9 Aug 2023 6:45 PM IST
Summary
- ചുക്കിന്റെ കയറ്റുമതി ആവശ്യം ഉയര്‍ന്നു
രാജ്യാന്തര വിപണിയില്‍ കുരുമുളക് വില ഉയര്‍ത്താന്‍ മുഖ്യ ഉല്‍പാദന രാജ്യങ്ങള്‍ മത്സരിക്കുന്നു. മലബാര്‍ കുരുമുളക് വിലയിലെ കുതിച്ചു ചാട്ടമാണ് ഇതര കയറ്റുമതി രാജ്യങ്ങളെ വില ഉയര്‍ത്തി ചരക്ക് വില്‍പ്പനയ്ക്ക് ഇറക്കാന്‍ പ്രേരിപ്പിച്ചത്. ഇന്തോനേഷ്യ കുരുമുളക് വില ഉയര്‍ത്തിയതിന്റെ ചുവട് പിടിച്ച് വിയറ്റ്നാമും ബ്രസീലും നിരക്ക് ഉയര്‍ത്തി. ക്രിസ്മസ് വേളയിലെ ആവശ്യങ്ങള്‍ക്കുള്ള കുരുമുളക് സംഭരണത്തിനുള്ള നീക്കത്തിലാണ് യുറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും.
വിലനിലവാരം അനുദിനം ഉയരുന്ന സാഹചര്യത്തില്‍ മാറിനിന്നാല്‍ പ്രതീക്ഷിക്കുന്ന വിലയ്ക്ക് മുളക് കൈപിടിയില്‍ ഒരുക്കാനാവില്ലെന്ന ആശങ്കയും യൂറോപ്യന്‍ ബയർമാരില്‍ ഉടലെടുത്തിട്ടുണ്ട്. അവര്‍ ഇന്തോനേഷ്യയെ കഴിഞ്ഞ രാത്രി മുളകിന് വേണ്ടി സമീപിച്ചതായാണ് ജക്കാര്‍ത്തയില്‍ നിന്നും അറിയാന്‍ കഴിയുന്നത്. പിന്നിട്ടവാരം 3800 ഡോളറിന് ചരക്ക് നല്‍ക്കാന്‍ താല്‍പര്യം കാണിച്ച അവര്‍ പുതിയ ക്വട്ടേഷന്‍ ഇറക്കിയത് 4500 ഡോളറിനാണ്. ഇന്തോനേഷ്യയുടെ നീക്കം കണ്ട് മറ്റ് രാജ്യങ്ങളും നിരക്ക് ഉയര്‍ത്തിയെങ്കിലും പുതിയ വിലകള്‍ ലഭ്യമല്ല. കൊച്ചിയില്‍ കുരുമുളക് 62,500 രൂപയിലെത്തി.
ചുക്കിന്റെ കയറ്റുമതി ആവശ്യം ഉയര്‍ന്നു
ചുക്ക് സംഭരിക്കാന്‍ കാര്‍ഷിക മേഖലകളില്‍ ഏജന്റ്മാരെ കയറ്റുമതി ലോബി ഇറക്കി. വിപണി അറിയാതെ ചരക്ക് സംഭരിച്ചാല്‍ വിലക്കയറ്റം പിടിച്ചു നിര്‍ത്തി ചുക്ക് ശേഖരിക്കുന്ന തന്ത്രമാണ് കയറ്റുമതി ലോബി പയറ്റുന്നതെങ്കിലും ആവശ്യാനുസരണം ഉല്‍പന്നം ലഭിക്കുന്നില്ലെന്നാണ് കാര്‍ഷിക മേഖലയില്‍ നിന്നുള്ള വിവരം. എന്നാല്‍ ഈ വിവരം സ്ഥിരീകരിക്കാന്‍ എക്സ്പോര്‍ട്ടര്‍മാര്‍ തയ്യാറാവുന്നില്ല. കേരളത്തില്‍ മാത്രമല്ല കര്‍ണാടകത്തിലും ചുക്ക് ക്ഷാമം നിലനില്‍ക്കുന്നു. ചുക്കിന്റെ കരുത്തല്‍ ശേഖരം കുറഞ്ഞതിനാല്‍ എറ്റവും ആകര്‍ഷകമായ വില വരും മാസങ്ങളില്‍ ഉറപ്പ് വരുത്താനാവുമെന്ന പ്രതീക്ഷയിലാണ് ചുക്കുമായി ബന്ധപ്പെട്ടര്‍. അറബ് രാജ്യങ്ങളില്‍ നിന്നും ലഭിച്ച പുതിയ ഓര്‍ഡറുകള്‍ മുന്‍ നിര്‍ത്തിയാണ് കയറ്റുമതിക്കാര്‍ ചരക്കിനായി ശ്രമം നടത്തുന്നത്. ഉല്‍പാദന കേന്ദ്രങ്ങളില്‍ പലരുടെയും പക്കല്‍ നുറും ഇരുന്നുറും ചാക്ക് ചരക്ക് മാത്രമുള്ളതായാണ് സൂചന. ഇതിനവര്‍ ആവശ്യപ്പെടുന്നത് ഉയര്‍ന്ന വിലയാണ്. ബെസ്റ്റ് ചുക്ക് വില കൊച്ചിയില്‍ 35,000 രൂപയാണ്.
ക്ഷാമ പേടിയില്‍ ഏലം
ഏലക്കയുടെ ഉയര്‍ന്ന വില ചരക്ക് വിറ്റുമാറാന്‍ ഇടപാടുകാരെ പ്രോല്‍സാഹിപ്പിക്കുന്നു. ഉല്‍പാദന മേഖലയില്‍ നടന്ന ലേലത്തില്‍ 72,727 കിലോഗ്രാം ഏലക്ക വില്‍പ്പനയ്ക്ക് വന്നതില്‍ 70,951 കിലോയും വിറ്റഴിഞ്ഞു. ഏലത്തിന് കടുത്ത ക്ഷാമം നേരിടുമോയെന്ന ആശങ്ക വാങ്ങലുകാരെ വില ഉയര്‍ത്താന്‍ പ്രേരിപ്പിക്കുന്നു. ശരാശരി ഇനങ്ങള്‍ കിലോ 2254 രൂപയിലും മികച്ചയിനങ്ങള്‍ 2951 രൂപയിലും കൈമാറി.