image

20 Jun 2023 5:38 PM IST

Commodity

ഉയരങ്ങളില്‍ വയനാടന്‍ കാപ്പി; വിലയിടിഞ്ഞ് റബ്ബര്‍

MyFin Desk

ഉയരങ്ങളില്‍ വയനാടന്‍ കാപ്പി; വിലയിടിഞ്ഞ് റബ്ബര്‍
X

Summary

  • മഴ ശക്തി പ്രാപിക്കാത്തതില്‍ ആശങ്ക
  • ഭൂരിഭാഗവും വിറ്റഴിക്കപ്പെട്ട് ഏലം
  • സ്വര്‍ണ വിലയിലും ഇടിവ്


വയനാടൻ കാപ്പി പുതിയ ഉയരങ്ങൾ കീഴടക്കുന്നു. ആഗോള തലത്തിൽ ഉൽപാദനം കുറഞ്ഞതാണ്‌ കാപ്പിയെ പുതിയ ഉയരങ്ങളിലേയ്‌ക്ക്‌ നയിക്കുന്നത്‌. കാൽ നൂറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന വിലയിലാണ്‌ റോബസ്‌റ്റയുടെ വ്യാപാരം പുരോഗമിക്കുന്നത്‌. ബ്രസീൽ, കൊളംബിയ, വിയറ്റ്‌നാം, ഇന്തോനേഷ്യ തുടങ്ങിയ മുഖ്യ കാപ്പി ഉൽപാദന രാജ്യങ്ങളിൽ നിന്നുള്ള കയറ്റുമതിക്ക്‌ നേരിട്ട തളർച്ച റെഡി‐അവധി വ്യാപാര രംഗത്ത്‌ വയനാടൻ കാപ്പിക്കുള്ള വാങ്ങൽ താൽപ്പര്യം ശക്തമാക്കി.

വയനാട്ടിൽ കാപ്പി വില ക്വിന്‍റലിന്‌ സർവകാല റെക്കോർഡായ 25,000 രൂപയിലെത്തി. ഉണ്ട കാപ്പി 54 കിലോ ചാക്കിന്‌ 7500 രൂപയിൽ വിപണനം നടന്നു. കർണാടകത്തിലും കാപ്പിയുടെ ലഭ്യത കുറഞ്ഞതോടെ ചരക്ക്‌ സംഭരിക്കാൻ കയറ്റുമതിക്കാർ നടത്തിയ മത്സരം അറബിക്ക, റോബസ്‌റ്റ വില ഒരു പോലെ ഉയർത്തി. ഉൽപ്പാദന മേഖലയിൽ സ്‌റ്റോക്ക്‌ നില ചുരുങ്ങുന്ന പശ്‌ചാത്തലത്തിൽ വിപണി നിയന്ത്രണം കാർഷിക മേഖലയിലേയ്‌ക്ക്‌ തിരിയും. പുതിയ കാപ്പി വിളവെടുപ്പിന്‌ നവംബർ വരെ കാത്തിരിക്കണം. മുന്നിലുള്ള നാല്‌ മാസങ്ങളിൽ വില വീണ്ടും മുന്നേറുമെന്ന നിഗമനത്തിലാണ്‌ തോട്ടം മേഖല.

കാലവർഷം രാജ്യത്ത്‌ പ്രവേശിച്ച്‌ രണ്ടാഴ്‌ച്ച പിന്നിടുമ്പോഴും 66 ശതമാനം പ്രദേശത്തും മഴയുടെ അളവ്‌ കുറവാണ്‌. അതേ സമയം പകൽ താപനില നാല്‌ മുതൽ അഞ്ച്‌ ഡിഗ്രി വരെ കുറഞ്ഞത്‌ കാർഷിക മേഖലയ്‌ക്ക്‌ ആശ്വാസം പകരും. സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും റബർ വെട്ടിന്‌ തുടക്കം കുറിച്ചങ്കിലും വിപണിയെ ബാധിച്ച വില ഇടിവ്‌ ഉൽപ്പാദകർക്ക്‌ തിരിച്ചടിയായി. കഴിഞ്ഞ മാസം കിലോയ്ക്ക് 162 രൂപ വരെ വില ഉയർത്തി ഷീറ്റ്‌ സംഭരിച്ച ടയർ നിർമ്മാതാക്കൾ ഇന്ന്‌ 153 രൂപ മാത്രമാണ്‌ വാഗ്‌ദാനം ചെയ്‌തത്‌. പ്രതികൂല കാലാവസ്ഥയെ മറികടക്കാൻ തോട്ടങ്ങളിൽ റെയിൻഗാർഡ്‌ ഒരുക്കാൻ വലിയ തുക ചിലവഴിച്ച കർഷകർക്ക്‌ ഷീറ്റിന്‌ നേരിട്ട വിലത്തകര്‍ച്ച പുതിയ സാമ്പത്തിക ബാധ്യതകൾക്ക്‌ ഇടയാക്കും.

ഏലക്ക ലേല കേന്ദ്രങ്ങളിൽ ചരക്ക്‌ വരവ്‌ ഉയർന്ന തലത്തിൽ തുടരുകയാണ്‌. ഇന്ന്‌ തേക്കടിയിൽ നടന്ന ലേലത്തിൽ 47,022 കിലോ ചരക്ക്‌ വന്നതിൽ 44,680 കിലോയും വിറ്റഴിഞ്ഞു. സ്‌റ്റോക്ക്‌ വിറ്റുമാറാൻ പല ഭാഗങ്ങളിലും സമ്മർദ്ദം അനുഭവപ്പെടുന്നുണ്ട്‌. ശരാശരി ഇനങ്ങൾ കിലോ 1161 രൂപയിലും വലിപ്പം കൂടിയവ 1735 രൂപയിലും ലേലം നടന്നു.

സംസ്ഥാനത്ത്‌ ഇന്ന്‌ സ്വർണ വില കുറഞ്ഞു. പവന് 44,000 രൂപയായിരുന്നു, ഒരു ഗ്രാമിന്‌ വില 5500 രൂപ. മെയ്‌ ആദ്യം 24 കാരറ്റ് സ്വർണ വിലയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 61.5 ലക്ഷം രൂപയായിരുന്നത്‌ 59.5 ലക്ഷം രൂപയിലേക്ക് താഴ്‌ന്നു. ന്യൂയോർക്കിൽ സ്വർണ ട്രോയ്‌ ഔൺസിന്‌ 1950 ഡോളറിലായിരുന്നു വ്യാപാരം.