31 March 2023 5:47 PM IST
Summary
- വേനല്‍ കഠിനമായതിനാല്‍ അടുത്ത സീസണില്‍ ഏലം വിളവ് കുറഞ്ഞേക്കും
കനത്ത വേനലിന് മുന്നില്‍ പിടിച്ചു നില്‍ക്കാനാവതെ ഹൈറേഞ്ചിലെ ഏലതോട്ടങ്ങളില്‍ ചെടികള്‍ നിലനില്‍പ്പ് ഭീഷണിയെ അഭിമുഖീകരിക്കുന്നു. ചുരുക്കം ചില വന്‍കിട തോട്ടങ്ങള്‍ ജലസേചനത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയത് ഒഴിച്ചാല്‍ ചെറുകിട കര്‍ഷകരുടെ അമ്പത് ശതമാനത്തില്‍ അധികം കൃഷിയിടങ്ങളും വരള്‍ച്ചയുടെ പിടിയിലാണ്. സീസണ്‍ കാലയളവില്‍ ഏലക്ക വില താഴ്ന്ന തലത്തില്‍
നീങ്ങിയതിനാല്‍ ചെറുകിട ഉല്‍പാദകര്‍ക്ക് ടാങ്കര്‍ ലോറിയെ ആശ്രയിക്കാനാവശ്യമായ സാമ്പത്തിക അടിത്തറയില്ലാത്തത് അവസ്ഥ തോട്ടങ്ങളിലെ നനയെ ബാധിച്ചു. കൃഷി വകുപ്പ് കാര്‍ഷിക താല്‍പര്യങ്ങള്‍ മുന്‍ നിര്‍ത്തി ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറായാല്‍ പരിഹരിക്കാവുന്ന വിഷയം മാത്രമാണിത്.
അന്തരീക്ഷ താപനില ഇത്ര മാത്രം ഉയര്‍ന്ന് നില്‍ക്കുന്നത് കണക്കിലെടുത്താല്‍ അടുത്ത സീസണില്‍ വിളവ് ചുരുങ്ങുമെന്ന് മാത്രമല്ല, പുതിയ ഏലം സീസണ്‍ ആരംഭം ജൂണ്‍- ജൂലൈയിലേയ്ക്ക് നീളാനും ഇടയുണ്ട്. കാര്‍ഷിക മേഖലയില്‍ ഏലത്തിന്റ കരുതല്‍ ശേഖരം കുറഞ്ഞങ്കിലും അതിന് അനുസൃതമായി ഉല്‍പ്പന്ന വില ഉയരുന്നില്ല. കുമളിയില്‍ നടന്ന ഏലക്ക ലേലത്തില്‍ 44,859 കിലോഗ്രാം ചരക്ക് വന്നതില്‍ 42,571കിലോയും ലേലം കൊണ്ടു. കയറ്റുമതി സമൂഹത്തിനെപ്പം ആഭ്യന്തര ഇടപാടുകാരും ഏലക്ക ശേഖരിക്കാന്‍ മത്സരിച്ചിട്ടും മികച്ചയിനം ഏലം കിലോ 2142 ലും ശരാശരി ഇനങ്ങള്‍ 1401 രൂപയിലുമാണ്.
ഈസ്റ്റിന് മുന്നേ റബര്‍ ടാപ്പിങ് പുനരാരംഭിക്കാനുള്ള സാധ്യതകള്‍ക്ക് മങ്ങലേറ്റു. വേനല്‍ മഴയുടെ അഭാവം തന്നെയാണ് റബര്‍ ഉല്‍പാദനത്തിന് തടസമായി മാറുന്നത്. കാര്‍ഷിക മേഖലയില്‍ പഴയ റബര്‍ സ്റ്റോക്കില്ലെന്നാണ് ചെറുകിട കര്‍ഷകരില്‍ നിന്നുള്ള വിവരം. വരണ്ട കാലാവസ്ഥ കണക്കിലെടുത്താല്‍ ഷീറ്റ് വിലയില്‍ മുന്നേറ്റ സാധ്യത ഇരട്ടിക്കുന്നു. അതേ സമയം വന്‍കിട തോട്ടങ്ങള്‍ വിലക്കയറ്റത്തിനിടയില്‍ സ്റ്റോക്കുമായി രംഗത്ത് ഇറങ്ങുമെന്ന കണക്ക് കൂട്ടലിലാണ് ടയര്‍ ലോബി. കരുതല്‍ ശേഖരം ചുരുങ്ങുന്നതിനാല്‍ കിട്ടാവുന്നത്ര ഷീറ്റ് സംഭരിക്കാന്‍ ടയര്‍ കമ്പനികള്‍, സപ്ലെയര്‍മാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. നാലാം ഗ്രേഡ് റബര്‍ കിലോ 150 രൂപയില്‍ വിപണനം നടന്നു.
നാളികേരോല്‍പ്പന്നങ്ങളുടെ വിലയില്‍ ഇനിയും കുതിപ്പ് സംഭവിച്ചില്ല. ഈസ്റ്റും വിഷുവും മുന്നിലെത്തിയിട്ടും വെളിച്ചെണ്ണ വിപണി ചൂടുപിടിക്കാന്‍ മില്ലുകാര്‍ നടത്തിയ ശ്രമങ്ങള്‍ ഇനിയും വിജയിച്ചില്ല. ഇതിനിടയില്‍ മാസാരംഭ ഡിമാന്റ് ഇടപാടുകളുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുമെന്ന് പ്രദേശിക വ്യാപാരികളും കണക്ക് കൂട്ടിയെങ്കിലും വില്‍പ്പനതോത് ഉയര്‍ന്നില്ല.
സംസ്ഥാനത്ത് സ്വര്‍ണ വില രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മുന്നേറി. ആഭരണ കേന്ദ്രങ്ങളില്‍ പവന് 240 രൂപ ഉയര്‍ന്ന് 43,760 രൂപയില്‍ നിന്നും 44,000 രൂപയായി. ഒരു ഗ്രാമിന് 30 രൂപ കയറി 5500 രൂപയിലെത്തി. രാജ്യാന്തര മാര്‍ക്കറ്റില്‍ ട്രോയ് ഔണ്‍സിന് 1986 ഡോളര്‍ വരെ ഉയര്‍ന്ന് ഇടപാടുകള്‍ നടന്നു.