3 July 2023 6:45 PM IST
Summary
- കൊച്ചിയില്‍ കുരുമുളക് വില ക്വിന്റ്റലിന് 100 രൂപ വര്‍ദ്ധിച്ച് 50,900 രൂപയായി.
ടോക്കോമിലും സിക്കോമിലും റബര്‍ അവധി നിരക്കുകളില്‍ ഉണര്‍വ് കണ്ടതോടെ ഏഷ്യയിലെ ഇതര മാര്‍ക്കറ്റുകളിലും വില ഉയര്‍ത്തി ചരക്ക് സംഭരിക്കാന്‍ ടയര്‍ വ്യവസായികള്‍ നീക്കം നടത്തി. ബാങ്കോക്കില്‍ നാലാം ഗ്രേഡിന് തുല്യമായ ഷീറ്റ് വില വര്‍ദ്ധിച്ചത് ഇന്ത്യന്‍ വ്യവസായികളെ കൊച്ചി, കോട്ടയം വിപണികളിലേയ്ക്ക് അടുപ്പിച്ചു. ഇതിനിടയില്‍ സംസ്ഥാനത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും കഴിഞ്ഞരാത്രി ആരംഭിച്ച ശക്തമായ മഴ തോരാതെ തുടരുന്നത് മൂലം റബര്‍ ടാപ്പിങ് പുര്‍ണമായി സ്തംഭിച്ചതോടെ ഉല്‍പാദന മേഖലകളില്‍ നിന്നും വില്‍പ്പനക്കാര്‍ പിന്‍മാറി. പ്രതികൂല കാലാവസ്ഥ തുടരുന്നതിനാല്‍ ടാപ്പിങ് പുനരാരംഭിക്കാന്‍ അടുത്ത വാരം വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് തോട്ടം മേഖലയില്‍നിന്നുള്ള ഏറ്റവും പുതിയ വിലയിരുത്തല്‍. ആ നിലയ്ക്ക് വീക്ഷിച്ചാല്‍ മുഖ്യ വിപണികളിലെ റബര്‍ ക്ഷാമം നിലനില്‍ക്കാം. വിദേശ മാര്‍ക്കറ്റുകളിലെ വിലക്കയറ്റം ചുടുപിടിച്ചാല്‍ നിരക്ക് ഉയര്‍ത്താന്‍ ഇന്ത്യന്‍ വ്യവസായികളും നിര്‍ബന്ധിതരാവും. സംസ്ഥാനത്ത് നാലാം ഗ്രേഡ് റബര്‍ ക്വിന്റ്റലിന് 15,600 രൂപയിലാണ് ഇന്ന് ഇടപാടുകള്‍ നടന്നത്. ലാറ്റക്സിന് കടുത്ത ക്ഷാമം നേരിട്ടതോടെ ഉത്തരേന്ത്യന്‍ ചെറുകിട വ്യവസായികള്‍ വില 11,900 രൂപയായി ഉയര്‍ത്തി.
ഏറ്റക്കുറച്ചിലില്ലാതെ കുരുമുളക്
രാജ്യാന്തര കുരുമുളക് വിലയില്‍ കാര്യമായ ഏറ്റകുറച്ചില്‍ ദൃശ്യമായില്ല. മുഖ്യ ഉത്പാദന രാജ്യങ്ങളെല്ലാം തന്നെ ഇന്ത്യന്‍ മാര്‍ക്കറ്റിലെ ചലനങ്ങളെ നിരീക്ഷിക്കുകയാണ്. അതേ സമയം വിനിമയ വിപണിയില്‍ ഡോളറിന് മുന്നിലെ ചാഞ്ചാട്ടങ്ങള്‍ക്ക് ഒപ്പം മുളക് വിലയില്‍ നേരിയ ഏറ്റകുറച്ചില്‍ വരുത്താന്‍ ഇന്ത്യയും ബ്രസീലും വിയറ്റ്നാമും ശ്രീലങ്കയും നീക്കം നടത്തിയത് കണ്ട് ഇന്തോനേഷ്യന്‍ കയറ്റുമതിക്കാരും വിലയില്‍ മാറ്റം വരുത്തി ക്വട്ടേഷന്‍ ഇറക്കി. ഇതിനിടയില്‍ ഒലിയോറസിന്‍ നിര്‍മ്മാതാക്കള്‍ക്ക് ആവശ്യമായ എണ്ണയുടെ അംശം ഉയര്‍ന്ന മുപ്പ് ഇല്ലാത്ത കുരുമുളക് ശ്രീലങ്ക ടണ്ണിന് 5000 ഡോളറിന് വാഗ്ദാനം ചെയ്തു. ഇന്ത്യന്‍ വ്യവസായികള്‍ അവരുമായി പുതിയ കച്ചവടങ്ങളില്‍ ഏര്‍പ്പെട്ടതായാണ് കൊളംമ്പോയില്‍ നിന്നുള്ള വിവരം.
അടുത്ത വാരം സത്ത് നിര്‍മ്മാണത്തിനുള്ള മൂപ്പ് കുറഞ്ഞ ചരക്ക് ഇന്തോനേഷ്യയും വില്‍പ്പനയ്ക്ക് ഇറക്കാനുള്ള ഒരുക്കത്തിലാണ്. എന്നാല്‍ പുതിയ ചരക്കിന്റെ വിലയുടെ കാര്യത്തില്‍ അവര്‍ നിശബ്ദത പാലിച്ചു. വ്യവസായികളുമായി നേരില്‍ കച്ചവടങ്ങള്‍ ഉറപ്പിക്കാമെന്ന നിലപാടിലാണ് ജക്കാര്‍ത്തയിലെ കയറ്റുമതികാരുടെ നിലപാട്. ഇതിനിടയില്‍ ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് കൊച്ചിയില്‍ കുരുമുളക് വില ക്വിന്റ്റലിന് 100 രൂപ വര്‍ദ്ധിച്ച് 50,900 രൂപയായി.