31 May 2023 6:00 PM IST
Summary
പ്രതീക്ഷവറ്റാതെ റബര്‍
ഉത്തരേന്ത്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വന്‍കിട കറിമസാലപൗഡര്‍ യുണിറ്റുകള്‍ സുഗന്ധവ്യജ്ഞന വിപണിയില്‍ നിന്നും തല്‍ക്കാലികമായി അകന്നത് വ്യാപാര രംഗത്ത് മ്ലാനത പരത്തി. നാല് ദിവസത്തിനിടയില്‍ കുരുമുളക് വില ക്വിന്റ്റലിന് 400 രൂപ ഇടിഞ്ഞത് വിപണിയിലെ മദ്ധ്യവര്‍ത്തികളെ ഭീതിയിലാക്കി. അതേ സമയം കര്‍ഷകര്‍ ചരക്ക് ഇറക്കാതെ വിപണിക്ക് ശക്തമായ പിന്‍തുണ നല്‍കിയത് നിരക്ക് കൂടുതല്‍ ഇടിക്കാനുള്ള വാങ്ങലുകാരുടെ ശ്രമങ്ങള്‍ക്ക് വെല്ലുവിളിയായി. കുരുമുളകിന് ഉത്തരേന്ത്യയില്‍ നിന്നും ഉത്സവകാല ഡിമാന്റ് വിപണി വൃത്തങ്ങള്‍ കണക്ക് കൂട്ടുന്നതിനാല്‍ വില വീണ്ടും ഉയരുമെന്ന നിലപാടിലാണവര്‍. അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് വില 48,900 രൂപ.
പിടിച്ച് നില്‍ക്കാനാകാതെ ഏലം
ഏലം കിലോ ആയിരം രൂപയ്ക്ക് മുകളില്‍ പിടിച്ചു നില്‍ക്കാനുള്ളള ശ്രമം വിജയിക്കുന്നില്ല. സീസണ്‍ കൃത്യസമയത്ത് തന്നെ ആരംഭിക്കുമെന്ന സൂചനകള്‍ ഉത്പാദന മേഖലകളില്‍ നിന്നും ലഭ്യമായി തുടങ്ങിയതോടെ വാങ്ങലുകാര്‍ ലേലത്തിലെ വീറും വാശിയുമെല്ലാം തല്‍ക്കാലം അഴിച്ചുമാറ്റാമെന്ന നിലപാടിലേയ്ക്ക് തിരിയുന്നു. ശരാശരി ഇനങ്ങളുടെ വില പിന്നിട്ട നാല് ദിവസങ്ങളില്‍ നടന്ന നാല് ലേലങ്ങളില്‍ 950 രൂപ റേഞ്ചിലേയ്ക്ക് കാലിടറിയത് ഉത്പാദന കേന്ദ്രങ്ങളില്‍ അസ്വസ്ഥതജനിപ്പിച്ചു. മദ്ധ്യവര്‍ത്തികളും വന്‍കിട തോട്ടങ്ങളും പുതിയ സീസണിലെ ചരക്ക് വരും മുന്നേ സ്റ്റോക്ക് വിറ്റുമാറാനുള്ള തിരക്കിട്ട നീക്കങ്ങള്‍ വാങ്ങലുകാര്‍ നേട്ടമാക്കി. ഇന്ന് കുമളിയില്‍ നടന്ന ലേലത്തില്‍ ശരാശരി ഇനങ്ങള്‍ കിലോ 949 രൂപയിലും മികച്ചയിനങ്ങള്‍ 1396 രൂപയിലും കച്ചവടങ്ങള്‍ ഉറപ്പിച്ചു.
പ്രതീക്ഷവറ്റാതെ റബര്‍
റബര്‍ വില ഇന്നലെ ക്വിന്റ്റലിന് 200 രൂപ ഉയര്‍ത്തിയ ടയര്‍ കമ്പനികള്‍ ഇന്ന് അതേ നാണയത്തില്‍ തിരിച്ചടിച്ചു. 16,000 രൂപയില്‍ ഇടപാടുകള്‍ക്ക് തുടക്കം കുറിച്ച നാലാം ഗ്രേഡ് റബര്‍ വ്യാപാരാന്ത്യം 15,800 ലേയ്ക്ക് താഴ്ന്നു. വില ഇടിവ് സ്റ്റോക്കിസ്റ്റുകളെ സമ്മര്‍ദ്ദത്തിലാക്കുമെന്ന നിഗമനത്തിലാണ് വ്യവസായികള്‍ നിരക്ക് കുറച്ചതെങ്കിലും മദ്ധ്യകേരളത്തിലെ വിപണികളില്‍ ഷീറ്റ് ക്ഷാമം തുടരുകയാണ്.
എണ്ണയ്ക്ക് ഡിമാന്റ് മങ്ങി
കൊച്ചി, മലബാര്‍ വിപണികളില്‍ നാളികേരോത്പന്നങ്ങളുടെ വില സ്ഥിര നിലവാരത്തില്‍ നീങ്ങി. മാസാരംഭമായതിനാല്‍ പ്രദേശിക മാര്‍ക്കറ്റുകളില്‍ നിന്നും വന്‍ ഓര്‍ഡറുകള്‍ കൊപ്രയാട്ട് മില്ലുകാര്‍ പ്രതീക്ഷിച്ചെങ്കിലും എണ്ണയ്ക്ക് ഡിമാന്റ് മങ്ങി.