image

12 July 2023 5:28 PM IST

Commodity

ഡിമാന്‍റുയര്‍ന്ന് ഏലം; വിലയിടിഞ്ഞ് ജാതി

MyFin Desk

commodities market rate
X

Summary

  • റബ്ബറിന്‍റെ വിലയിടിവ് തുടരുന്നു
  • ജാതിക്ക വിളവെടുപ്പ് ഗണ്യമായി ഉയര്‍ന്നു
  • മാസാവസാനത്തോടെ ഏലക്ക വിളവെടുപ്പ് നടന്നേക്കും


മുഹറം അടുത്തതോടെ ഏലത്തിന് കൂടുതൽ ആവശ്യക്കാര്‍ എത്തി എന്നാണ് വിപണി വൃത്തങ്ങളിൽ നിന്നുള്ള പുതിയ വിവരമെങ്കിലും ഇത് സ്ഥിരീകരിക്കാൻ ഇടപാടുകാരിൽ ഒരുവിഭാഗം താൽപ്പര്യം കാണിച്ചില്ല. ഇക്കുറി ഉത്സവ ദിനങ്ങളിൽ എലത്തിന് പതിവിലും കൂടുതൽ ഡിമാന്‍റിനുള്ള സാധ്യതകൾ മുന്നിൽക്കണ്ട് വൻതോതിൽ ചരക്ക് വാങ്ങിക്കൂട്ടാൻ ഇടപാടുകാർ ലേല കേന്ദ്രങ്ങളിൽ മത്സരിക്കുന്നുണ്ട്. എന്നാൽ വിലയെ ഒരു നിശ്ചിത ടാർജിറ്റിൽ സംഘടിതമായി പിടിച്ചു നിർത്തിയാണ് വാങ്ങലുകാർ ഏലം സ്വന്തമാക്കുന്നത്.

സൗദി അറേബ്യയ്ക്ക് ആവശ്യമായ ചരക്ക് കൊച്ചിയിൽ നിന്നും ദുബായ് വഴി ഇതിനകം നീക്കിക്കഴിഞ്ഞു. ഒമാനും മസ്ക്കറ്റും മറ്റ് അറബ് രാജ്യങ്ങളും ഇതിനകം തന്നെ വൻതോതിൽ ഏലക്ക ശേഖരിച്ചിട്ടുണ്ട്. അവരുടെ സംഭരണ വരുംമാസങ്ങളിലും തുടരുമെന്നത് ഉൽപ്പന്നത്തിന് താങ്ങാവും. അനുകൂല കാലാവസ്ഥ കണക്കിലെടുത്താൽ മാസാവസാനതോടെ പുതിയ ഏലക്കയുടെ വിളവെടുപ്പിന് തുടക്കം കുറിക്കാനാവുമെന്ന കണക്കുകൂട്ടലിലാണ് ഒരു വിഭാഗം ചെറുകിട കർഷകർ. ഏലക്കയുടെ താഴ്ന്ന വിലയും ഉയർന്ന കാർഷിക ചിലവുകളും കർഷകരെ പുതിയ ചരക്ക് എത്രയും വേഗത്തിൽ വിപണിയിൽ ഇറക്കാൻ പ്രേരിപ്പിച്ചേക്കാം. ഇന്ന് നടന്ന ലേലത്തിൽ കേവലം 21,276 കിലോഗ്രാം ഏലക്കമാത്രമാണ് വിൽപ്പനയ്ക്ക് എത്തിയത്, ഇതിൽ 16,047 കിലോയും വിറ്റഴിഞ്ഞു. ശരാശരി ഇനങ്ങൾക്ക് കിലോ 1181 രൂപ.

കാലാവസ്ഥ അൽപ്പം തെളിഞ്ഞത് കണ്ട് മദ്ധ്യകേരളത്തിലെ തോട്ടങ്ങളിൽ മൂത്ത് വിളഞ്ഞ ജാതിക്കയുടെ വിളവെടുപ്പ് വീണ്ടും ഊർജിതമായി. കറി പൗഡർ നിർമ്മാതാക്കൾക്കൊപ്പം ഔഷധ വ്യവസായികളും ചരക്കിനായി രംഗത്തുണ്ട്. എങ്കിലും പിന്നിട്ട അഞ്ച് വർഷങ്ങളിലെ ഉൽപ്പാദനവുമായി താരതമ്യം ചെയുമ്പോൾ വിളവ് ഗണ്യമായ ഉയർന്നുവെന്നത് കണക്കിലെടുക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ പരമാവധി വില കുറച്ച് ചരക്ക് കൈക്കാലാക്കാൻ വ്യവസായികൾ നീക്കം നടത്തി. അന്തരീക്ഷ താപനില കുറഞ്ഞതിനാൽ, വിൽപ്പനയ്ക്ക് എത്തിക്കുന്ന ചരക്കുകള്‍ക്ക് ഉണക്ക് കുറവായതിനാൽ വില ഉയർത്താൻ തയ്യാറാവുന്നില്ലെന്നാണ് കർഷകരുടെ പക്ഷം. ജാതിക്കായ തൊണ്ടൻ വില കിലോ 200‐250 രൂപയായും പരിപ്പ് വില 400‐460 രൂപയായും താഴ്ന്നു.

റബർമേഖലയെ കൂടുതൽ പരിമുറുക്കത്തിലാക്കി ടയർ ലോബി മുഖ്യ വിപണികളിൽ ഷീറ്റ് വില ഇടിച്ചു. രാജ്യാന്തര മാർക്കറ്റിലെ തളർച്ച മറയാക്കിയാണ് അവർ ആഭ്യന്തര റബർ വില താഴ്ത്തുന്നത്. അതേ സമയം കൊച്ചി, കോട്ടയം, മലബാർ മേഖലകളിൽ റബർ ക്ഷാമം രൂക്ഷമാണെന്നാണ് വ്യാപാരികളുടെ പക്ഷം. ടാപ്പിങ് നിലച്ചതിനാൽ കാർഷിക മേഖലകളിലും കാര്യമായി ചരക്കില്ല. തുടർച്ചയായ മൂന്നാം ദിവസവും നാലാം ഗ്രേഡ് റബർ വില കുറഞ്ഞ് 15,200 രൂപയായി.