂപയാണ് ചെലവില്ലാതെ ദിവസക്കൂലി. കേരളത്തില്‍ നിന്ന് കൊണ്ടുപോകുന്ന തൊഴിലാളികള്‍ക്ക് ഇതില്‍ കൂടുതല്‍ കൂലി നല്‍കണം. ഭക്ഷണ താമസ സൗകര്യവും ഒരുക്കണം. കര്‍ണാടകയില്‍ മൈസൂരു, മാണ്ഡ്യ, ചാമരാജ് നഗര്‍, കുടക്, ഷിമാഗ ജില്ലകളിലാണ് പ്രധാനമായും കേരളത്തില്‍ നിന്നുളള കര്‍ഷകരുടെ ഇഞ്ചിക്കൃഷി. ഒറ്റക്കും കൂട്ടായും ഇഞ്ചിക്കൃഷി നടത്തുന്ന മലയാളികളുടെ എണ്ണം ആയിരക്കണക്കിന് വരും. ഏതാനും വര്‍ഷങ്ങളായി തദ്ദേശീയരും ഇഞ്ചി കൃഷി ചെയ്യുന്നുണ്ട്. മെച്ചപ്പെട്ട വിളവും വിലയും ലഭിച്ചാല്‍ മാത്രമാണ് ഇഞ്ചികൃഷി ലാഭകരമാകുക.

ഇഞ്ചി ഉല്‍പാദക സംസ്ഥാനങ്ങള്‍

മധ്യപ്രദേശ്, കര്‍ണാടക, അസാം, പശ്ചിമ ബംഗാള്‍, ഒഡീഷ, കേരളം, മഹാരാഷ്ട്ര മേഘാലയ എന്നിവയാണ് ഇന്ത്യയിലെ പ്രധാന ഇഞ്ചി ഉല്‍പാദക സംസ്ഥാനങ്ങള്‍. കേരളത്തില്‍ കഴിഞ്ഞ നാലുവര്‍ഷമായി ഉല്‍പാദനം 37% കുറയുകയാണുണ്ടായത്. എന്നാല്‍ 2021-22ല്‍ ഉല്‍പാദനം 54,260 ടണ്‍ ആയാണ് കുറഞ്ഞത്. 2017-18ല്‍ ഇത് 86,270 ടണ്‍ ആയിരുന്നു.

കയറ്റുമതിയില്‍ ഇന്ത്യ ഒന്നാമത്

ലോകത്ത് ഏറ്റവുമധികം ഇഞ്ചി കയറ്റുമതി നടത്തുന്ന രാജ്യമാണ് ഇന്ത്യ. യു.എസ്, ബംഗ്ലാദേശ്, യു.എ.ഇ എന്നീ രാജ്യങ്ങളിലേക്കാണ് കൂടുതലും കയറ്റിയയക്കുന്നത്. ചൈന, നെതര്‍ലന്‍ഡ്‌സ് എന്നിവയാണ് ഇഞ്ചി കയറ്റുമതിയില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ളത്. ഇന്ത്യ 2,00,589 ഷിപ്‌മെന്റുകള്‍ കയറ്റിയയച്ചപ്പോള്‍ ചൈന 71,002 ഷിപ്‌മെന്റുകളും നെതര്‍ലന്‍ഡ്‌സ് 25,535 ഷിപ്‌മെന്റുകളും കയറ്റിയയച്ചു.

202122ല്‍ ഇന്ത്യയിലെ ആകെ ഇഞ്ചി ഉല്‍പാദനം 21.20 ലക്ഷം ടണ്‍ ആയിരുന്നു. ഇതില്‍ 1.48 ലക്ഷം ടണ്‍ ഇഞ്ചി കയറ്റിയയച്ചു. 837.34 കോടി രൂപയുടെ വിദേശനാണ്യമാണ് ഇതുവഴി രാജ്യത്തെത്തിയത്. എന്നാല്‍ 201819ല്‍ ഇത് 18,150 ടണ്‍ മാത്രമായിരുന്നു. 196.02 കോടിയുടെ കയറ്റുമതി.

ചുക്ക് കയറ്റുമതി

ചുക്ക് കയറ്റുമതിയിലും ഇന്ത്യ മുമ്പിലാണ്. മൊറോക്കോ, അമേരിക്ക, യു.എ.ഇ എന്നീ രാജ്യങ്ങളിലേക്കാണ് ഇഞ്ചി കൂടുതലായി കയറ്റിയയച്ചത്. മെക്‌സിക്കോ, നൈജീരിയ എന്നിവയാണ് ചുക്ക് കയറ്റുമതിയില്‍ രണ്ട്, മൂന്ന് സ്ഥാനത്ത്.

വെല്ലുവിളികള്‍

തൊഴിലാളിക്ഷാമം, ഉയര്‍ന്ന കൂലി, കാലാവസ്ഥാ വ്യതിയാനം എന്നിവയാണ് ഇഞ്ചി കര്‍ഷകര്‍ നേരിടുന്ന പ്രധാന വെല്ലുവിളികള്‍.