19 April 2023 5:00 PM IST
Summary
- 35 ലക്ഷം വരുന്ന നാളികേര കര്‍ഷകര്‍ വില തകര്‍ച്ചയെ അഭിമുഖീകരിക്കുകയാണ്
സംസ്ഥാന സര്‍ക്കാര്‍ നാളികേര കര്‍ഷകരുടെ കാര്യത്തില്‍ അനങ്ങാപാറ നയം തുടരുന്നു. 35 ലക്ഷം വരുന്ന നാളികേര കര്‍ഷകര്‍ വില തകര്‍ച്ചയെ അഭിമുഖീകരിക്കുകയാണ്. സീസണ്‍ കാലയളവില്‍ കര്‍ഷകര്‍ക്ക് താങ്ങ് പകരാന്‍ കേന്ദ്രം കൊപ്രയ്ക്ക് താങ്ങ് വിലയും സംഭരണവും പ്രഖ്യാപിച്ചെങ്കിലും അത് നടപ്പിലാക്കാന്‍ കൃഷി വകുപ്പ് ഇനിയും തയ്യാറായിട്ടില്ല. ഏപ്രിലില്‍ കേരളത്തില്‍ കൊപ്ര, പച്ചതേങ്ങ സംഭരണം ആരംഭിക്കുമെന്ന് രണ്ട് മാസം മുമ്പേ പ്രഖ്യാപിച്ചെങ്കിലും ഇക്കാര്യത്തില്‍ ഒരു ചുവട് പോലും കൃഷി വകുപ്പ് മുന്നോട്ട് പോയിട്ടില്ല. കഴിഞ്ഞ സീസണില്‍ സംഭരിച്ച വകയിലെ പണം ലഭിക്കാത്തിനാല്‍ മുന്‍ നിര ഏജന്‍സി വിട്ടു നില്‍ക്കുകയാണ്. പ്രാഥമിക സഹകരണ സംഘങ്ങളുടെ കാര്യത്തിലും വ്യക്തമായ ഒരു തീരുമാനത്തില്‍ എത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ നടപ്പ് സീസണില്‍ കൊപ്ര സംഭരണം കടലാസില്‍ മാത്രമാകാം.
ഞെട്ടറ്റ് കുരുമുളക്
കുരുമുളക് വില കിലോ 500 രൂപയായി താഴ്ന്നു. ഇറക്കുമതി ഭീഷണിയാണ് ഉത്പന്ന വില തകര്‍ച്ചയ്ക്ക് മുഖ്യകാരണം. കാര്‍ഷിക മേഖല വില ഇടിവ് കണ്ട് ചരക്കില്‍ പിടിമുറുക്കിയതിനാല്‍ വില്‍പ്പന സമ്മര്‍ദ്ദമില്ലെങ്കിലും ഇറക്കുമതി മുളക് രാജ്യത്തെ വിവിധ വിപണികളില്‍ കുമിഞ്ഞു കൂടുന്നത് കര്‍ഷക താല്‍പര്യങ്ങളെ ബാധിച്ചു. ഇതിനിടയില്‍ കര്‍ണാടകത്തിലെ വന്‍കിട തോട്ടങ്ങള്‍ വില്‍പ്പനയിലേയ്ക്ക് തിരിയുന്നുണ്ട്.
ക്ഷാമത്തില്‍ റബര്‍
റബര്‍ ക്ഷാമം രൂക്ഷമായതോടെ ടയര്‍ നിര്‍മ്മാതാകള്‍ ഷീറ്റ് വില വീണ്ടും ഉയര്‍ത്തി. വേനല്‍ കടുത്തതോടെ ടാപ്പിങ് സാധ്യതകള്‍ക്ക് മങ്ങലേറ്റതാണ് വ്യവസായികളെ സമ്മര്‍ദ്ദത്തിലാക്കിയത്. വന്‍കിട വ്യവസായികളുടെ ഗോഡൗണില്‍ ഷീറ്റ് സ്റ്റോക്ക് കുറഞ്ഞത് ടയര്‍ ഉല്‍പാദനത്തെ ബാധിക്കാതിരിക്കാന്‍ അവര്‍ നിരക്ക് വീണ്ടും ഉയര്‍ത്താന്‍ ഇടയുണ്ട്. നാലാം ഗ്രേഡ് കിലോ 152 രൂപയിലും അഞ്ചാം ഗ്രേഡ് 150 ലും ഇന്ന് വിപണനം നടന്നു.
കരുത്താര്‍ജ്ജിച്ച് ഏലം
ലേലത്തിനുള്ള ഏലക്ക വരവ് വീണ്ടും ശക്തിയാര്‍ജിക്കുന്നു. ഇന്ന് വണ്ടന്‍മേട്ടില്‍ നടന്ന ലേലത്തില്‍ 79,196 കിലോ ഏലക്ക വന്നതില്‍ 66,457 കിലോ മാത്രമേ വിറ്റഴിഞ്ഞുള്ളു. അതേ സമയം ഇടപാടുകള്‍ നടന്ന ചരക്കിന് ഉയര്‍ന്ന വില ഉറപ്പ് വരുത്താനായി. മികച്ചയിനങ്ങള്‍ കിലാ 2330 രൂപയിലും ശരാശരി ഇനങ്ങള്‍ 1326 രൂപയിലും ലേലം നടന്നു.