15 Jun 2023 5:32 PM IST
Summary
- ലാറ്റെക്സ് വില 115 രൂപയിലേക്ക് ഉയര്‍ന്നു
- അടുത്ത സീസണിന് മുമ്പായി ഏലം സ്റ്റോക്കുകള്‍ വിറ്റഴിക്കുന്നു
- മലബാര്‍ കുരുമുളകിന്‍റെ വിദേശ ആവശ്യകതയില്‍ ഇടിവ്
സംസ്ഥാനത്ത് മഴ കനത്തതോടെ റബർ ഉൽപ്പാദന മേഖല, തോട്ടങ്ങളിൽ റെയിൻ ഗാർഡ് ഒരുക്കുന്നതിലേയ്‌ക്ക് ശ്രദ്ധ തിരിക്കുന്നു. പകൽ താപനിലയിലെ മാറ്റം കണക്കിലെടുത്താൽ റബർ മരങ്ങളിൽ നിന്നുള്ള നേട്ടം വരും ദിനങ്ങളിൽ ഉയരുമെന്ന ഉറച്ച വിശ്വാസത്തിലാണ് കാർഷിക മേഖല. ഷീറ്റ് വില താഴ്‌ന്ന തലത്തിലാണെങ്കിലും ഉൽപ്പാദനം ഉയർന്നാൽ വെട്ട് ലാഭകരമാക്കി മാറ്റാനാവും. അങ്ങനെ വന്നാൽ ഇനിയുള്ള ദിവസങ്ങളിൽ കർഷകർ ടാപ്പിങിന് കൂടുതൽ ഉത്സാഹിക്കും.
പ്രതികൂല കാലാസ്ഥയ്‌ക്കിടയിലും ഉൽപാദനം ഉയർത്തിയാലും ഷീറ്റ് സംസ്‌കരണം ദുഷ്‌കരമായതിനാൽ വലിയൊരു പങ്കും ലാറ്റക്‌സായി വിൽപ്പനയ്‌ക്ക് ഇറക്കാനാണ് സാധ്യത. ചരക്ക് ക്ഷാമം മൂലം മാസാരംഭത്തിൽ കിലോ 111 രൂപയിൽ വിപണനം നടന്ന ലാറ്റക്‌സ് ഇതിനകം 115 ലേയ്‌ക്ക് ഉയർന്നതും കർഷകരെ ഈ ദിശയിലേയ്‌ക്ക് തിരിയാൻ പ്രേരിപ്പിക്കും. രാജ്യാന്തര റബർ വിലയിൽ ഇന്ന് കാര്യമായ ഏറ്റകുറച്ചിൽ ദൃശ്യമായില്ല. ജപ്പാൻ, സിംഗപ്പൂർ, ചൈനീസ് മാർക്കറ്റിലെ നീക്കങ്ങൾ മുൻ നിർത്തി ഇന്ത്യൻ വ്യവസായികൾ റബർ സംഭരണ രംഗത്ത് സജീവമായിരുന്നില്ല.
ഹൈറേഞ്ചിൽ നിന്നും പത്തനംതിട്ട, വയനാട് മേഖലകളിൽ നിന്നും കൊച്ചി ടെർമിനൽ മാർക്കറ്റിലേയ്‌ക്കുള്ള കുരുമുളക് നീക്കം കഴിഞ്ഞ രണ്ടാഴ്‌ച്ചയായി ചുരുങ്ങിയിരിക്കുകയാണ്. ഉൽപാദകർ മെച്ചപ്പെട്ട വില പ്രതീക്ഷിച്ച് ചരക്ക് നിയന്ത്രിച്ചത് വാങ്ങലുകാരെ അസ്വസ്ഥരാക്കിയെങ്കിലും നിരക്ക് ഉയർത്തി കുരുമുളക് ശേഖരിക്കൻ ബയ്യർമാർ തയ്യാറായില്ല. വിദേശ വ്യവസായികൾ ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ട് സ്‌റ്റോക്ക് ചെയ്‌തിട്ടുള്ളതിനാല്‍, വിപണിയുടെ മുന്നേറ്റത്തിന് ഇറക്കുമതി ചരക്ക് ഭീഷണിയായി മാറുമോയെന്ന ആശങ്കയും ഉൽപാദന മേഖലകളിൽ തല ഉയർത്തുന്നുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്നും മലബാർ കുരുമുളകിനുള്ള അന്വേഷണങ്ങൾ നിലച്ചതിനാൽ കയറ്റുമതി മേഖലയും സജീവമല്ല. രാജ്യാന്തര മാർക്കറ്റിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 6300 ഡോളറിലാണ്, കൊച്ചിയിൽ ഗാർബിൾഡ് മുളക് കിലോ 508 രൂപ.
ഹൈറേഞ്ചിലെ ഏലം സ്‌റ്റോക്കിസ്‌റ്റുകൾ അടുത്ത സീസണിന് മുന്നേറിയായി കൈവശമുള്ള ചരക്ക് വിറ്റുമാറാൻ ഉത്സാഹിക്കുന്നുണ്ട്. ഇന്ന് ഉൽപാദന മേഖലയിൽ നടന്ന ലേലത്തിൽ മൊത്തം 55,930 കിലോ ഗ്രാം ഏലക്ക വിൽപ്പനയ്‌ക്ക് വന്നതിൽ 54,951 കിലോയും വിറ്റഴിഞ്ഞു. എങ്കിലും ശരാശരി ഇനങ്ങൾക്ക് കിലോയ്ക്ക് 1153 രൂപയും മികച്ചയിങ്ങൾക്ക് 1892 രൂപയുമാണ് മാത്രമാണ് ലഭിച്ചത്
സംസ്ഥാനത്ത് സ്വർണ വില ഇടിവ് തുടരുന്നു. ജ്വല്ലറികളില്‍ ഇന്ന് പവന് 280 രൂപ കുറഞ്ഞു, രണ്ട് ദിവസത്തിൽ മൊത്തം 560 രൂപയുടെ കുറവാണ് വിലയിൽ കുറവ് സംഭവിച്ചത്. പവൻ 44,320 രൂപയിൽ നിന്നും രണ്ട് മാസത്തെ ഏറ്റവും താഴ്‌ന്ന നിരക്കായ 43,760 -ലേക്ക് എത്തി. മെയ് ആദ്യം രേഖപ്പെടുത്തിയ സർവകാല റിക്കാർഡ് വിലയിൽ നിന്നും പവന് 2000 രൂപ ഇതിനകം ഇടിഞ്ഞിട്ടുണ്ട്. ഒരു ഗ്രാം സ്വർണ വില ഇന്ന് 35 രൂപ താഴ്‌ന്ന് 5470 രൂപയായി.
അന്താരാഷ്‌ട്ര വിപണിയില്‍ സ്വര്‍ണം ട്രോയ് ഔൺസിന് 1936 ഡോളര്‍ കണക്കാക്കിയാണ് ഇടപാടുകൾ നടന്നത്. അമേരിക്കൻ കേന്ദ്ര ബാങ്ക് പലിശ നിരക്ക് തൽക്കാലം മാറ്റമില്ലാതെ തുടരുമെന്ന പ്രഖ്യാപനം സ്വർണത്തിലെ വാങ്ങൽ താൽപര്യം കുറച്ചു. ഇതിനിടയിൽ രാജ്യത്ത് നിന്നുള്ള സ്വർണ കയറ്റുമതിയിൽ കഴിഞ്ഞ മാസത്തില്‍ പത്ത് ശതമാനം ഇടിവുണ്ടായെന്ന റിപ്പോര്‍ട്ടും പുറത്തുവന്നു. മേ യിലെ ആഭരണ കയറ്റുമതി 22,693.41 കോടി രൂപയിൽ ഒതുങ്ങി. കഴിഞ്ഞ വർഷം മേയില്‍ ഇത് 25,412 കോടി രൂപയായിരുന്നു.