image

20 April 2023 5:45 PM IST

Market

മലയിറങ്ങി ഏലം, ചുക്കാന്‍ പിടിക്കുന്ന ചുക്ക്

Kochi Bureau

മലയിറങ്ങി ഏലം, ചുക്കാന്‍ പിടിക്കുന്ന ചുക്ക്
X

Summary

  • ചുക്കിന് വീണ്ടും ആഭ്യന്തര-വിദേശ ഡിമാന്റ്


ഏലത്തിന് ഓഫ് സീസണ്‍ കാലഘട്ടമാണെങ്കിലും ഒറ്റ ദിവസം വീണ്ടും ഒരു ലക്ഷം കിലോ ചരക്ക് വില്‍പ്പനയ്ക്ക് ഇറങ്ങി. രണ്ട് ലേലങ്ങളിലായി മൊത്തം 1,11,000 കിലോ ഏലക്കയാണ് വില്‍പ്പനയ്ക്ക് വന്നത്. മദ്ധ്യവര്‍ത്തികളുടെ സാന്നിധ്യമാണ് ഇത്ര കനത്തതോതില്‍ ചരക്ക് ഇറങ്ങാന്‍ ഇടയാക്കിയതെന്നാണ് കര്‍ഷകരുടെ പക്ഷം. വിളവെടുപ്പ് വേളയില്‍ കുറഞ്ഞ വിലയ്ക്ക് ലേലത്തില്‍ ശേഖരിച്ച ചരക്കാണ് ഓപ്പറേറ്റര്‍മാര്‍ ഇപ്പോള്‍ ഉയര്‍ന്ന ലാഭത്തില്‍ വിറ്റഴിക്കുന്നത്. ഡിസംബറില്‍ കിലോ 700 ലേയ്ക്ക് ഇടിഞ്ഞ ശരാശരി ഇനങ്ങളിപ്പോള്‍ 1200 മുകളിലാണ് നീങ്ങുന്നത്. ചില സന്ദര്‍ഭങ്ങളില്‍ 1500 ലേയ്ക്കും ഇവയുടെ നിരക്ക് ഉയര്‍ന്നും. മികച്ചയിനങ്ങള്‍ കിലോ 1900-2000 രൂപ റേഞ്ചിലാണ് നീങ്ങുന്നത്. അറബ് രാജ്യങ്ങളില്‍ നിന്നും നേരത്തെ ഉറപ്പിച്ച കച്ചവടങ്ങള്‍ പ്രകാരമുള്ള ചരക്ക് സംഭരണത്തിന് കയറ്റുമതി മേഖല ഉത്സാഹിച്ചു. ആഭ്യന്തര വാങ്ങലുകാരും രംഗത്ത് സജീവമാണ്. ഇതിനിടയില്‍ ജലസേചന സൗകര്യമുള്ള ചുരുക്കം ചില തോട്ടങ്ങളില്‍ ചെറിയതോതിലുള്ള വിളവെടുപ്പ് നടക്കുന്ന സാചര്യത്തില്‍ വൈകാതെ ഈ ചരക്കും ലേലത്തിന് ഇറങ്ങും.

ചുക്കാന്‍ പിടിക്കുന്ന ചുക്ക്

ചുക്കിന് വീണ്ടും ആഭ്യന്തര-വിദേശ ഡിമാന്റ്. ഗള്‍ഫില്‍ നിന്നും യുറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും പുതിയ അന്വേഷണങ്ങള്‍ ചുക്കിന് എത്തിയെങ്കിലും വിലക്കയറ്റം ഭയന്ന് കയറ്റുമതി ഓര്‍ഡറുകള്‍ സംബന്ധിച്ച വിവരങ്ങള്‍ അവര്‍ അതീവ രഹസ്യമായി സൂക്ഷിക്കുകയാണ്. കാര്‍ഷിക മേഖല പച്ച ഇഞ്ചിയുടെ ഉയര്‍ന്ന വില മൂലം ചുക്കിന് കൂടിയ വിലയാണ് ആവശ്യപ്പെടുന്നത്. വിദേശ ഓര്‍ഡറുകളുടെ വിവരം പുറത്തുവന്നാല്‍ ആഭ്യന്തര ചുക്ക് വില കുതിച്ച് കയറുമെന്ന ഭീതിയിലാണ് വാങ്ങലുകാര്‍. പെരുന്നാള്‍ ആഘോഷങ്ങള്‍ കഴിഞ്ഞ് അടുത്ത വാരം പുതിയ കച്ചവടങ്ങള്‍ക്കുള്ള നീക്കത്തിലാണ് പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍. മികച്ചയിനം ചുക്ക് ക്വിന്റ്റലിന് 27,500 രൂപയിലാണ് വ്യാപാരം നടക്കുന്നത്. വിദേശ കച്ചവടങ്ങള്‍ ഉറപ്പിച്ചാല്‍ നിരക്ക് 30,000 മറികടക്കുമെന്നാണ് വ്യാപാര രംഗത്തുള്ളവരുടെ വിലയിരുത്തല്‍.

നാളികേരോല്‍പ്പന്നങ്ങളുടെ വിലയില്‍ മാറ്റമില്ല. കൊച്ചി, കാങ്കയം വിപണികളില്‍ വെളിച്ചെണ്ണ സ്റ്റെഡിയായി നിലനിര്‍ത്തി സ്റ്റോക്ക് വിറ്റഴിക്കാനുള്ള ശ്രമത്തിലാണ് തമിഴ്നാട് ലോബി.