10 July 2023 6:07 PM IST
Summary
- 12 ശതമാനത്തില്‍ കുറവുള്ള ചരക്കാണ് ആഭ്യന്തര വ്യവസായികള്‍ക്ക് ആവശ്യമുള്ളത്
- കഴിഞ്ഞ സീസണില്‍ സംഭരിച്ചതിലും കൂടുതല്‍ കൊപ്ര ഇക്കുറി ശേഖരിക്കാനാണ് ലക്ഷ്യമിടുന്നത്
നീണ്ട ഇടവേളയ്ക്ക് ശേഷം കൊച്ചിയില്‍ കുരുമുളക് വില ക്വിന്റ്റലിന് 600 രൂപ ഉയര്‍ന്ന ആവേശത്തോടെയാണ് ഇന്ന് ടെര്‍മിനല്‍ മാര്‍ക്കറ്റില്‍ ഇടപാടുകള്‍ക്ക് തുടക്കം കുറിച്ചത്. ഒരു മാസത്തോളം
ഉല്‍പ്പന്ന വില സ്റ്റെഡിയായി നീങ്ങിയതിനാല്‍ ചരക്ക് ഉയര്‍ന്ന വിലയ്ക്ക് വിറ്റഴിക്കാനാവാതെ ഇടുക്കി, വയനാട് മേഖലകളിലെ വന്‍കിട ചെറുകിട കര്‍ഷകര്‍ പ്രതിസന്ധിയിലായിരുന്നു. ഇതിനിടയില്‍
അന്തര്‍സംസ്ഥാന വാങ്ങലുകാര്‍ ലിറ്റര്‍ വെയിറ്റ് കൂടിയ കുരുമുളകില്‍ താല്‍പര്യം കാണിച്ചത് ബോള്‍ഡ് ഇനങ്ങളുടെ വില ചൂടുപിടിക്കാന്‍ അവസരം ഒരുക്കി. ഉണക്ക് കൂടിയതും ജലാംശ തോത്
12 ശതമാനത്തില്‍ കുറവുള്ള ചരക്കാണ് ആഭ്യന്തര വ്യവസായികള്‍ക്ക് ആവശ്യമുള്ളത്. മികച്ചയിനം മുഴുത്ത മുളകിന് ആവശ്യക്കാരുണ്ട്. കര്‍ണാടകം കേന്ദ്രീകരിച്ചും അവര്‍ ഇത്തരം ചരക്ക്
സംഭരിക്കുന്നുണ്ട്. കര്‍ണാടത്തിലും മുഴുപ്പ് കൂടിയ ഇനം കുരുമുളക് ഉല്‍പാദിപ്പിക്കുന്നുണ്ട്. ഇതിനിടയില്‍ വിനിമയ വിപണിയില്‍ രൂപയുടെ മൂല്യത്തിന് നേരിട്ട തിരിച്ചടി മൂലം അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ മലബാര്‍ കുരുമുളക് വില ടണ്ണിന് 100 ഡോളര്‍ കുറഞ്ഞ് 6250 ലേയ്ക്ക് താഴ്ന്നു.
നാളികേരോല്‍പ്പന്നങ്ങള്‍ക്ക് താങ്ങ് പകരാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന കൃഷി വകുപ്പ്. കൊപ്ര സംഭരണത്തിന് വിപുലമായ പദ്ധതിക്ക് വെജിറ്റബിള്‍ ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിനെ കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. ഉല്‍പ്പന്നം വില തകര്‍ച്ചയില്‍ നീങ്ങുന്നതിനിടയില്‍ ക്വിന്റ്റലിന് 10,860 രൂപ നിരക്കില്‍ കൊപ്ര സംഭരിക്കുന്നതോടെ കാര്‍ഷിക മേഖല ഓണത്തിന് മുന്നേ നാളികേരോല്‍പ്പന്നങ്ങള്‍ മികവിലേയ്ക്ക് തിരിയാം. കഴിഞ്ഞ സീസണില്‍ സംഭരിച്ചതിലും കൂടുതല്‍ കൊപ്ര ഇക്കുറി ശേഖരിക്കാനാണ് ലക്ഷ്യമിടുന്നത്. സംഭരണ രംഗത്ത് ഇറങ്ങാന്‍ നാഫെഡ് കേര ഫെഡിന് കൂടി അനുമതി
നല്‍കിയാല്‍ ഗ്രാമീണ മേഖലകളില്‍ കൊപ്ര വ്യാപാര രംഗം ഉഷാറാവും. പ്രാഥമിക സഹകരണസംഘങ്ങളും, വി എഫ് പി സി യുടെ സ്വാശ്രയ കര്‍ഷക സംഘടകനകളും രംഗത്ത് അണിനിരക്കുന്നതേടെ കൊപ്ര, പച്ചതേങ്ങ സംഭരണം ഹിറ്റായി മാറുമെന്ന പ്രതീക്ഷയിലാണ് കൃഷി വകുപ്പ്.
ഏലം സ്റ്റോക്കിസ്റ്റുകള്‍ ലേലത്തിനുള്ള ചരക്ക് നീക്കത്തില്‍ പിടിമുറുക്കിയെങ്കിലും അവരുടെ കണക്ക് കൂട്ടലിന് ഒത്ത് ഉല്‍പ്പന്ന വില ഉയര്‍ന്നില്ല. ഇന്ന് ശാന്തന്‍പാറയില്‍ നടന്ന ലേലത്തിന് എത്തിയത്
കേവലം 15,297 കിലോഗ്രാം ചരക്ക് മാത്രമാണ്, എന്നാല്‍ ഇതില്‍ 12,588 കിലോ മാത്രമേ വിറ്റഴിഞ്ഞുള്ളു. ആഭ്യന്തര വാങ്ങലുകാര്‍ രംഗത്ത് സജീവമാണെങ്കിലും മികച്ചയിനങ്ങള്‍ കിലോ 1684
രൂപയിലും ശരാശരി ഇനങ്ങള്‍ 1184 രൂപയിലും നിലകൊണ്ടു.
തേയില ലേലത്തില്‍ ആഭ്യന്തര വിദേശ വാങ്ങലുകാരില്‍ നിന്നുള്ള ആവശ്യം ചുരുങ്ങിയത് വിലക്കയറ്റത്തിന് തടസമായി. കാലവര്‍ഷം ശക്തമായതോടെ പുതിയ തേയിലയുടെ ഗുണമേന്‍മ അല്‍പ്പം കുറഞ്ഞത് വാങ്ങല്‍ താല്‍പര്യത്തെ ബാധിച്ചതായാണ് സൂചന. എന്നാല്‍ ഇത് സ്ഥിതികരിക്കാന്‍ ഉല്‍പാദന മേഖല തയ്യാറായില്ല. പിന്നിട്ടവാരം നടന്ന ലേലത്തില്‍ ഇല തേയിലകളുടെ വില കിലോ അഞ്ച് രൂപ വരെ കുറഞ്ഞപ്പോള്‍ പൊടി തേയിലകള്‍ക്ക് കിലോ രണ്ട് മുതല്‍ നാല് രൂപ വരെ താഴ്ന്നു. കയറ്റുമതി മേഖലയില്‍ നിന്നും തേയിലയ്ക്ക് ആവശ്യം ചുരുങ്ങുമെന്ന സൂചനയാണ് പുറത്ത് വരുന്നത്. ശ്രീലങ്ക നീണ്ട ഇടവേളയ്ക്ക് ശേഷം കയറ്റുമതി മേഖലയിലേയ്ക്ക് തിരിച്ചു വരവിന് ഒതുങ്ങിയത് ദക്ഷിണേന്ത്യന്‍ ചരക്കിന് ഭീഷണിയാവും.
ആഭരണ കേന്ദ്രങ്ങളില്‍ സ്വര്‍ണ വില താഴ്ന്നു. പവന് ഇന്ന് 80 രൂപ കുറഞ്ഞ് 43,640 രൂപയില്‍ നിന്നും 43,560 രൂപയായി. ഗ്രാമിന് 5455 ല്‍ നിന്നും 5445 രൂപയായി. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ സ്വര്‍ണ
വിലയില്‍ കാര്യമായ വ്യതിയാനമില്ല, ഏഷ്യന്‍ മാര്‍ക്കറ്റില്‍ ട്രോയ് ഔണ്‍സിന് 1922 ഡോളറില്‍ ഇടപാടുകള്‍ നടന്നു.