6 July 2023 5:30 PM IST
Summary
- അനുകൂല കാലാവസ്ഥയില്‍ ഉത്പാദനം വര്‍ധിക്കുമെന്ന പ്രതീക്ഷയില്‍ കുരുമുളക്
കേരളത്തിലും കര്‍ണാടകത്തിലും പച്ച ഇഞ്ചി വില പുതിയ ഉയരങ്ങളിലേയ്ക്ക് നീങ്ങുന്ന വിവരം പുറത്തു വന്നതോടെ ഉത്തരേന്ത്യന്‍ വ്യവസായികളും ചുക്ക് ഇറക്കുമതി രാജ്യങ്ങളും അല്‍പ്പം ആശങ്കയിലാണ്. ശൈത്യ കാല ആവശ്യങ്ങള്‍ക്കുള്ള ചുക്ക് സംഭരണത്തിനുള്ള ഒരുക്കത്തിലാണ് ഇറക്കുമതി രാജ്യങ്ങള്‍. ഇതിനിടയില്‍ അപ്രതീക്ഷിതമായി വില ഉയരുമെന്ന സൂചനകള്‍ വാങ്ങലുകാരെ പിരിമുറുക്കത്തിലാക്കി. സൗദി അറേബയില്‍ നിന്നും മറ്റ് അറബ് രാജ്യങ്ങളില്‍ നിന്നും അന്വേഷണങ്ങളെത്തുന്നതായാണ് കയറ്റുമതി മേഖലയില്‍ നിന്നുള്ള വിവരം.
പല വന്‍കിട കയറ്റുമതിസ്ഥാനപങ്ങളും ഇതിനകം തന്നെ ഉയര്‍ന്ന അളവില്‍ ചുക്ക് സംഭരിച്ചിട്ടുണ്ട്, അതും താഴ്ന്ന വിലയ്ക്ക്. ഇഞ്ചി കൃഷിയില്‍ നിന്നും നേരത്തെ പലരും പിന്‍മാറിയതിനാല്‍ ഉല്‍പാദനത്തില്‍ ഇടിവ് സംഭവിക്കുമെന്ന കണക്ക് കൂട്ടലിലാണ് കയറ്റുമതിക്കാര്‍ ചുക്ക് സംഭരിച്ചത്. എന്നാല്‍ സ്റ്റോക്ക് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അവര്‍ പുറത്തുവിടുന്നില്ല.
അറബ് രാജ്യങ്ങളില്‍ നിന്നും ആവശ്യം ഉയരുന്നതിന് അനുസൃതമായി വിപണി വില ഉയര്‍ത്താനുള്ള തന്ത്രം പയറ്റാനുള്ള നീക്കത്തിലാണവര്‍. ഗള്‍ഫ് ഓര്‍ഡറുകളെത്തിയാല്‍ ചുക്ക് വിപണി ചൂടുപിടിക്കും. ഇഞ്ചി വില ഉയര്‍ന്നതിനാല്‍ ഇനി ചുക്കാക്കി സംസ്‌കരിച്ച് വില്‍പ്പനയ്ക്ക് സജ്ജമാക്കുമ്പോള്‍ നഷ്ട കച്ചവടമാകുമെന്നാണ് ഉത്പാദരുടെ പക്ഷം. ക്വിന്റ്റലിന് 24,000 രൂപയില്‍ നീങ്ങുന്ന ചുക്ക് വില 30,000 ലേയ്ക്ക് ചുവടുവെച്ചാല്‍ മാത്രമേ ചുക്ക് ഉല്‍പാദനം ലാഭകരമാവു.
കുരുമുളകിനിത് അനുകൂല കാലാവസ്ഥ
കുരുമുളക് വില തുടര്‍ച്ചയായി നാലാം ദിവസവും ഉയര്‍ന്നതോടെ അന്തര്‍സംസ്ഥാന വാങ്ങലുകാര്‍ മുഖ്യ വിപണികളില്‍ പിടിമുറുക്കുന്നു. കാത്തിരുന്നാല്‍ വില വീണ്ടും ഉയരുമെന്ന ആശങ്കയില്‍ ഉത്പന്നം ശേഖരിക്കാന്‍ ഇറങ്ങിയ പലര്‍ക്കും പ്രതീക്ഷയ്ക്ക് ഒത്ത് ചരക്ക് ലഭിച്ചില്ലെന്നാണ് വിപണിയില്‍ നിന്നുള്ള സൂചന. കര്‍ഷകരും നിരക്ക് കൂടുതല്‍ ആകര്‍ഷണമാകുമെന്ന കണക്ക് കൂട്ടലില്‍ ചരക്ക് പിടിക്കുകയാണ്. ഇതിനിടയില്‍ കാലവര്‍ഷം സജീവമായതോടെ അടുത്ത സീസണില്‍ ഉത്പാദനം മെച്ചപ്പെടാനുള്ള സാധ്യതകളും തെളിയുന്നു. അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് കിലോ 492 രൂപ.
ആഭ്യന്തര താല്‍പര്യങ്ങളില്‍ ഏലം
ഏലക്കയോട് ആഭ്യന്തര വിദേശ ഇടപാടുകാര്‍ പുലര്‍ത്തിയ താല്‍പര്യം മികച്ചയിനങ്ങളുടെ മുന്നേറ്റത്തിന് അവസരം ഒരുക്കിയെങ്കിലും കിലോ രണ്ടായിരം രൂപയ്ക്ക് മുകളില്‍ ഇടം കണ്ടത്താനുള്ള ഏലക്കയുടെ ശ്രമം വിജയിച്ചില്ല. മികച്ചയിനങ്ങള്‍ കിലോ 998 രൂപയില്‍ ഇടപാടുകള്‍ നടന്നു, ശരാശരി ഇനങ്ങളുടെ വില കിലോ 1157 രൂപ. മൊത്തം 27,071 കിലോഗ്രാം ഏലക്ക വില്‍പ്പനയ്ക്ക് എത്തിയതില്‍ 19,478 കിലോയും വിറ്റഴിഞ്ഞു.