image

22 Jun 2023 5:31 PM IST

Commodity

പ്രതീക്ഷയോടെ ജാതിക്ക; ഏലം വരവില്‍ ഇടിവ്

MyFin Desk

commodity market rate updation
X

Summary

  • ലഭ്യത കുറഞ്ഞത് കൊപ്ര വില ഉയര്‍ത്തി
  • ജാതിക്കയില്‍ റെക്കോഡ് ഉല്‍പ്പാദനത്തിന് സാധ്യത


സംസ്ഥാനത്ത്‌ ജാതിക്ക കൃഷി മുൻപ്‌ ഒരിക്കലും ഇല്ലാത്ത വിധം വ്യാപകമായതോടെ ഉൽപാദനത്തിലും വൻ കുതിച്ചു ചാട്ടം സംഭവിക്കുകയാണ്‌. കേരളത്തിൽ നിലവില്‍ ഏകദേശം 24,000 ഹെക്‌ടറിൽ ജാതിക്ക കൃഷി ചെയുന്നുണ്ട്. മറ്റ്‌ പല ഉൽപ്പന്നങ്ങളുടെ കൃഷിയിൽ നിന്നും കർഷകർ പിന്നോക്കം മാറിയതിന്‌ മുഖ്യ കാരണം വില തകർച്ചായിരുന്നെങ്കിൽ സ്ഥിരതയാർന്ന വിലയാണ്‌ ജാതിയിലേക്ക്‌ തിരിയാൻ കാർഷിക മേഖലയെ പ്രരിപ്പിച്ചത്‌. ആഭ്യന്തര വിപണിയിലും വിദേശ രാജ്യങ്ങളിൽ നിന്നും ജാതിക്കയ്‌ക്ക്‌ ശക്തമായ ആവശ്യകത നിലവിലുള്ളത്‌ പുതുതായി കൃഷിക്ക്‌ ഇറങ്ങിയവരുടെ ആത്‌മവിശ്വാസം ഉയർത്താൻ അവസരം ഒരുക്കി. ചെറുകിട കർഷകർക്‌ തൊഴിലാളികളില്ലാതെ തന്നെ സ്വന്തമായി ജാതിയെ സംരക്ഷിക്കാനുമാവും. നിലവിൽ 225-260 രൂപയിലാണ്‌ മദ്ധ്യകേരളത്തിൽ ജാതിക്ക വ്യാപാരം നടക്കുന്നത്‌. വിളവെടുപ്പ്‌ പുർത്തിയാവുന്നതോടെ വിലയിൽ മുന്നേറ്റ സാധ്യത തെളിയാം. ഇക്കുറി ജാതിക്ക ഉൽപാദനം റെക്കോർഡ്‌ തലത്തിലേക്ക്‌ ഉയരുമെന്നാണ് വിലയിരുത്തല്‍.

ഇടുക്കിയിൽ ഇന്ന്‌ നടന്ന ഏലക്ക ലേലത്തിൽ വരവ്‌ ഗണ്യമായി കുറഞ്ഞത്‌ തങ്ങള്‍ക്ക് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ്‌ വലിയൊരു വിഭാഗം ചെറുകിട ഏലം കർഷകർ. അതേ സമയം കാലവർഷം ദുർബലമായി തുടരുന്നതിനാൽ, തോട്ടം മേഖലയിൽ ഏലച്ചെടികള്‍ പുഷ്‌പിക്കുന്നതിനുള്ള കാലതാമസം കണക്കിലെടുത്ത് വൻകിട സ്‌റ്റോക്കിസ്‌റ്റുകൾ ലേലത്തിൽ നിന്നും അൽപ്പം പിൻതിരിയുന്നതിന്‍റെ സൂചനയായും വരവ്‌ കുറഞ്ഞത് വിലയിരുത്തപ്പെടുന്നുണ്ട്. ആഭ്യന്തര വ്യാപാരികളും കയറ്റുമതിക്കാരും ഏലക്കയിൽ കാണിച്ച താൽപ്പര്യത്തിന്‍റെ ഫലമായി ശരാശരി ഇനങ്ങൾ കിലോ 1167 രൂപയിലും മികച്ചയിനങ്ങൾ 1963 രൂപയിലും ലേലം നടന്നു. മൊത്തം 36,874 കിലോ ഏലക്ക വന്നതിൽ 35,903 കിലോയും വിറ്റഴിഞ്ഞു.

കാലവർഷത്തിന്‍റെ വരവ്‌ കൊപ്ര കളങ്ങളെ നീർജീവമാക്കിയതോടെ പല ഭാഗങ്ങളിലും കൊപ്രയുടെ ലഭ്യത ചുരുങ്ങി. ചെറുകിട കർഷകർ മഴ മുൻനിർത്തി തേങ്ങാവെട്ടിൽ നിന്നും പിൻമാറിയത് വരവ്‌ കുറയാൻ ഇടയാക്കുമെന്ന വിലയിരുത്തലിൽ, വില ഉയർത്തി ചരക്ക്‌ സംഭരിക്കാൻ ഒരു വിഭാഗം മില്ലുകാർ തയ്യാറായി. കൊച്ചിയിൽ 100 രൂപയുടെ ഉയര്‍ന്ന് കൊപ്ര വില ക്വിന്‍റലിന് 7700 രൂപയിലേക്ക് കയറിയെങ്കിലും വെളിച്ചെണ്ണ വിലയിൽ മാറ്റമില്ല.

അമേരിക്കയിലെ ഭവനവായ്‌പ്പാ മേഖലയിൽ ഉണർവിന്‍റെ സൂചനകൾ കണ്ട്‌ തുടങ്ങിയത്‌ സാമ്പത്തിക രംഗത്ത്‌ മുന്നേറ്റത്തിന്‌ വഴിതെളിക്കുമെന്ന വിലയിരുത്തലില്‍ ധനകാര്യ സ്ഥാപനങ്ങള്‍ സ്വർണത്തിന്‍റെ വിൽപ്പനയിലേക്ക് നീങ്ങി. രാജ്യാന്തര വിപണിയിൽ കഴിഞ്ഞ രാത്രി സ്വർണ വില മൂന്ന്‌ മാസത്തിനിടയിലെ ഏറ്റവും താഴ്‌ന്ന നിലവാരമായ 1919 ഡോളറിലേക്ക് ഇടിഞ്ഞു. ഏഷ്യൻ മാർക്കറ്റുകളിൽ ട്രോയ്‌ ഔൺസിന്‌ 1930 ഡോളറിലാണ്‌ ഇടപാടുകൾ നടക്കുന്നത്‌.

സംസ്ഥാനത്ത്‌ ഇന്ന്‌ സ്വർണ വില മാർച്ചിന്‌ ശേഷമുള്ള ഏറ്റവും താഴ്‌ന്ന നിലവാരത്തിലാണ്‌ ജ്വല്ലറികളില്‍ വ്യാപാരം നടക്കുന്നത്. പവന്‍റെ നിരക്ക്‌ ഇന്ന്‌ 160 രൂപ കുറഞ്ഞ്‌ 43,760 ൽ നിന്നും 43,600 രൂപയായി. ഒരു ഗ്രാമിന്‌ 20 രൂപ കുറഞ്ഞ്‌ 5450 രൂപായായി.