21 Jun 2023 5:27 PM IST
Summary
- മാറ്റമില്ലാതെ കുരുമുളക് വില
- ഏലം മികച്ചയിനങ്ങളുടെ വില 2000ന് മുകളില്‍
റബർ വിപണിയില്‍ വീണ്ടും ടയർ ലോബി പിടിമുറുക്കിയതോടെ ഉൽപാദകർ നക്ഷത്രമെണ്ണുന്നു. പ്രതികൂല കാലാവസ്ഥയ്‌ക്ക് ഇടയിലും ടാപ്പിങ് തടസം കുടാതെ നടത്താമെന്ന ലക്ഷ്യതോടെ മരങ്ങളിൽ റെയിൻ ഗാർഡുകൾ സ്ഥാപിച്ച കർഷകർ പ്രതിസന്‌ധിയിലാണ്. വൻ പ്രതീക്ഷകളോടെ റെയിന് ഗാര്‍ഡുകള്‍ സ്ഥാപിച്ചവര്‍ ഷീറ്റിന്‍റെ വിലയിടിവ് മൂലം സാമ്പത്തിക ഞെരുക്കത്തെ അഭിമുഖീകരിക്കുന്നു. മേയിൽ റബർ വില കിലോ 162 രൂപയിലെത്തിയ അവസരത്തിൽ നിരക്ക് വീണ്ടും ഉയരുമെന്ന വിശ്വാസത്തിലാണ് ഉൽപാദകർ റെയിൻ ഗാർഡുകൾ ഒരുക്കിയതെങ്കിലും ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ വില ഇടിഞ്ഞത് കാർഷിക മേഖലയ്‌ക്ക് കനത്ത പ്രവഹരമായി.
ബാങ്കോക്കിൽ നാലാം ഗ്രേഡിന് തുല്യമായ ചരക്ക് കിലോ 138 രൂപയിലാണ് ഇന്ന് വിപണനം നടന്നത്. ചൈന, സിംഗപ്പുർ, ജപ്പാൻ റബർ അവധി വ്യാപാരത്തിലെ വിൽപ്പന സമ്മർദ്ദം രാജ്യാന്തര മാർക്കറ്റിൽ റബറിനെ പിന്നോക്കം വലിക്കുന്നു. കോട്ടയത്ത് നിരക്ക് കിലോ 152 രൂപയായി ഇടിഞ്ഞു.
അന്താരാഷ്‌ട്ര സുഗന്‌ധവ്യഞ്‌ജന വിപണി ഇന്ത്യൻ കുരുമുളകിലെ ചലനങ്ങളെ സസൂക്ഷ്‌മം നിരീക്ഷിക്കുകയാണ്. മാസാരംഭം മുതൽ ഗാർബിൾഡ് കുരുമുളക് കിലോ 508 രൂപയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഇന്തോനേഷ്യയും വിയറ്റ്‌നാമും ബ്രസീലും രാജ്യാന്തര മാർക്കറ്റിൽ ഇത് മൂലം ക്വട്ടേഷൻ നിരക്കിൽ കാര്യമായ മാറ്റം വരുത്തിയില്ല. ഇന്ത്യൻ വില ഉയരുമെന്ന നിഗമനത്തിലാണ് ഇതര ഉൽപാദന രാജ്യങ്ങൾ. അതേ സമയം നിരക്ക് ഇടിയുമെന്ന പ്രതീക്ഷയിൽ രംഗത്ത് നിന്ന് അൽപ്പം വിട്ടു നിൽക്കുകയാണ് യുറോപ്യൻ രാജ്യങ്ങളിലെ ഇറക്കുമതിക്കാർ.
ആഭ്യന്തര വ്യാപാരികൾ ബക്രീദ് വിൽപ്പന മുന്നിൽ കണ്ടുള്ള ഏലക്ക സംഭരണത്തിന് ഉത്സാഹിച്ചതിനാൽ വണ്ടൻമേട്ടിൽ നടന്ന ലേലത്തിനു വന്ന ചരക്കിൽ വലിയ പങ്കും വിറ്റഴിഞ്ഞു. മൊത്തം 57,701 കിലോ ഏലക്ക വന്നതിൽ 55,492 കിലോ ലേലം കൊണ്ടു. കയറ്റുമതി മേഖലയിൽ നിന്നുള്ളവരും ചരക്ക് സംഭരണത്തിന് ഉത്സാഹിച്ചു. ശരാശരി ഇനങ്ങൾ കിലോ 1192 രൂപയിൽ ഇടപാടുകൾ നടന്നപ്പോൾ മികച്ചയിനങ്ങളുടെ വില നീണ്ട ഇടവേളയ്‌ക്ക് ശേഷം വീണ്ടും രണ്ടായിരം രൂപയിലെ പ്രതിരോധം തകർത്ത് 2088 രൂപയിലേക്ക് കയറി.
രക്ഷകനെ കണ്ടത്താനാവാതെ ആഗോള സ്വർണ വിപണി പുതിയ ദിശതേടുകയാണ്. വിവിധ കേന്ദ്ര ബാങ്കുകൾ ഇതിനകം തന്നെ പലിശ നിരക്കിൽ ഭേദഗതികൾ വരുത്തിയപ്പോൾ മറ്റ് ചില ബാങ്കുകൾ പലിശ നിരക്കുകള്‍ നിലനിർത്തി, ഇതിനിടയിൽ കഴിഞ്ഞ ദിവസം പീപിൾസ് ബാങ്ക് ഓഫ് ചൈന പലിശ നിരക്ക് താഴ്ത്തി നിശ്‌ചയിച്ചത് കറന്‍സി കൂടുതൽ കരുത്ത് നേടുമെന്ന സൂചനയിലേയ്‌ക്ക് ആഗോള സാമ്പത്തിക നിരീക്ഷകരുടെ വിലയിരുത്തലുകളെ നയിച്ചു. ഫണ്ടുകൾ സ്വർണത്തിൽ വിൽപ്പനയ്‌ക്ക് താൽപര്യം കാണിക്കാതെ അകന്നുമാറിയത് മൂലം ഇന്ന് ഏഷ്യൻ വിപണികളിൽ ട്രോയ് ഔൺസിന് 1935 ഡോളറിലാണ് സ്വർണത്തിന്‍റെ ഇടപാടുകൾ നടന്നത്. സംസ്ഥാനത്ത് ഇന്ന് സ്വർണ വില പവന് 240 രൂപ കുറഞ്ഞ്, 44,000 രൂപയിൽ നിന്നും 43,760 രൂപയായി. ഒരു ഗ്രാമിന് വില 5500 രൂപയിൽ നിന്നും 5470 ലേയ്‌ക്ക് താഴ്‌ന്നു.