26 July 2023 5:15 PM IST
Summary
- പ്രതികൂലാവസ്ഥയില്‍ റബര്‍
കുരുമുളകിന്റ്റ വിലക്കയറ്റം കാര്‍ഷിക മേഖലയെ കോരിത്തരിപ്പിച്ചപ്പോള്‍ വ്യാപാര രംഗം പിരിമുറുക്കത്തിലായി. ഉല്‍പ്പന്ന വില വീണ്ടും മുന്നേറുമെന്ന അവസ്ഥ സംജാതമായതിനാല്‍ ചരക്ക് വാങ്ങി കൂട്ടാന്‍ മദ്ധ്യവര്‍ത്തികള്‍ പരക്കം പായുകയാണെങ്കിലും ഒരു മണി കുരുമുളക് പോലും കൈവിടാന്‍ ഉല്‍പാദന മേഖല താല്‍പര്യം കാണിക്കുന്നില്ല. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഉത്സവ സീസണിന് ഒരുങ്ങുന്നതിനാല്‍ കുരുമുളകിനുള്ള ആവശ്യം പിന്നിട്ട രണ്ട് വര്‍ഷങ്ങളെ അപേക്ഷിച്ച് ഇക്കുറി ഇരട്ടിക്കുമെന്ന കാര്യം വിപണി വൃത്തങ്ങള്‍ക്കും വ്യക്തമായി അറിയാം.
ചുരുങ്ങിയ ദിവസങ്ങളില്‍ ഒരു ക്വിന്റ്റല്‍ കുരുമുളകിന് 8000 രൂപയില്‍ അധികം വര്‍ദ്ധിച്ചു. വില ഉയരുന്ന പ്രവണത മദ്ധ്യവര്‍ത്തികളുടെ താല്‍പര്യത്തെ ബാധിക്കുന്നതിനാല്‍ അവര്‍ വിപണിയെ തളര്‍ത്താനുള്ള ശ്രമം തുടങ്ങി. വിദേശ മുളക്എത്തുമെന്ന് കാര്‍ഷിക മേഖലകളില്‍ പരിഭ്രാന്തി പരത്തി താഴ്ന്ന വിലയ്ക്ക് ഹൈറേഞ്ച്, വയനാടന്‍ കുരുമുളക് സംഭരിക്കാന്‍ പലരും ചരട് വലികള്‍ നടത്തുന്നുണ്ടങ്കിലും കര്‍ഷകര്‍ ചരക്ക് ഇറക്കുന്നില്ല. കൊച്ചിയില്‍ ഗാര്‍ബിള്‍ഡ് കുരുമുളക് വില 60,000 രൂപയായി ഉയര്‍ന്നു. ഇതിനിടയില്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ കുരുമുളകിന് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തി കൊണ്ട് ടണ്ണിന് 7600 ഡോളറിന് കയറ്റുമതിക്കാര്‍ ക്വട്ടേഷന്‍ ഇറക്കി. അതേ സമയം ഇതര ഉല്‍പാദന രാജ്യങ്ങളെല്ലാം 3500 ഡോളറിനാണ് ചരക്ക് കയറ്റുമതി നടത്തുന്നത്.
വര്‍ധിക്കുന്ന ജാതി സംഭരണം
ജാതിക്ക, ജാതിപത്രിയും സംഭരിക്കാന്‍ വ്യവസായികള്‍ ഉത്സാഹിക്കുന്നു. നടപ്പ് സീസണിലെ ഉല്‍പാദനത്തില്‍ ഏറിയ പങ്കും കര്‍ഷകര്‍ വിപണിയിലേയ്ക്ക് നീക്കി കഴിഞ്ഞു. ഉയര്‍ന്ന കാര്‍ഷിക ചിലവുകള്‍ തന്നെയാണ് ചെറുകിട ഉല്‍പാദകരെ ചരക്ക് വിറ്റുമാറാന്‍ നിര്‍ബന്ധിതരാക്കിയത്. മദ്ധ്യവര്‍ത്തികളും സ്റ്റോക്കിസ്റ്റുകളും ലഭിക്കുന്ന ചരക്ക് പരമാവധി വാങ്ങി കൂട്ടുകയാണ്. ഉല്‍പാദനം ഉയര്‍ന്നുവെന്ന ഒറ്റ കാരണത്താല്‍ പിന്നിട്ട ഒരു മാസത്തില്‍ ഏറെയായി വ്യവസായികള്‍ ജാതിക്ക വില ഇടിച്ചാണ് വാങ്ങി കൂട്ടിയത്. ജാതിക്ക തൊണ്ടന്‍ കിലോ 200-230 ലേയ്ക്ക് ഇടിച്ച ശേഷം നിരക്ക് 230-280 ലേയ്ക്ക് തിരിച്ചു കയറി. അടുത്ത മാസം വില വീണ്ടും വര്‍ദ്ധിക്കാന്‍ തന്നെയാണ് കൂടുതല്‍ സാധ്യത. സംസ്ഥാനത്തെ വന്‍കിട ജാതി കര്‍ഷകര്‍ പലരും പുതിയ ചരക്ക് വില്‍പ്പനയ്ക്ക് ഇറക്കാതെ പിടിക്കുകയാണ്. ദീപാവലിക്ക് മുന്നോടിയായി ആകര്‍ഷകമായ വില ഉറപ്പ് വരുത്താനാവുമെന്ന വിശ്വാത്തിലാണവര്‍.
പ്രതികൂലാവസ്ഥയില്‍ റബര്‍
രാജ്യത്തെ പ്രമുഖ ടയര്‍ നിര്‍മ്മാതാക്കള്‍ എല്ലാവരും തന്നെ കേരളത്തിലെ റബര്‍ വിപണികളില്‍ തമ്പടിച്ചിട്ടുണ്ടങ്കിലും നിരക്ക് ഉയര്‍ത്താതെ ചരക്ക് ശേഖരിക്കാനുള്ള ശ്രമങ്ങളാണ് അവര്‍ അവലോകനം ചെയുന്നത്. ഇവിടെയാവട്ടേ പ്രതികൂല കാലാവസ്ഥ തുടരുന്നതിനാല്‍ റബര്‍ വെട്ടിന് നേരിട്ട തടസം മൂലം തൊഴിലാളികള്‍ മറ്റ് മേഖലകളില്‍ പണിക്ക് പോകാനുള്ള നീക്കത്തിലുമാണ്. നാലാം ഗ്രേഡ് റബര്‍ കിലോ 155 രൂപയിലും അഞ്ചാം ഗ്രേഡ് 152 രൂപയിലും സ്റ്റെഡി. രാവിലെ നേട്ടതോടെയാണ് ഏഷ്യന്‍ മാര്‍ക്കറ്റുകളില്‍ റബറിന്റെ ഇടപാടുകള്‍ക്ക് തുടക്കം കുറിച്ചതെങ്കിലും വ്യാപാരാന്ത്യം മികവ് നിലനിര്‍ത്താന്‍ ഉല്‍പ്പന്നത്തിനായില്ല.
ഉല്‍പ്പന്ന വില ഉയരാതെ ഏലം
ഏലക്ക ലേലത്തില്‍ ചരക്ക് വരവ് ചുരുങ്ങിയെങ്കിലും ഉല്‍പാദന മേഖലയുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഉല്‍പ്പന്ന വില ഉയര്‍ന്നില്ല. ആകെ 23,712 കിലോ എലക്ക ലേലത്തിന് എത്തിയതില്‍ 18,942 കിലോ വിറ്റഴിഞ്ഞു. മികച്ചയിനം ഏലക്ക കിലോ 2104 രൂപയിലും ശരാശരി ഇനങ്ങള്‍ കിലോ 1437 രൂപയില്‍ കൈമാറി.