12 May 2023 6:07 PM IST
Summary
- ദിവസങ്ങള്‍ക്കുമുമ്പ് കിലോയ്ക്ക് 50 രൂപയില്‍ താഴെ ഉള്ള ആപ്പിളിന്റെ ഇറക്കുമതി നിരോധിച്ചിരുന്നു
- വില കുറഞ്ഞ ആപ്പിളിന്റെ നിരോധിച്ചതിനു പിന്തുണ
- ആപ്പിൾ തോട്ടങ്ങള്‍ ധാരാളമുള്ള സംസ്ഥാനമാണ് ഹിമാചല്‍ പ്രദേശ്
കര്‍ഷകരെ സംരക്ഷിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ആപ്പിളിന്റെ ഇറക്കുമതി തീരുവ ഉയര്‍ത്തണമെന്ന ആവശ്യമുയര്‍ന്നു. തീരുവ 100 ശതമാനമാക്കണം എന്നാണ് ആപ്പിള്‍ കര്‍ഷകരും തോട്ടമുടമകളും ആവശ്യപ്പെടുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളും രംഗത്തുവന്നിട്ടുണ്ട്.
ഇറക്കുമതി ചെയ്യുന്ന ആപ്പിളിന്റെ വില കിലോയ്ക്ക് 50 രൂപയില്‍ താഴെ ഉള്ള ഇനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത് ദിവസങ്ങള്‍ക്കുമുമ്പാണ്. അതിനു ദിവസങ്ങള്‍ക്കുശേഷമാണ് കോണ്‍ഗ്രസ് പാര്‍ട്ടി ഈ പ്രസ്താവന നടത്തിയിരിക്കുന്നത്.മറ്റ് രാജ്യങ്ങളില്‍ നിന്നും വന്‍തോതില്‍ ആപ്പിള്‍ ഇറക്കുമതി ചെയ്യുന്നതിനാല്‍ ഇവിടെയുള്ള കര്‍ഷകര്‍കര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ആദായകരമായ വില ലഭിക്കുന്നില്ല എന്ന് ഹിമാചല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ കുല്‍ദീപ് സിങ് ആരോപിക്കുന്നു.
ഇറക്കുമതി തീരുവ 50ല്‍ നിന്ന് 100 ശതമാനമായി ഉയര്‍ത്താന്‍ ബിജെപി നേതാക്കള്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. കുറഞ്ഞവിലയുള്ള ആപ്പിളിന്റെ ഇറക്കുമതി നിരോധിച്ച നടപടി വ്യാപകമായി സ്വാഗതം ചെയ്യപ്പെട്ടിരുന്നു. ആപ്പിൾ തോട്ടങ്ങള്‍ ധാരാളമുള്ള സംസ്ഥാനമാണ് ഹിമാചല്‍ പ്രദേശ്.
ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത ആപ്പിളിന്റെ മൂല്യം 385 മില്യണ്‍ യുഎസ് ഡോളറായിരുന്നു. ഇത് സ്വാഭാവികമായും പ്രാദേശിക കര്‍ഷകരെ ദുരിതത്തിലാഴ്ത്തിയിരുന്നു. ഈ വന്‍ ഇറക്കുമതി കുറയ്ക്കുന്നതിനാണ് കുറഞ്ഞ വിലയുള്ള ആപ്പിളിന്റെ ഇറക്കുമതി നിരോധനവുമായി സര്‍ക്കാര്‍ രംഗത്തുവന്നത്.
സംസ്ഥാനത്ത് 94,000 ഹെക്ടര്‍ സ്ഥലത്താണ് ആപ്പിള്‍ കൃഷി ചെയ്യുന്നത്, ഹിമാചലില്‍ 4,500-5,000 കോടി രൂപയുടെ സമ്പദ് വ്യവസ്ഥയാണുള്ളത് . ഏകദേശം 1.75 ലക്ഷം മുതല്‍ രണ്ട് ലക്ഷം വരെ കുടുംബങ്ങള്‍ പ്രത്യക്ഷമായും പരോക്ഷമായും ആപ്പിള്‍ കൃഷിയില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് ഫ്രൂട്ട് വെജിറ്റബിള്‍ ഫ്‌ളവര്‍ ഗ്രോവേഴ്സ് അസോസിയേഷന്‍ സാക്ഷ്യപ്പെടുത്തുന്നു.
ആപ്പിൾ കര്‍ഷകരുടെ ദുരിതാവസ്ഥ മുമ്പ് പലതവണ കേന്ദ്രത്തെ ബോധ്യപ്പെടുത്തിയിട്ടുള്ളതാണെന്ന് സംസ്ഥാനത്തെ ചില നേതാക്കള്‍ പറയുന്നു. ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന ഈ നടപടി ഏറെ സ്വാഗതാര്‍ഹമാണെന്നാണ് ഭരണപക്ഷം പറയുന്നത്.ഈ സാഹചര്യത്തിലാണ് ഇറക്കുമതി തീരുവ ഉയര്‍ത്തണമെന്ന ആവശ്യവുമായി കോണ്‍ഗ്രസും രംഗത്തുവന്നത്.