image

27 July 2023 5:15 PM IST

Commodity

കുരുമുളക് വില ഉയരുമെന്ന പ്രതീക്ഷയില്‍ കര്‍ഷകര്‍; അന്താരാഷ്ട്ര വിപണിയിലും ചലനങ്ങള്‍

Kochi Bureau

commodities market rate
X

Summary

  • റബര്‍ സ്റ്റോക്ക് കുറയുന്നു


കുരുമുളക് കര്‍ഷകരുടെ ആത്മവിശ്വാസം തകര്‍ക്കാന്‍ ചില കേന്ദ്രങ്ങള്‍ സംഘടിത നീക്കം തുടങ്ങിയിട്ടുണ്ട്. ഉല്‍പ്പന്ന വില 60,000 രൂപയിലെത്തിയതോടെ നിരക്ക് ഇനി ഉയരില്ലെന്ന് പ്രചരിപ്പിച്ച് കര്‍ഷകരില്‍ നിന്നും ചരക്ക് തന്ത്രത്തില്‍ കൈവശപ്പെടുത്താന്‍ ശ്രമം തുടങ്ങി. എന്നാല്‍ കുപ്രചരണങ്ങളില്‍ അകപ്പെടാതെ ഉല്‍പാദകര്‍ കഴിഞ്ഞ ദിവസങ്ങളിലെ വിലക്കറ്റത്തിനിടയിലും കാര്യമായി കുരുമുളക് വിപണിയില്‍ ഇറക്കാന്‍ താല്‍പര്യം കാണിച്ചില്ല. ഉത്സവ ദിനങ്ങള്‍ മുന്നിലുള്ളതിനാല്‍ മുളക് വില വീണ്ടും ഉയരുമെന്ന പ്രതീക്ഷയിലാണ് പലരും. ഇതിനിടയില്‍ ഇന്ത്യന്‍ വിപണി ചൂടുപിടിച്ചതിനൊപ്പം ശ്രീലങ്കയിലും ഉല്‍പ്പന്നം പുതിയ ഉയരങ്ങളിലേയ്ക്ക് ചുവടുവെക്കുന്നു. ഒരു മാസത്തില്‍ ഏറെയായി ടണ്ണിന് 5000 ഡോളറിന് ചരക്ക് കയറ്റുമതിക്ക് താല്‍പര്യം കാണിച്ച അവര്‍ നിരക്ക് 6000 വരെ ഉയര്‍ത്തി. മറ്റ് ഉല്‍പാദന രാജ്യങ്ങളും വില ഉയര്‍ത്തി ചരക്ക് അമേരിക്കയിലേയ്ക്കും യുറോപ്പിലേയ്ക്കും കയറ്റുമതിക്ക് ശ്രമം തുടങ്ങി.

റബര്‍ സ്റ്റോക്ക് കുറയുന്നു

ടയര്‍ കമ്പനികള്‍ റബര്‍ വില രണ്ട് ദിവസങ്ങളില്‍ തുടര്‍ച്ചയായി ഉയര്‍ത്തിയിട്ടും വ്യവസായികളുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഷീറ്റ് കാര്‍ഷിക മേഖലകളില്‍ നിന്നും വില്‍പ്പനയ്ക്ക് ഇറങ്ങിയില്ല. ടയര്‍ നിര്‍മ്മാതാക്കളുടെ ഗോഡൗണുകളില്‍ സ്റ്റോക്ക് നില ചുരുങ്ങുന്നതിനാല്‍ കൂടുതല്‍ ഷീറ്റ് സംഭരിക്കാന്‍ വാങ്ങലുകാര്‍ ശ്രമം തുടരുകയാണെങ്കിലും കാര്‍ഷിക മേഖലയില്‍ റബര്‍ നീക്കിയിരിപ്പ് നാമമാത്രമായതിനാല്‍ വിപണിയിലെ റബര്‍ ക്ഷാമം തുടരാം. ഇതിനിടയില്‍ ഏഷ്യന്‍ വിപണികളില്‍ റബര്‍ അവധി നിരക്കുകളിലെ തളര്‍ച്ച ബാങ്കോക്കില്‍ ഷീറ്റ് വിലയെ ബാധിച്ചു. സംസ്ഥാനത്ത് നാലാം ഗ്രേഡ് റബര്‍ കിലോ 154 രൂപയില്‍ വിപണനം നടന്നു.

ഏലം വിളവെടുപ്പില്‍

ഹൈറേഞ്ചിലെ ചില ഭാഗങ്ങളില്‍ ഏലക്ക വിളവെടുപ്പ് തുടങ്ങി. അടുത്ത മാസം പുതിയ ചരക്ക് എത്തും മുന്നേ സ്റ്റോക്ക് ഇറക്കാന്‍ മദ്ധ്യവര്‍ത്തികള്‍ ഉത്സാഹിക്കുന്നുണ്ട്. മുഹറത്തിന് ആവശ്യമായ ചരക്ക് ഇടപാടുകാര്‍ നേരത്തെ തന്നെ ശേഖരിച്ചെങ്കിലും ഉത്സവ അവധികള്‍ മുന്നില്‍ കണ്ട് ഇടപാടുകാര്‍ പലരും ലേലത്തില്‍ നിന്നും അല്‍പ്പം പിന്നോക്കം വലിഞ്ഞു. പിന്നിട്ട അഞ്ച് ദിവസമായി കിലോ രണ്ടായിരം രൂപയ്ക്ക് മുകളില്‍ ഇടപാടുകള്‍ നടന്ന മികച്ചയിനങ്ങളുടെ വില ഡിമാന്റ് മങ്ങിയത് മൂലം ഇന്ന് 1962 ലേയ്ക്ക് താഴ്ന്നു. ശരാശരി ഇനങ്ങള്‍ 1441 രൂപയിലും ലേലം കൊണ്ടു. മൊത്തം 43,325 കിലോ ഏലക്ക കുമളി ലേലത്തിന് എത്തിയതില്‍ 41,214 കിലോയും വിറ്റഴിഞ്ഞു.